ADVERTISEMENT
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി. വീഴ്ചയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
എക്സിക്യൂട്ടീവ് ഓഫീസര്‍, ദേവസ്വം കമ്മീഷണര്‍, തിരുവാഭരണം കമ്മീഷണറും വിശദീകരണം നല്‍കണം എന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കേസിൽ തിരുവാഭരണം കമ്മീഷണറെ ആറാം കക്ഷിയാക്കി. നടപടി എടുക്കാതിരിക്കാനുള്ള കാരണം കോടതിയെ ബോധിപ്പിക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
ശബരിമല സ്വർണ്ണപാളി വിവാദത്തിൽ തിരുവിതാങ്കൂർ ദേവസ്വം ബോർഡിന് കനത്ത തിരിച്ചടിയാണ് ഇന്ന് ഹൈക്കോടതിയില്‍ ഉണ്ടായത്. അറ്റകുറ്റപ്പണിക്കെന്ന പേരിൽ ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണംപൂശിയ പാളികൾ തിരികെ എത്തിക്കാൻ ഹൈക്കോടതി നിർദേശിച്ചു.
കോടതി അനുമതി ഇല്ലാതെ സ്വർണ്ണപാളികൾ കൊണ്ടുപോയത് ഗുരുതര വീഴ്ചയെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഇടക്കാല ഉത്തരവ്. മുദ്രമാല, ജപമാല എന്നിവ ഈ രീതിയിൽ അനുമതി ഇല്ലാത്ത അറ്റകുറ്റപ്പണി നടത്തിയതിൽ കോടതി നേരത്തെ വിമർശനം ഉന്നയിച്ചതാണ്. എന്നിട്ടും സ്വർണ പാളിയിൽ എന്തുകൊണ്ട് വീഴ്ച്ച ആവർത്തിച്ചു എന്നായിരുന്നു കോടതിയുടെ ചോദ്യം.
2019 ലാണ് ദ്വാരപാലക ശില്പത്തിന് സ്വർണം പൂശിയത്. 40 വർഷത്തെ വാറണ്ടിയുണ്ട്. ഇത്ര ചുരുങ്ങിയ സമയത്തിൽ കേടുപാടുകൾ വന്നതിൽ കോടതി സംശയം ഉന്നയിച്ചു. മുൻകൂട്ടി അറിയിക്കുക എന്നത് നടപടി ക്രമമല്ല. ക്ഷേത്ര സ്വത്ത് സംരക്ഷിക്കാൻ ഉള്ള സുരക്ഷ മാർഗം ആണതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പത്തിന്റെ സ്വർണ്ണം പൂശിയ പാളികളാണ് അറ്റകുറ്റപ്പണിക്കെന്ന പേരിൽ ദേവസ്വം ബോർഡ് ചെന്നൈയിലെ കമ്പനിയിലേക്ക് കൊണ്ടുപോയത്. ഓണം പൂജകൾ കഴിഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ കോടതി അനുമതി വാങ്ങാതെയുള്ള നടപടിക്കെതിരെ സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോർട്ട് നൽകി.
റിപ്പോർട്ട് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ഇളക്കികൊണ്ടുപോയ സ്വർണ്ണപാളികൾ തിരികെ സന്നിധാനത്ത് എത്തിക്കാനും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലുള്ളതും ഗൗരവമേറിയ നിരീക്ഷണങ്ങളാണ്.
മുൻപ് ഇത്തരത്തിൽ അറ്റകുറ്റപ്പണി നടത്തിയപ്പോൾ മുൻകൂർ അനുമതി വാങ്ങാത്തതിൽ കോടതി വിമർശനം ഉന്നയിതച്ചതാണ്. എന്നിട്ടും കോടതി പ്രതിനിധിയായ സ്പെഷ്യൽ കമ്മീഷണർ അറിയാതെയുള്ള നീക്കം തെറ്റെന്നും ഉത്തരവിൽ പറയുന്നു.
Tags :