ADVERTISEMENT
04-09-2025
മിലാന്: പ്രശസ്ത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
അതീവ ദു:ഖത്തോടെ വിയോഗവാര്‍ത്ത അറിയിക്കുന്നുവെന്നും വീട്ടില്‍വച്ചായിരുന്നു അന്ത്യമെന്നും അര്‍മാനി ഗ്രൂപ്പ് വ്യക്തമാക്കി.
കിംഗ് ജോര്‍ജിയോ എന്നറിയപ്പെടുന്ന അര്‍മാനി, അദ്ദേഹത്തിന്റെ ആധുനിക ഇറ്റാലിയന്‍ ശൈലിക്കും ചാരുതയ്ക്കും പേരുകേട്ട വ്യക്തിയായിരുന്നു.
ഡിസൈനറുടെ കഴിവിനൊപ്പം ഒരു ബിസിനസുകാരന്റെ സൂക്ഷ്മബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിവര്‍ഷം ഏകദേശം 2.3 ബില്യണ്‍ യൂറോ വിറ്റുവരവുള്ള കമ്പനിയായി അര്‍മാനി ഗ്രൂപ്പിനെ അദ്ദേഹം വളര്‍ത്തിയെടുത്തു.
അര്‍മാനി എക്സ്ചേഞ്ച് ഗ്രൂപ്പ് സ്ഥാപകന്‍ കൂടിയാണ് ജോര്‍ജിയോ. ഹൗട്ട്ക്കോച്ചര്‍, റെഡി മെയ്ഡ് വസ്ത്രങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഷൂ, വാച്ചുകള്‍, ആഭരണങ്ങള്‍, ഫാഷന്‍ സാധനങ്ങള്‍, കണ്ണടകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഹോം ഇന്റീരിയറുകള്‍ തുടങ്ങിയ വിവിധ മേഖലകളിൽ ജോര്‍ജിയോ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
04-09-2025
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മുറിവുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഓമല്ലൂർ, പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കോളജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് തെരുവ് നായ ആക്രമിച്ചത്.
04-09-2025
ലക്നോ: ഗോരഖ്പൂരിലെ തിരക്കേറിയ മാർക്കറ്റിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ഖജ്നി സ്വദേശി മംമ്ത ചൗഹാനാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിശ്വകർമ ചൗഹാനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലെക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഒന്നര വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഈ ബന്ധത്തിൽ 13വയസ്സുള്ള മകളുണ്ട്. യുവതി മകളോടോപ്പം ഷാപൂർ പ്രദേശത്തെ ഗീത് വാടിക്ക് സമീപത്തുള്ള വാടകമുറിയിലാണ് താമസിച്ചിരുന്നത്. ബാങ്ക് റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർ.
ഫോട്ടോ എടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ മംമ്തയെ വിശ്വകർമ പിന്തുടരുകയായിരുന്നു. സ്റ്റുഡിയോയിൽ നിന്നും പുറത്തിറങ്ങിയെ ഉടനെ ഇരുവരും തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശാരീരിക ഉപദ്രവത്തിലെക്ക് വഴിമാറി. വിശ്വകർമ കൈവശം ഒളിപ്പിച്ചിരുന്ന തോക്ക് എടുത്ത് യുവതിക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
04-09-2025
പാലക്കാട്: അട്ടപ്പാടി ആനക്കല്ല് ഊരിൽ യുവാവിനെ വെട്ടിക്കൊന്നു. മണികണ്ഠൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഊരിൽ തന്നെയുള്ള ഈശ്വരാണ് കൊലപാതകം നടത്തിയത്. വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.
രണ്ടുപേരും തമ്മിലുള്ള തർക്കത്തിനിടെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. കൃത്യം നടത്തിയ ശേഷം ഈശ്വർ കടന്നുകളഞ്ഞു. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
04-09-2025
ലക്നോ: സ്ത്രീധന പീഡനത്തെ തുടർന്ന് രണ്ട് നില വീടിന്റെ ടെറസിൽനിന്നും ചാടിയ യുവതിക്ക് പരിക്ക്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ടെറസിൽ കയറിയ യുവതിയെ തടയുന്നതിന് പകരം താഴേക്ക് ചാടൂ എന്ന് പറഞ്ഞ് ഭർത്താവ് പ്രകോപിപ്പിച്ചു. തൊട്ടുപിന്നാലെ യുവതി താഴേക്ക് ചാടി.
ആറ് വർഷം മുൻപാണ് സോനു എന്നയാളെ അർച്ചന വിവാഹം ചെയ്തത്. ദമ്പതികൾക്ക് നാലും രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്. തങ്ങളുടെ മകൾക്ക് നേരെ സ്ത്രീധന പീഡനമുണ്ടായിരുന്നതായി വെളിപ്പെടുത്തി അർച്ചനയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
10ലക്ഷം രൂപ ചെലവഴിച്ചാണ് മകളുടെ വിവാഹം നടത്തിയത്. സ്ത്രീധനമായി അഞ്ച് ലക്ഷംരൂപയും റോയൽ എൻഫീൽഡ് ബൈക്കും വേണമെന്ന് ആവശ്യപ്പെട്ട് സോനുവിന്റെ കുടുംബം മകളെ പീഡിപ്പിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
ഗോണ്ട മേഖലയിലെ ഡകൗലി ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
04-09-2025
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ തകർന്ന പാക്കിസ്ഥാനിലെ നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമാണം നടക്കുന്നതായി റിപ്പോർട്ട്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറും സഞ്ചരിച്ച രണ്ട് വിഐപി വിമാനങ്ങൾ ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിക്കായി അടുത്തിടെ ടിയാൻജിനിൽ എത്തിയിരുന്നു. ഇതിൽ മുനീർ യാത്ര തിരിച്ചത് നൂർ ഖാൻ വ്യോമത്താവളത്തിൽ നിന്നാണ്. ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പ്രദേശം ഈ വിമാനത്താവളത്തിന് തൊട്ടടുത്താണ്.
വ്യോമാക്രമണത്തിന് മുൻപുള്ള ഉപഗ്രഹ ചിത്രങ്ങളിൽ ഈ സ്ഥലത്ത് പ്രത്യേക സൈനിക ട്രക്കുകൾ ഉണ്ടായിരുന്നുവെന്ന് ഇന്റൽ ലാബിലെ ജിയോ-ഇന്റലിജൻസ് ഗവേഷകനായ ഡാമിയൻ സൈമൺ പറഞ്ഞു.
ഇവ ആക്രമണത്തിൽ നശിച്ചു. ഈ ട്രക്കുകൾ എയർ, ഗ്രൗണ്ട് സംവിധാനങ്ങളെ ആശയവിനിമയ ശൃംഖലകളുമായി ബന്ധിപ്പിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ (സി2) കേന്ദ്രങ്ങളായി പ്രവർത്തിച്ചിരിക്കാമെന്ന് വിശകലന വിദഗ്ദ്ധർ വിശ്വസിക്കുന്നു.
യുഎസ് ആസ്ഥാനമായുള്ള മാക്സർ ടെക്നോളജീസിൽ നിന്ന് ലഭിച്ച പുതിയ ചിത്രങ്ങൾ പ്രകാരം, ആക്രമണം നടന്ന് നാല് മാസത്തിന് ശേഷവും നൂർ ഖാൻ വ്യോമത്താവളത്തിൽ പുനർനിർമാണം നടക്കുന്നുണ്ട്.
ബുധനാഴ്ച എടുത്ത ചിത്രങ്ങളിൽ പുതിയ മതിൽ ഭാഗങ്ങളും മണ്ണുമാറ്റൽ ജോലികളും നടക്കുന്നത് വ്യക്തമാണ്. പാക്കിസ്ഥാൻ വ്യോമസേനയുടെ നമ്പർ 12 വിഐപി സ്ക്വാഡ്രൺ (ബുറാക്സ്) ഈ താവളത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്.
