കാറും ലോറിയുമൊക്കെ കളിപ്പാട്ടമായി കിട്ടുന്ന കുട്ടിക്കാലത്ത് യോഹയുടെ അമ്മ ടീമ അവന് സമ്മാനിച്ചത് ഹാന്‍ഡ് ബോളുകളായിരുന്നു. നന്നേ കുട്ടിയായിരിക്കുമ്പോള്‍ അവന് ആ പന്തുകള്‍ എറിഞ്ഞാണ് കളിച്ചു നടന്നത്.
മകന് പന്തുകള്‍ എറിയുന്നത് കാണുമ്പോള്‍ മുന്‍ സംസ്ഥാന ഹാന്‍ഡ് ബോള്‍ താരമായ അമ്മ ടീമ മകനെ നിറഞ്ഞ കൈയടിയോടെ പ്രോത്സാഹിപ്പിക്കുമായിരുന്നു. അമ്മയെ റോള്‍ മോഡലാക്കിയ ആ മകന് ഇന്ന് ഇന്ത്യയുടെ ജേഴ്സിയണിഞ്ഞ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
കളിക്കളമില്ലെങ്കിലും...
എറണാകുളം കുമ്പളങ്ങി തോലാട്ട് വീട്ടില്‍ ജിബിന്‍-ടീമ ദമ്പതികളുടെ മകനാണ് യോഹ. യോഹയുടെ സ്വന്തം നാട്ടില്‍ ഒരു കളിസ്ഥലം പോലുമില്ല. പക്ഷേ കഠിനപ്രയത്നത്തില്‍ ഈ പത്താം ക്ലാസുകാരന് ഇക്കഴിഞ്ഞ പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോളില്‍ അഞ്ചു ഗോളിന്റെ പിന്‍ബലത്തില്‍ തിളക്കത്തിന്റെ കഥ പറയുകയാണ്.
2025 ജൂലൈ 7 മുതല്‍ 12 വരെ ഫ്രാന്‍സിലാണ് പാരീസ് വേള്‍ഡ് ഗെയിംസ് ഹാന്‍ഡ് ബോള്‍ മല്‍സരം നടന്നത്. 15 രാജ്യങ്ങളില്‍ നിന്നായി 65 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. 9 വയസിനും 19 വയസിനുമിടയിലുള്ളവര്‍ക്കുള്ള വിഭാഗത്തില്‍ അഞ്ചു മത്സരങ്ങളില്‍ യോഹ കളത്തിലിറങ്ങി.
ഇതില്‍ കെനിയയുമായുള്ള മത്സരത്തില്‍ അഞ്ചു ഗോളുകളും ഡെന്മാര്ക്കുമായുള്ള മത്സരത്തില്‍ രണ്ട് ഗോളുകളും നേടിയതിനൊപ്പം കളിയില്‍ ഏവരുടെയും ശ്രദ്ധാകേന്ദ്രവുമായി. മത്സരത്തില്‍ ഡെന്മാര്ക്ക് ചാമ്പ്യന്മാരായി.