പ്രസിഡന്റ്, പ്രധാനമന്ത്രി, സൈനിക മേധാവികൾ, മന്ത്രിമാർ എന്നിവരുൾപ്പെടെ രാജ്യത്തെ ഉന്നത നേതാക്കളെ കൊണ്ടുപോകുന്നതിനുള്ള ചുമതല ഈ യൂണിറ്റിനാണ്.
04-09-2025
പാലക്കാട്: പുതുനഗരം മാങ്ങോട് വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ സഹോദരങ്ങൾക്ക് പരിക്ക്. പുതുനഗരം മാങ്ങോട് സ്വദേശി ഷെരീഫ് (40), സഹോദരി ഷഹാന (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷരീഫിന്റെ പരിക്ക് ഗുരുതരമാണ്.
പാലക്കാട് പുതുനഗരം മാങ്ങോട് ഉച്ചയ്ക്കായിരുന്നു സംഭവം. പൊട്ടിത്തെറിക്കു പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും പാലക്കാട് ജില്ലാആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷരീഫിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടിൽ പോലീസ് പരിശോധന നടത്തുകയാണ്. അതേസമയം, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
04-09-2025
പന്തളം: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് മനസാക്ഷി അനുസരിച്ച് തീരുമാനമെടുക്കാമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള അയ്യപ്പ സംഗമത്തിനു ബദലായി ശബരിമല കർമസമിതി നടത്താനുദ്ദേശിക്കുന്ന വിശ്വാസ സംഗമത്തെക്കുറിച്ച് ചർച്ചചെയ്യാൻ പന്തളം കൊട്ടാരത്തിലെത്തിയതായിരുന്നു കുമ്മനം രാജശേഖരൻ.
അയ്യപ്പസംഗമം നടത്താൻ സർക്കാരിന് ധാർമികമായ അവകാശമുണ്ടോ എന്നുള്ളതാണ്. പരിപാടിയുടെ ഉദ്ദേശ്യശുദ്ധിയെ ആണ് ചോദ്യം ചെയ്യുന്നത്. വാസ്തവത്തിൽ അയ്യപ്പസംഗമം നടത്താൻ ഒരു മതേതര സർക്കാരിന് എന്ത് അധികാരവും അവകാശവുമാണുള്ളതെന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.
സെപ്റ്റംബർ 22നാണ് കേന്ദ്ര മന്ത്രിമാരെ അടക്കം പങ്കെടുപ്പിച്ച് വിശ്വാസസംഗമം നടത്താൻ ആലോചിക്കുന്നത്. എൻഎസ്എസ് അടക്കമുള്ള സംഘടനകളെയും വിശ്വാസി സംഗമത്തിലേക്ക് ക്ഷണിക്കും.
04-09-2025
കോഴിക്കോട്: കേരളം കണ്ട മികച്ച ഫോറൻസിക് വിദഗ്ധരിലൊരാളായ ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിലെ ഫോറൻസിക് സര്‍ജനും കൂടിയാണ് ഡോ. ഷേർളി വാസു. ചേകന്നൂർ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോർട്ടം നടത്തിയത് ഡോ. ഷേർളി ആയിരുന്നു.
മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി ജോലി ചെയ്തു വരികയായിരുന്നു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.
04-09-2025
തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണമായും കൊടുത്തു തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. 2024-25 സംഭരണ വർഷത്തിൽ 2,07,143 കർഷരിൽ നിന്നായി ആകെ സംഭരിച്ച നെല്ലിന്റെ വിലയായ 1,645 കോടി രൂപയിൽ 1,399 കോടി രൂപയും നൽകിയിട്ടുണ്ട്.
10,568 കർഷകർക്കായി 246 കോടി രൂപയാണ് നൽകാൻ ശേഷിക്കുന്നത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് ഇനത്തിൽ വകയിരുത്തിയ തുകയിൽനിന്ന് ഏറ്റവും ഒടുവിലായി 113 കോടി രൂപ കൂടി അനുവദിച്ചെങ്കിലും കേന്ദ്ര സർക്കാർ എംഎസ്പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് അവശേഷിക്കുന്ന കർഷകർക്ക് സംഭരണ വില കൊടുക്കുന്നതിന് കാലതാമസം നേരിട്ടത്.
സപ്ലൈകോ മാനേജിംഗ് ഡയറക്ടർ നാല് ദിവസമായി ഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നേരിൽ കണ്ട് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലെ എംഎസ്പി ഇനത്തിലുള്ള ക്ലയിം അംഗീകരിച്ചിട്ടുണ്ട്. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ കർഷകർക്ക് തുക ലഭ്യമാക്കുവാൻ കഴിയും.
04-09-2025
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡ് കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില. ഗ്രാമിന് പത്ത് രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,795 രൂപയിലും പവന് 78,360 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് അഞ്ചുരൂപ കുറഞ്ഞ് 8,045 രൂപയിലെത്തി.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി റിക്കാർഡ് തിരുത്തിക്കുറിച്ച് മുന്നേറിയിരുന്ന സ്വർണവില ഇന്ന് 79,000 എന്ന മാന്ത്രികസംഖ്യ ഭേദിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി വില കുറഞ്ഞത്.
ബുധനാഴ്ചയാണ് ചരിത്രത്തിലാദ്യമായി സ്വർണവില 78,000 രൂപ പിന്നിട്ടത്. അതിനു മുമ്പ് തിങ്കളാഴ്ച 77,000 കടന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഗ്രാമിന് 355 രൂപയും പവന് 2,840 രൂപയുമാണ് കൂടിയത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവി വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഇന്ന് ഒരുഘട്ടത്തിൽ ഔൺസിന് 3,578 എന്ന എക്കാലത്തെയും ഉയരം തൊട്ടെങ്കിലും പിന്നീടുണ്ടായ കനത്ത ലാഭമെടുപ്പിനെ തുടർന്ന് 3,533 ഡോളറിലേക്ക് താഴ്ന്നിറങ്ങി. ഇതോടെ കേരളത്തിലും വില കുറയുകയായിരുന്നു.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 133 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
04-09-2025
ആറന്മുള: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തോണിയാത്ര ഇന്ന്. ആറന്മുള ഉത്തൃട്ടാതി ജലോത്സവത്തിന്റെ ഐതിഹ്യം പേറുന്ന തോണിയാത്രയ്ക്കുള്ള ഒരുക്കങ്ങളായി. മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് തോണി ഇന്നു വൈകുന്നേരം പുറപ്പെടും.
മങ്ങാട്ട് ഇല്ലത്തെ അനൂപ് നാരായണന് ഭട്ടതിരിയാണ് ഇത്തവണ തോണി യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയ്ക്കായി ഭട്ടതിരി ജലമാര്‍ഗം ആറന്മുളയ്ക്കു യാത്രതിരിച്ചു. പരന്പരാഗത വഴിയിലൂടെ ഇന്നലെ ആറന്മുളയിലെത്തി.
ഇന്നു രാവിലെ ആറന്മുളയില് നിന്നു പുറപ്പെട്ട് അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെ ദര്‍ശനത്തിനും ഉച്ചപൂജയ്ക്കുംശേഷം ഭട്ടതിരി കാട്ടൂരിലേക്ക് പുറപ്പെടും. കാട്ടൂര്‍ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം മേല്‍ശാന്തി കൊളുത്തി നല്കുന്ന ദീപം മങ്ങാട്ട് ഭട്ടതിരി ഏറ്റുവാങ്ങി തോണിയില്‍ പ്രതിഷ്ഠിക്കും. കാട്ടൂര്‍ കരയിലെ നായര്‍ തറവാടുകളില്‍ നിന്നെത്തിക്കുന്ന വിഭവങ്ങള്‍ തോണിയില്‍ കയറ്റും.
ഉരലില്‍ കുത്തിയെടുത്ത നെല്ലില്‍ നിന്നുള്ള അരിയാണ് തോണിയില്‍ കയറ്റുന്നത്. മറ്റു വിഭവങ്ങളും പ്രദേശവാസികള്‍ കൃഷി ചെയ്തു തയാറാക്കിയവയാണ്. പള്ളിയോടങ്ങളുടെ അകമ്പടിയോടെ യാത്ര തിരിക്കുന്ന തിരുവോണത്തോണി അയിരൂര്‍ മഠത്തിലും മേലുകര വെച്ചൂര്‍ മനയിലും അടുപ്പിച്ച് ഉപചാരം സ്വീകരിക്കും.
പമ്പയെ പ്രകാശപൂരിതമാക്കിയുള്ള യാത്രയെ ഇരുകരകളിലും മണ്‍ചിരാതുകള്‍ തെളിച്ച് സ്വീകരിക്കും. പുലര്‍ച്ച ക്ഷേത്രക്കടവിലെത്തുന്ന തോണിയില്‍ നിന്ന് ഭദ്രദീപം ക്ഷേത്ര ശ്രീകോവിലില്‍ കൊളുത്തും. ഇന്നു രാത്രി പന്പയിലൂടെ യാത്ര ചെയ്ത് നാളെ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവിലെത്തുന്പോള് ഭട്ടതിരിയെയും സംഘത്തെയും ആചാരപരമായ ചടങ്ങുകളോടെ സ്വീകരിക്കും.
തോണിയിലെത്തിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തില്‍ തിരുവോണ ദിവസം സദ്യ ഒരുക്കുന്നത്. സദ്യയ്ക്കുശേഷം പണക്കിഴിയും സമര്‍പ്പിച്ച് ഭട്ടതിരി മടങ്ങും. പന്പയെ പ്രകാശ പൂരിതമാക്കിയുള്ള യാത്രയുടെ സ്മരണയിലാണ് ഉത്തൃട്ടാതി നാളില്‍ പന്പാനദിയില്‍ പള്ളിയോടങ്ങള്‍ ജലഘോഷയാത്രയ്ക്കെത്തുന്നത്.
04-09-2025
കല്പറ്റ: ഓണത്തിരക്ക് പ്രമാണിച്ച് താമരശേരി ചുരത്തിൽ നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. ചുരത്തിൽ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്റിൽ കൂട്ടംകൂടി നിൽക്കരുതെന്നും സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നൽകി.
വ്യൂപോയിന്റില്‍ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നു ജില്ലാ കലക്ടർ നിര്‍ദേശം നൽകിയിരുന്നു.
കഴിഞ്ഞ ദിവസം ചുരത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെ, തുടർച്ചയായി വാഹനങ്ങൾ തകരാറിലാകുകയും കുടുങ്ങിക്കിടക്കുകയും ചെയ്തതോടെ ഗതാഗത നിയന്ത്രണം കർശനമാക്കുകയും ചെയ്തു.
04-09-2025
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പസംഗമം കാപട്യമാണെന്നും അത് ജനങ്ങൾ തിരിച്ചറിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സിപിഎം ആചാരലംഘനത്തിന് നവോത്ഥാന മതിൽ ഉണ്ടാക്കിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂര്‍ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് കസ്റ്റഡിയിൽ നിന്നുണ്ടായത് ക്രൂരമര്‍ദനമാണെന്നും സതീശൻ പറഞ്ഞു. മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സേനയിൽ നിന്നും പുറത്താക്കണം. കേസിൽ പോലീസുകാരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നു. കേരളത്തിലേത് നാണംകെട്ട പോലീസ് സേനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഇതുവരെ സ്വീകരിച്ച നടപടികൾ എല്ലാം ശരിയാണ്. കൂട്ടായ തീരുമാനമാണ് എടുത്തത്. ഇതിന്റെ പേരിൽ തനിക്കെതിരെ സൈബർ ഇടതിൽ ആക്രമണം നടക്കുന്നു. എന്നാൽ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
04-09-2025
കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം രോഗബാധ. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ പത്തുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
ബുധനാഴ്ച നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്.
04-09-2025
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ വാഹനാപകടത്തിൽ ജീപ്പും കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. ചേർത്തയിലേക്ക് പോയ ബസും എതിർദിശയിൽ നിന്ന് വന്ന് ജീപ്പും ആണ് കൂട്ടിയിടിച്ചത്.
ജീപ്പ് യാത്രികരായ തേവലക്കര സ്വദേശികളായ പ്രിൻസ് തോമസും മക്കളായ അതുൽ, അൽക്ക എന്നിവരുമാണ് മരിച്ചത്. അഞ്ചു പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ സൂസൻ വർഗീസും മറ്റൊരു മകൾ ഐശ്വര്യയും പരിക്കുകളോടെ ചികിത്സയിലാണ്.
അപകടത്തിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൽ ഉണ്ടായിരുന്ന 19 പേർക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ജീപ്പ് പൂർണമായും തകർന്നു.
04-09-2025
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തില്‍ ക്രൈംബ്രാഞ്ചിന്റെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്.
സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്ന്ന് ശല്യം ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.
രാഹുലിനെതിരെ ബിഎന്‍എസ് 78(2), 351 പോലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ച് പേരുടെ പരാതികളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്.
04-09-2025
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മണിക്കൂറിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
04-09-2025
ബീജിംഗ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഉപയോഗിച്ച എല്ലാ വസ്തുക്കളും തുടച്ച് വൃത്തിയാക്കി പരിചാരകർ. കിം ഇരുന്ന കസേരയുടെ പിൻഭാഗവും കൈകളും ട്രേയിൽ വച്ചിരുന്ന ഗ്ലാസും ടേബിളും അതിനോട് ചേർന്ന വസ്തുക്കളും സൂക്ഷമായി ഉദ്യോഗസ്ഥർ തുടച്ചിരുന്നു.
ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഡിഎൻഎ വിവരങ്ങൾ ഇല്ലാതാക്കുന്നതിനാണ് വിരലടയാളങ്ങൾ നീക്കം ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ച നല്ല രീതിയിലാണ് അവസാനിച്ചതെന്നും കിമ്മും പുടിനും വളരെ സംതൃപ്തരാണെന്നുമുള്ള സൂചനകൾ പുറത്തുവന്നു.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് ചൈന നടത്തിയ ഏറ്റവും വലിയ സൈനിക പരേഡിൽ പങ്കെടുക്കാനാണ് കിമ്മും പുടിനും ചൈനയിൽ എത്തിയത്.ഡിഎൻഎ കണ്ടെടുക്കുന്നത് തടയാൻ പുടിനും ചില അസാധാരണമായ കാര്യങ്ങൾ ചെയ്യാറുണ്ട്.
04-09-2025
വാഷിംഗ്ടൺ: റഷ്യ - യുക്രെയ്ൻ യുദ്ധം തുടരുന്നതിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരാശനാണെന്ന് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സംഘർഷാവസ്ഥയ്ക്ക് കുറവില്ല.
അതേസമയം വ്യാഴാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുമായി ട്രംപ് ഫോണിൽ സംസാരിക്കുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റഷ്യയുമായി സമാധാന കരാർ ഉണ്ടായിക്കഴിഞ്ഞാൽ യുക്രെയ്നിന് സുരക്ഷാ പിന്തുണ നൽകുന്നതിനുള്ള ഏറ്റവും പുതിയ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 30 രാജ്യങ്ങളുടെ തലവൻമാർ ചർച്ച നടത്തിയിരുന്നു.
ഫ്രാൻസ് ആതിഥേയത്വം വഹിച്ച വെർച്വൽ മീറ്റിംഗിൽ റഷ്യയുടെ നടപടിയെ യൂറോപ്യൻ നേതാക്കൾ അപലപിച്ചിരുന്നു.
04-09-2025
ലിസ്ബൻ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലർ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു.
തിരക്കേറിയ പ്രാസ ഡോസ് റസ്റ്റോറന്റുകൾക്ക് സമീപമുണ്ടായ അപകടത്തിൽ വിദേശ പൗരന്മാരും മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എലവാഡോർ ഡ ഗ്ലോറിയ എന്നറിയപ്പെടുന്ന ട്രാം ആണ് അപകടത്തിൽപ്പെട്ടത്.
ട്രാം പാളം തെറ്റാനുള്ള കാരണം വ്യക്തമല്ലെന്ന് അധികൃതർ പറഞ്ഞു. ട്രാം ഓടുന്ന ട്രാക്കിൽ തകർന്ന് കിടക്കുന്നതായാണ് രക്ഷാപ്രവർത്തകർ കണ്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
04-09-2025
ഇടുക്കി: പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് ഭിക്ഷയാജിച്ച് സമരം ചെയ്ത വയോധികമാരിൽ അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്നക്കുട്ടി (അന്ന ഔസേപ്പ്, 88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വിധവ പെൻഷൻ കുടിശിക തന്നുതീർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ എട്ടിനാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്.
പ്രതിഷേധം ശക്തമായതോടെ പിന്തുണയുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ എത്തി. രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇരുവർക്കും പെൻഷൻ ലഭ്യമാക്കാൻ നടപടി ഉണ്ടായി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്നക്കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി സഹായം വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഇരുവരെയും സന്ദർശിച്ചിരുന്നു.
അന്നക്കുട്ടിയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ.
03-09-2025
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ മുന്നണിക്ക് തിരിച്ചടി. അണ്ണാ മക്കൾ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ എൻഡിഎ മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു. ഒ. പനീർശെൽവം (ഒപിഎസ്) വിഭാഗം എൻഡിഎ വിട്ടതിന് പിന്നാലെയാണ് ദിനകരന്റെ നിർണായക തീരുമാനം.
തമിഴ്നാട്ടിൽ സ്വാധീനമുള്ള തേവർ സമുദായത്തിൽ നിർണായക സ്വാധീനമുള്ള നേതാവാണ് ദിനകരൻ. ഈ സാഹചര്യത്തിൽ ദിനകരന്റെ മുന്നണി വിടൽ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിന്നിരുന്നു. തമിഴ്നാട്ടിൽ ബിജെപി നടത്തുന്ന നീക്കങ്ങളിൽ ദിനകരന് അതൃപ്തിയുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയിൽ പിളർപ്പുണ്ടായപ്പോൾ ദിനകരൻ സ്വന്തമായി എ.എം.എം.കെ പാർട്ടി രൂപീകരിക്കുകയായിരുന്നു. പിന്നീട് ഒ.പി.എസ്, ഇ.പി.എസ് തുടങ്ങിയ നേതാക്കളുമായി യോജിച്ച് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
ഡിസംബറിൽ മാത്രമേ മുന്നണി ബന്ധം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂവെന്നായിരുന്നു അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
03-09-2025
കൊല്ലം: ചിന്നക്കടയിൽ 1.26 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പരിതോഷ് നയ്യാ (37) എന്നയാളാണ് അറസ്റ്റിലായത്.
കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചിന്നക്കട കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നയാളാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർ ദിലീപ്.സി.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ.
അനീഷ്., അജിത്ത്.ബി.എസ്, ജൂലിയൻ ക്രൂസ്, ജോജോ, ബാലു.എസ്.സുന്ദർ, അഭിരാം.എച്ച്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എസ്.കെ. സുഭാഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
03-09-2025
കൊച്ചി: ഓൺലൈൻ തട്ടിപ്പിലൂടെ വ്യവസായിക്ക് 25 കോടി നഷ്ടമായ കേസിൽ പ്രത്യേക അന്വേഷണസംഘം. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
23 അക്കൗണ്ടുകളിലൂടെ 96 ഇടപാടുകൾ നടന്നിട്ടുണ്ടെന്നും രാജ്യത്തിന് പുറത്തും ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ഷെയർ ട്രേഡിങ് തട്ടിപ്പിന്റെ വ്യാപ്തി പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
ഡാനിയേൽ എന്ന് പരിചയപ്പെടുത്തിയ ആളാണ് ക്യാപിറ്റാലിക്സ് എന്ന തട്ടിപ്പ് വെബ്സൈറ്റിലേക്ക് കടവന്ത്ര സ്വദേശിയായ നിമേഷിനെ എത്തിച്ചത്. ഇയാളെ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഈ പേര് തന്നെ വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. കാലിഫോർണിയയിലാണ് ഈ കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആദ്യം വാട്ട്സ് ആപ്പ് വഴിയും പിന്നീട് ടെലഗ്രാം വഴിയും പ്രതികൾ നിമേഷുമായി ബന്ധപ്പെട്ടു.
ആദ്യമൊക്കെ ലാഭം ലഭിച്ചിരുന്നെങ്കിലും പിന്നീടാണ് തട്ടിപ്പിന് വേണ്ടി ഒരുക്കിയ കെണി മാത്രമാണ് അതെന്ന് മനസിലായത്. പണം പോയിരിക്കുന്നതെല്ലാം ഇന്ത്യയിലെ അക്കൗണ്ടുകളിലേക്കാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒരു ബാങ്കിന്റെ വിവിധയിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണു പണം നിക്ഷേപിച്ചിട്ടുള്ളത്. പരാതിക്കാരനുമായി തട്ടിപ്പുസംഘം സമൂഹമാധ്യമങ്ങളിലൂടെയടക്കം നടത്തിയ ആശയവിനിമയങ്ങളുടെ പൂര്‍ണവിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
03-09-2025
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ശ്രീലങ്ക മറികടന്നു. ആറ് വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടപ്പെട്ടത്.
അർധസെഞ്ചുറി നേടിയ പാതും നിസംഗയുടെയും വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ കമിന്ദു മെൻഡിസിന്റെയും മികവിലാണ് ശ്രീലങ്ക വിജയലക്ഷ്യം മറികടന്നത്. 55 റൺസാണ് നിസംഗ എടുത്തത്. മെൻഡിസ് 41 റൺസാണ് സ്കോർ ചെയ്തത്. 38 റൺസെടുത്ത കുശാൽ മെൻഡിസും മികച്ച പ്രകടനമാണ് നടത്തിയത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവ രണ്ട് വിക്കറ്റ് വീഴ്ത്തി. ബ്ലെസിംഗ് മുസറാബനി, ടിനോടെൻഡ മപോസ, ബ്രാഡ് ഇവാൻസ്, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് എടുത്തത്. 81 റൺസെടുത്ത ഓപ്പണർ ബ്രയാൻ ബെന്നറ്റിന്റെ മികവിലാണ് സിംബാബ്വെ മികച്ച സ്കോർ എടുത്തത്.
03-09-2025
കാസർഗോട്: കുമ്പളയിൽ എംഡിഎംഎയുമായി ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. ഇച്ചിലമ്പാടി കൊടിയമ്മ സ്വദേശി അബ്ദുൾ അസീസ്(42) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 18 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായി കണ്ട ഓട്ടോ കടന്നുകളയാൻ ശ്രമിച്ചപ്പോൾ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് രാസലഹരി കണ്ടെത്തിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്. ഓണത്തിന് ജില്ലയിലേക്ക് ലഹരി വസ്തുക്കൾ എത്താനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് പ്രത്യേക പരിശോധനകൾ നടത്തുന്നത്.
03-09-2025
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ കാലത്ത് എസ്എൻഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയർന്നുവെന്നും വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും പിണറായി വിജയൻ പറഞ്ഞു.
ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന നായകനായ ശ്രീനാരായണഗുരു എല്ലാവരെയും ചേർത്തുപിടിക്കുക എന്നാശയമാണ് മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ നിർണായക സ്ഥാനം എസ്എൻഡിപിക്ക് ഉണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്താണ് എസ്എൻഡിപി രൂപീകൃതമായത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏകമാർഗം വിദ്യാഭ്യാസം ആണെന്നും പഠിപ്പിച്ചത് ഗുരുവാണ്. വിദ്യാഭ്യാസം ഇല്ലാതിരുന്ന ഒരു വിഭാഗത്തിന് വിദ്യാഭ്യാസം എത്തിക്കാൻ എസ്എൻഡിപി പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിന് എസ്എൻഡിപി യോഗം വഹിച്ച പങ്ക് നിർണായകമാണെന്നും പിണറായി വിജയൻ പറഞ്ഞു.
03-09-2025
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിന് തകർപ്പൻ ജയം. 110 റൺസിനാണ് റോയൽസ് വിജയിച്ചത്.
റോയൽസ് ഉയർത്തിയ 209 റൺസ് പിന്തുടർന്ന റിപ്പിൾസ് 98 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 55 റൺസെടുത്ത ഓപ്പണർ എ.കെ. ആകർഷിന് മാത്രമാണ് റിപ്പിൾസ് ബാറ്റിംഗ് നിരയിൽ പിടിച്ചുനിൽക്കാനായത്.
ട്രിവാൻഡ്രം റോയൽസിന് വേണ്ടി വി. അഭിജിത്ത് പ്രവീൺ നാല് വിക്കറ്റ് എടുത്തു. ജെ. എസ്. അനുരാജ് രണ്ട് വിക്കറ്റും അജിത്ത് വാസുദേവൻ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 208 റൺസ് എടുത്തത്. നായകൻ കൃഷ്ണ പ്രസാദിന്റെയും വിക്കറ്റ് കീപ്പർ വിഷ്ണുരാജിന്റെയും സഞ്ജീവ് സതെരേശന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ റോയൽസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൃഷ്ണ പ്രസാദും വിഷ്ണുരാജും അർധ സെഞ്ചുറി നേടി. കൃഷ്ണ പ്രസാദ് 52 പന്തിൽ നിന്ന് 90 റൺസാണ് എടുത്തത്.
വിഷ്ണുരാജ് 60 റൺസും സഞ്ജീവ് സതെരേശൻ 31 റൺസും എടുത്തു. എം. നിഖിൽ 18 റൺസ് സ്കോർ ചെയ്തു. ആലപ്പി റിപ്പിൾസിന് വേണ്ടി എം.പി. ശ്രീരൂപ് മൂന്ന് വിക്കറ്റെടുത്തു. രാഹുൽ ചന്ദ്രനും ശ്രീഹരി എസ്. നായരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
03-09-2025
കൊച്ചി: വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്ലെറ്റിലുണ്ടായ മോഷണത്തിൽ നാല് പേർ പിടിയിൽ. വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
ഓണം ആഘോഷിക്കാനും വിൽപനയ്ക്കുമായാണ് മോഷണമെന്നാണ് പോലീസ് പറയുന്നു. പന്ത്രണ്ട് കുപ്പി മദ്യവും രണ്ടായിരത്തോളം രൂപയുമാണ് നഷ്ടമായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടുകയായിരുന്നു.
അവധി ദിവസമായ ഒന്നാം തീയ്യതി രാത്രി രണ്ടിനായിരുന്നു മോഷണം. അഞ്ച് കെയ്സ് മദ്യം നിലത്ത് പൊട്ടിക്കിടന്ന അവസ്ഥയിലുമായിരുന്നു. ആകെ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
03-09-2025
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകളും നഴ്സിംഗ് കോളജുകളും യാഥാര്‍ത്ഥ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അനുമതി നല്‍കിയതോടെയാണ് ഇത് സാധ്യമായത്.
പത്തനംതിട്ട, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ നാല് മെഡിക്കല്‍ കോളേജുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇതോടെ 300 എംബിബിഎസ് സീറ്റുകളാണ് സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ ലഭ്യമാക്കിയത്.
വയനാട്, കാസര്‍ഗോഡ് മെഡിക്കല്‍ കോളജുകളില്‍ എത്രയും വേഗം നടപടി ക്രമങ്ങള്‍ പാലിച്ച് ഈ അധ്യായന വര്‍ഷം തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍, സര്‍ക്കാരിതര മേഖലകളിലായി 21 നഴ്സിംഗ് കോളേജുകളാണ് ആരംഭിച്ചത്. കാസര്‍ഗോഡ്, വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവന്തപുരം അനക്സ് ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയില്‍ നഴ്സിംഗ് കോളേജുകള്‍ ആരംഭിച്ചു.
സ്വകാര്യ മേഖലയില്‍ 20 നഴ്സിംഗ് കോളജുകളും ആരംഭിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 478 ബിഎസ്സി നഴ്സിംഗ് സീറ്റുകളില്‍ നിന്ന് 1060 സീറ്റുകളാക്കി വര്‍ധിപ്പിച്ചു. ആകെ 10300 ലധികം ബിഎസ്സി നഴ്സിംഗ് സീറ്റുകളാക്കി വര്‍ധിപ്പിച്ചു.
03-09-2025
ആലപ്പുഴ: അമിതമായ ലാഭം വാഗ്ദാനംചെയ്ത് ആലപ്പുഴ കൈനടി സ്വദേശിയിൽനിന്ന് 56 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ വയോധികൻ പിടിയിൽ. എറണാകുളം ആലുവാ ബാങ്ക് കവലയിൽ ടോണി കണ്ണാശുപത്രിക്ക് സമീപം താമസിക്കുന്ന നീലംപേരൂർ പഞ്ചായത്തിൽ ചെറുലോഴം വീട്ടിൽ ഹരിദാസ് നാരായണൻപിള്ളയാണ് (64) പിടിയിലായത്.
കൈനടി പോലീസാണ് ഇയാളെ പിടികൂടിയത്. പിടിയിലായത്. 2019 മുതൽ 2025 വരെ കാലയളവിലാണ് ഇയാൾ പണം തട്ടിയത്. നിക്ഷേപിച്ച പണമോ ലാഭ വിഹിതമോ തിരികെ കിട്ടാതെ വന്നപ്പോൾ തട്ടിപ്പാണെന്ന് മനസിലായാണ് കൈനടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ പ്രതി അങ്കമാലി ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തിങ്കൾ രാത്രി 8.30ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ രാമങ്കരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൈനടി എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ പി.എസ്. അംശു, സിപിഒമാരായ ജോൺസൺ, പ്രവീൺ, സനീഷ്, സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
03-09-2025
കണ്ണൂർ: പരിയാരത്ത് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ ശ്രീധരന്, ബസ് കണ്ടക്ടര്‍ ജയേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒൻപതോടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ശ്രീധരനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.
03-09-2025
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനെതിരായ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് എടുത്തത്.
നായകൻ കൃഷ്ണ പ്രസാദിന്റെയും വിക്കറ്റ് കീപ്പർ വിഷ്ണുരാജിന്റെയും സഞ്ജീവ് സതെരേശന്റെയും വെടിക്കെട്ട് ബാറ്റിംഗിന്റെ റോയൽസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. കൃഷ്ണ പ്രസാദും വിഷ്ണുരാജും അർധ സെഞ്ചുറി നേടി. കൃഷ്ണ പ്രസാദ് 52 പന്തിൽ നിന്ന് 90 റൺസാണ് എടുത്തത്.
വിഷ്ണുരാജ് 60 റൺസും സഞ്ജീവ് സതെരേശൻ 31 റൺസും എടുത്തു. എം. നിഖിൽ 18 റൺസ് സ്കോർ ചെയ്തു. ആലപ്പി റിപ്പിൾസിന് വേണ്ടി എം.പി. ശ്രീരൂപ് മൂന്ന് വിക്കറ്റെടുത്തു. രാഹുൽ ചന്ദ്രനും ശ്രീഹരി എസ്. നായരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
03-09-2025
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം സുപ്രധാന പരിപാടിയാണെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയെ വിഭാഗീയമായി കാണേണ്ടതില്ലെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വി.എൻ. വാസവൻ ചൂണ്ടിക്കാട്ടി.
കേസുകൾ പിൻവലിക്കുന്നതിൽ പിടിവാശിയില്ല. കോടതിയിൽ വരുമ്പോൾ ആവശ്യമായ നടപടിയെടുക്കും. സമയം വരുമ്പോൾ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതിപക്ഷം കാര്യം മനസിലാകാതെ പ്രതികരിക്കുന്നുവെന്നും അയ്യപ്പ സംഗമം ദേവസ്വം ബോർഡിന്റെ പരിപാടിയാണെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് എത്തുന്നവരുടെ അടക്കം അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നും രാഷ്ട്രീയവിവാദത്തിന്റെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സംഗമം നടക്കുന്നത് പമ്പയിൽ ശബരിമലയിൽ അല്ല. മാസ്റ്റർ പ്ലാൻ ആണ് ചർച്ചക്കുള്ളത്. വിമാനത്താവളത്തിന്റെ ഭാവിയും ചർച്ചയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ വികസനം അടക്കം പശ്ചാത്തല വികസനം ആണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
03-09-2025
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നും വ്യാഴാഴ്ചയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഒഡീഷ തീരത്തിന് സമീപം ശക്തി കൂടിയ ന്യുനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നപം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
03-09-2025
മലപ്പുറം: നിലമ്പുർ പോത്തുകല്ലില്‍ ഭാഗികമായി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തി. നിലമ്പുര്‍ റേഞ്ചിന് കീഴിലെ വെള്ളിമുറ്റം കൊടീരി വനത്തിന് സമീപം നൂറ്റിപ്പത്ത് ഏക്കറിലാണ് ജഡം കണ്ടെത്തിയത്. മാനിനെ പിടികൂടിയത് പുലിയാണെന്ന് വനംവകുപ്പ് പിന്നീട് സ്ഥിരീകരിച്ചു.
നാലു വയസ് പ്രായം വരുന്ന പെണ്‍മാനാണ് ചത്തത്. നിലമ്പുര്‍ വെറ്ററിനറി സര്ജന് ഡോ. എസ്. ശ്യാമിന്റെ നേതൃത്വത്തില്‍ മാനിന്റെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം വനത്തില്‍ മറവ് ചെയ്തു.
03-09-2025
കോയമ്പത്തൂർ: പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരേക്ക് സർവീസ് നടത്തിയ റോബിൻ ബസ് വീണ്ടും തമിഴ്നാട് ആർടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റോഡ് ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടപടി.
കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് റോബിൻ ബസ് അടൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചത്. മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരേ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത് വലിയ ചർച്ചയായിരുന്നു.
03-09-2025
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിനു ബദലായി ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ചേര്‍ന്ന് വിശ്വാസ സംഗമം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 22ന് പന്തളത്ത് നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനാണ് ആലോചന.
വിശ്വാസ സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പന്തളം കൊട്ടാരത്തിലെത്തി പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിക്കും. ഇതാണ് യഥാര്‍ഥ ഭക്തരുടെ സംഗമം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എന്‍എസ്എസ് അടക്കം വിശ്വാസികളെ മുഴുവന്‍ ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. പങ്കെടുക്കുന്നില്ലെങ്കിലും ബിജെപിയുടെ പൂര്‍ണപിന്തുണ പരിപാടിയ്ക്ക് ഉണ്ടാകുമെന്നാണ് സൂചന.
സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പസംഗമം നടക്കുന്നത്. ആഗോള അയ്യപ്പസംഗമം ഒരു വ്യവസായ സംഗമമാണെന്നും അയ്യപ്പനോടും ശബരിമലയോടും സര്‍ക്കാരിന് ആത്മാര്ഥതയില്ലെന്നുമാണ് ഹിന്ദു ഐക്യവേദിയും ശബരിമല കര്‍മസമിതിയും അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഈ അയ്യപ്പസംഗമം വെറും കാപട്യമാണെന്നും ഇവര്‍ ആരോപിക്കുന്നു.
03-09-2025
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, എന്താണ് പരിപാടിയുടെ ഉദ്ദേശ്യമെന്നും കോടതി ആരാഞ്ഞു.
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന് ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്കി. ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു.
മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്കി. സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹരജി ഫയിലില്‍ സ്വീകരിച്ച കോടതി സംഗമവുമായി ബന്ധപ്പെട്ട ഫണ്ടുസമാഹരണവും വരവുചെലവുകളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും സര്‍ക്കാരിനോടും നിര്‍ദേശിച്ചു.
03-09-2025
കൊല്ലം: ഷാര്‍ജയില്‍ ചവറ കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് എട്ടിലേക്ക് മാറ്റി.
അതുല്യയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും, ഭർത്താവ് സതീഷിന്റെ ആക്രമണത്തിന്റെ വീഡിയോയും സംബന്ധിച്ച ഫോറന്‍സിക് റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെത്തുടര്‍ന്ന് വെക്കേഷന് ജഡ്ജ് സി.എം സീമയാണ് കേസ് എട്ടിലേക്ക് മാറ്റിയത്.
കേസിലെ പ്രതി അതുല്യയുടെ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ ഇടക്കാലജാമ്യം ഇക്കാലയളവിലേക്ക് നീട്ടിയിട്ടുമുണ്ട്.
03-09-2025
കൊച്ചി: സംസ്ഥാനത്ത് വൻ കുതിപ്പ് തുടരുന്ന സ്വർണവില ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് രൂപയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 78,440 രൂപയിലും ഗ്രാമിന് 9,805 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 65 രൂപ ഉയർന്ന് 8,050 രൂപയിലെത്തി.
തിങ്കളാഴ്ച ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77,000 കടന്നത്. കുതിപ്പിന്റെ പാതയിലുള്ള സ്വർണവില ശനിയാഴ്ച ഒറ്റയടിക്ക് 1,200 രൂപ കുതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കത്തിക്കയറിയത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഗ്രാമിന് 355 രൂപയും പവന് 2,840 രൂപയുമാണ് കൂടിയത്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തിയ ശേഷം 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ ശേഷമാണ് സെപ്റ്റംബർ ഒന്നിന് വീണ്ടും റിക്കാർഡിട്ടത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 60 ഡോളറിലേറെ വർധിച്ച് എക്കാലത്തെയും ഉയരമായ 3,545.33 ഡോളർ വരെ എത്തിയിരുന്നു. പിന്നീട്, നേട്ടം നിജപ്പെടുത്തി 3,536 ഡോളറിലേക്ക് താഴുകയാണുണ്ടായത്.
അതേസമയം, വെള്ളിയുടെ വിലയും ഇന്ന് കൂടി. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് രണ്ടുരൂപ ഉയർന്ന് 133 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
03-09-2025
രാജ്ഗിര്‍ (ബിഹാര്‍): ഏഷ്യ കപ്പ് പുരുഷ ഹോക്കി 2025ല്‍ ഇന്നു മുതല്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിനു തുടക്കം കുറിക്കും.
ആതിഥേയരായ ഇന്ത്യക്കു പുറമേ മലേഷ്യ, ദക്ഷിണകൊറിയ, ചൈന ടീമുകളാണ് സൂപ്പര്‍ ഫോറില്‍ ഉള്ളത്.
ഇന്നു നടക്കുന്ന ആദ്യ റൗണ്ട് സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങളില്‍ മലേഷ്യ ചൈനയെയും ഇന്ത്യ ദക്ഷിണകൊറിയയെയും നേരിടും. മലേഷ്യ x ചൈന പോരാട്ടം വൈകുന്നേരം അഞ്ചിനാണ്. ഇന്ത്യ x ദക്ഷിണകൊറിയ മത്സരം രാത്രി 7.30ന് തുടങ്ങും.
03-09-2025
റായ്പൂർ: ഛത്തീസ്ഗഡിലെ ബൽറാംപൂരിൽ ലൂട്ടി ഡാമിന്റെ ഒരു ഭാഗം തകർന്നു വീണതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ മരിച്ചു. മൂന്നു പേരെ കാണാതായി.
ചൊവ്വാഴ്ച രാത്രിയാണ് ഡാം തകർന്നത്. മരിച്ചവരിൽ ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. കാണാതായവർക്ക് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ധനേഷ്പൂർ ഗ്രാമത്തിൽ 1980ൽ നിർമിച്ചതാണ് തകർന്ന ഡാം. പ്രദേശത്ത് കനത്ത മഴ ഉണ്ടായിരുന്നു. തകർന്ന ഡാമിൽ നിന്ന് ഒഴുകിയെത്തിയ വെള്ളം കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും കനത്ത നാശം വിതച്ചു. അപകട മുന്നറിയിപ്പ് ലഭിച്ചയുടൻ പോലീസുൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി.
കഴിഞ്ഞ ആഴ്ച കനത്ത മഴയെ തുടർന്ന് എട്ടു പേർ മരിച്ച ദന്ദേവാഡ, ബസ്താർ എന്നിവിടങ്ങളിൽ ഗ്രൗണ്ട് സർവെ നടത്തിയതായി മുഖ്യമന്ത്രി വിഷ്ണു ഡിയോ സായ് പറഞ്ഞു. ദുരിത ബാധിതർക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
03-09-2025
റായ്പുർ: ചത്തീസ്ഗഡിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് മൂന്നുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. ജാഷ്പൂർ ജില്ലയിലെ ബഗിച്ച പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുരുദണ്ട് ഗ്രാമത്തിലാണ് സംഭവം.
ഗണപതി ഉത്സവവുമായി ബന്ധപ്പെട്ട് ഗണേശ വിഗ്രഹ നിമജ്ജനത്തിനായി നൂറിലധികം പ്രദേശവാസികൾ ഘോഷയാത്ര നടത്തിയിരുന്നു. ഇതിനിടയിലേക്കാണ് വാഹനം ഇടിച്ചുകയറിയത്.
വിപിൻ പ്രജാപതി (17), അരവിന്ദ് കെർകെട്ട (19), ഖിരോവതി യാദവ് (32) എന്നവരാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റവരെ സർഗുജ ജില്ലയിലെ അംബികാപൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ ഒരു പ്രാദേശിക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. സംഭവസമയത്ത് മദ്യപിച്ചിരുന്ന എസ്യുവി ഡ്രൈവർ സുഖ്സാഗർ വൈഷ്ണവിനെ (40) അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
03-09-2025
പത്തനംതിട്ട: തിരുവല്ലയിൽ എഐജിയുടെ സ്വകാര്യവാഹനം അപകടത്തിൽപ്പെട്ട കേസിൽ എഫ്ഐആറില്‍ മാറ്റം വരുത്താൻ ഒരുങ്ങി പോലീസ്. റിപ്പോർട്ട് നകോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം എഐജിയുടെ സ്വകാര്യ വാഹനം ഇടിച്ച് കാൽനട യാത്രക്കാരനായ ഹോട്ടൽ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. അതിൽ പരിക്കേറ്റ തൊഴിലാളിക്കെതിരെയാണ് കേസെടുത്തത്.
എഐജിയുടെ സ്വകാര്യവാഹനം ഓടിച്ച പൊലീസ് ഡ്രൈവർ തന്നെ കേസിൽ പ്രതിയാകും. തിരുവല്ല പോലീസ് നടത്തിയ ഒത്തുകളിയിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തിൽ രണ്ട് ദിവസത്തിനകം എസ്പിക്ക് റിപ്പോർട്ട് നൽകും. അപകടത്തിൽ പരിക്കേറ്റ ഹോട്ടൽ തൊഴിലാളിയായ നേപ്പാൾ സ്വദേശി ജീവൻ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
03-09-2025
ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്)ൽ നിന്ന് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പാർട്ടി വിട്ട് കെ. കവിത. എംഎല്‍സി സ്ഥാനവും രാജിവച്ചു.
ബിആര്‍എസ് നേതാക്കളായ ടി. ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്ക് തനിക്കെതിരായ പാര്‍ട്ടി നടപടിയില്‍ പങ്കുണ്ടെന്നും കവിത പറഞ്ഞു. ഇരുവരും കവിതയുടെ ബന്ധുക്കള്‍ കൂടിയാണ്.
കഴിഞ്ഞ ദിവസമായിരുന്നു കവിതയെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കം ലംഘനം ചൂണ്ടികാണിച്ചായിരുന്നു നടപടി. ബിആര്‍എസില്‍ കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന ആഭ്യന്തര കലാപത്തിന് ഇടെയായിരുന്നു സസ്പെന്ഷന്.
03-09-2025
മലപ്പുറം: വേങ്ങരയില്‍ സ്കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച് പോലീസ് പിടികൂടിയത്.
ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്കൂട്ടറിന്റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്.
ചാക്കിന് പുറമെ സ്കൂട്ടറിന്റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്റെയും 200ന്റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
03-09-2025
തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് പോലീസ് സ്റ്റേഷനിൽ ക്രൂരമർദനം. ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനാണ് മർദനമേറ്റത്.
2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം നടന്നത്. എസ്ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്, സന്ദീപ്, സജീവന് എന്നിവരാണ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ചത്.
വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ അകാരണമായി പോലീസ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ച് മർദിച്ചത്. സുജിത്തിനെതിരെ അന്ന് വ്യാജ എഫ്ഐആറും പോലീസ് ഇട്ടിരുന്നു.
എന്നാൽ കോടതിയിൽ സുജിത്ത് നിരപരാധി എന്ന് തെളിയുകയായിരുന്നു. ക്രൂരമർദ്ദനത്തിൽ സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. പോലീസ് പൂഴ്ത്തിവെച്ച സിസിടിവി ദൃശ്യങ്ങൾ നിയമ പോരാട്ടത്തിനൊടുവിലാണ് പുറത്തുവിട്ടത്.
മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞ് മർദിച്ച് സുജിത്തിനെ ബലമായി വാഹനത്തിൽ പോലീസ് കയറ്റിക്കൊണ്ടിപോവുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം ജീപ്പിൽ നിന്ന് ഇറക്കുന്നത് മുതലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പിന്നീട് ആളൊഴിഞ്ഞ സിസിടിവി ഇല്ലാത്ത മുറിയിൽ സുജിത്തിനെ എത്തിച്ച് അതിക്രൂരമായി മർദിക്കുന്നുണ്ട്.
കോടതിയിൽ സമർപ്പിച്ച ദൃശ്യങ്ങളാണിത്. സ്റ്റേഷനിൽ സുജിത്തിനെ എത്തിച്ച ഉടനെ തന്നെ എസ്ഐ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഈ അടിയിലാണ് സുജിത്തിന്റെ കേൾവി ശക്തി അടക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായത്.
സുജിത്ത് മദ്യപിച്ച് പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് വ്യാജ എഫ്ഐആർ പോലീസ് ഇടുകയും ചെയ്തു. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതോടുകൂടി ചാവക്കാട് മജിസ്ട്രേറ്റ് സുജിത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ മജിസ്ട്രേറ്റ് തിരക്കുന്നതിനിടെയാണ് ചെവിക്ക് അടിയേറ്റിട്ടുണ്ടെന്ന് സുജിത്ത് പറയുന്നത്. തുടർന്ന് വൈദ്യ പരിശോധനയ്ക്ക് മജിസ്ട്രേറ്റ് നിർദേശിക്കുകയായിരുന്നു. തുടർന്നാണ് സുജിത്ത് ക്രൂരമായ മർദനത്തിന് ഇരയായെന്ന് കണ്ടെത്തിയത്.
പിന്നീട് കുന്നംകുളം മജിസ്ട്രേറ്റ് ഇടപെട്ട് കേസിൽ വിശദമായ പരിശോധനയിലേക്ക് കടന്നത്. തുടർന്ന് കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ദൃശ്യങ്ങളടക്കം ഉണ്ടായിട്ടും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാര്യമായ നടപടിയെടുത്തില്ല. ഇവരെ സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്.
03-09-2025
തിരുവനന്തപുരം: അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് പറഞ്ഞ വി.ഡി. സതീശൻ, തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് സർക്കാർ നടത്തുന്ന ഈ പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.
ശബരിമല വികസനത്തിന് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല. എൽഡിഎഫ് വന്നതിന് ശേഷം ശബരിമല തീർഥാടനം പ്രതിസന്ധിയിലാണ്. ശബരിമലയിലെ ആചാരലംഘനത്തിനെതിരേ നടത്തിയ സമരങ്ങളില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയാറുണ്ടോ. ആദ്യം സത്യവാഗ്മൂലം പിന്‍വലിക്കട്ടെ. എന്നിട്ടാവാം ബാക്കി കാര്യങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമലയിലെ വികസനത്തിനുവേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ അയ്യപ്പസംഗമം നടത്തുന്നത്. സാധാരണക്കാരുടെ പണം ദുരുപയോഗം ചെയ്യുന്ന പരിപാടിയോട് ഒരു യോജിപ്പുമില്ല.
നിരന്തരമായി റേഷന്‍ വിതരണം മുടങ്ങുന്നു. ഓണക്കാലം വിലക്കയറ്റത്തിന്റേതാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഒമ്പതു കൊല്ലം ഇല്ലാത്ത ഒരു ഭക്തി എങ്ങനെയാണ് ഇപ്പോള്‍ ഉണ്ടായതെന്നും വി.ഡി. സതീശൻ പറഞ്ഞു.
അവിടെ നടക്കുന്നത് രാഷ്ട്രീയ സദസല്ലല്ലോ. ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ ഉത്തരം കിട്ടട്ടെ എന്നിട്ടാലോചിക്കാം അയ്യപ്പസംഗമത്തെകുറിച്ച്. ബജറ്റില്‍ വ്യക്തമാക്കുന്ന വികസനങ്ങള്‍ക്കുള്ള യഥാര്‍ഥ തുക പോലും നല്‍കുന്നില്ല. കാപട്യമാണ് സകലയിടത്തും കാണുന്നത്. ശബരിമലയെയും അയ്യപ്പനെയും സങ്കീര്‍ണ തലത്തിലേക്ക് എത്തിച്ച സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
03-09-2025
ലണ്ടൻ: ഇംഗ്ലണ്ടിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു. ഹൈദരാബാദിലെ നദർഗുളിൽ സ്വദേശി ചൈതന്യ താരെ (23), ബോഡുപ്പൽ സ്വദേശി റിഷിതേജ റാപോലു (21) എന്നിവരാണ് എന്നിവരാണ് മരിച്ചത്.
ഒൻപത് പേർക്ക് പരിക്കേറ്റു. എസെക്സിൽ ഗണേഷ് വിസർജൻ ആഘോഷങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ചൈതന്യ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെയാണ് റിഷിതേജ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ച് വിദ്യാർഥികളെ റോയൽ ലണ്ടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ സായ് ഗൗതം റാവുല്ല (30) എന്നയാൾ വെന്റിലേറ്ററിലാണ്.
പരിക്കേറ്റ മറ്റ് വിദ്യാർഥികളായ യുവ തേജ റെഡ്ഡി ഗുറം, വംശി ഗൊല്ല, വെങ്കട സുമന്ത് പെന്ത്യാല എന്നിവരും ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട കാറുകൾ ഓടിച്ചിരുന്ന ഗോപിചന്ദ് ബടമേകല, മനോഹർ സബ്ബാനി എന്നീ രണ്ട് വിദ്യാർഥികളെ യുകെ പോലീസ് കസ്റ്റഡിയിലെടുത്തു.
03-09-2025
കോൽക്കത്ത: ഡൽഹി-കോൽക്കത്ത ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും തമ്മിൽ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തർക്കം. ഇതേതുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.
വിമാനത്തിനുള്ളിൽ ഹർ ഹർ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഭവം.
മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തിൽ മദ്യപിച്ചതിനും ഇരുവിഭാഗവും പരസ്പരം പരാതി നൽകി. അഭിഭാഷകനായ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതായി ജീവനക്കാർ ആരോപിച്ചു.
അതേസമയം, എയർലൈൻ ജീവനക്കാർ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും ആരോപിച്ചു. ഇരുവരുടെയും പരാതികൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
31D യിൽ ഇരുന്നു വിമാനത്തിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ ഹർ ഹർ മഹാദേവ് എന്ന് വിളിക്കാൻ പ്രേരിപ്പിച്ചതായും എയർ ഹോസ്റ്റസ് പരാതിപ്പെട്ടു.
വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കാൻ ശ്രമിക്കുകയും ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അയാൾ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാർ പറഞ്ഞു. ഇയാളെ കോൽക്കത്തയിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.
എന്നാൽ, അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. ക്രൂവിന്റെ മതം അറിയാതെ "ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ മദ്യപിച്ചിട്ടില്ലെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് ഐജിഐഎയിൽ ഒരു കുപ്പി ബിയർ കുടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
03-09-2025
ന്യൂഡൽഹി: വിവാഹാഭ്യര്‍ഥന നടത്തിയ 52കാരിയായ കാമുകിയെ 26കാരന് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഫറൂഖാബാദ് സ്വദേശിയായ നാലു മക്കളുടെ അമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അരുണ്‍ രാജ്പുത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട സ്ത്രീയില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപയും അരുണ്‍ വാങ്ങിയിരുന്നു. ഇത് തിരികെ ആവശ്യപ്പെട്ടതും വിവാഹാഭ്യര്‍ഥന നടത്തിയതുമാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്.
കര്പരി ഗ്രാമത്തില്‍ ഓഗസ്റ്റ് 11നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്.
ഒന്നര വര്‍ഷം മുന്‍പാണ് അരുണും സ്ത്രീയും തമ്മില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായത്. പ്രായം കുറച്ച് കാണിക്കാന്‍ സ്ത്രീ ഫില്‍റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് യുവാവ് പറയുന്നത്.
പതിവായി ഇവര്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഒടുവില്‍ നേരിട്ട് കണ്ടപ്പോഴാണ് യുവതി അല്ലെന്നും 52 വയസുകാരിയാണെന്നും നാലുമക്കളുടെ അമ്മയാണെന്നും അരുണ്‍ തിരിച്ചറിഞ്ഞത്. ഇതോടെ പ്രണയബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങി. എന്നാല്‍ സ്ത്രീ സമ്മതിച്ചില്ല. പിന്നീടും ഇരുവരും ബന്ധം തുടര്‍ന്നു.
ഓഗസ്റ്റ് 11ന് ഫറൂഖാബാദില്‍ നിന്നും അരുണിനെ കാണാന്‍ സ്ത്രീ മെയിന്‍പുരിയിലേക്ക് എത്തി. സംസാരത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം ഇവര്‍ വീണ്ടും ഉന്നയിച്ചു.
ഇതിന് സമ്മതമല്ലെന്ന് അറിയിച്ചതോടെ വായ്പയെടുത്ത് നല്കിയ ഒന്നര ലക്ഷം രൂപ തിരികെ നല്‍കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. കുപിതനായ യുവാവ് സ്ത്രീ ധരിച്ചിരുന്ന ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പായതോടെ സ്ത്രീയുടെ ഫോണിലെ സിം കാര്‍ഡ് എടുത്തു മാറ്റി. ഫോണിലെ സന്ദേശങ്ങളും നശിപ്പിച്ചു. തുടര്‍ന്ന് കര്പരിയില് മൃതദേഹം ഉപേക്ഷിച്ച് കടന്നു കളഞ്ഞു.
അജ്ഞാത മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. കഴുത്തില്‍ കുരുക്കിട്ട പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. ഇതോടെ കാണാതായ സ്ത്രീകള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
ഒടുവിലാണ് ഫറൂഖാബാദില്‍ നിന്നും ഒരു സ്ത്രീയെ കാണാതായെന്ന വിവരം ലഭിച്ചത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് ഇവരാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
03-09-2025
ബംഗളൂരു: ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പോലീസിന് ലഭിച്ചതായാണ് വിവരം. കോളജിലെ ചില പൂര്‍വ വിദ്യാർഥികളും സംഘര്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്. ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
03-09-2025
പാലക്കാട്: ഷൊർണ്ണൂർ കൈലിയാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കൽ ഹസൻ മുബാറക്ക് (64)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടകവീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഷോർണൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുവെന്ന് പോലീസ് അറിയിച്ചു.
ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തിയാണിയാളെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളില്ലെന്നും ഷൊർണൂർ പോലീസ് പറഞ്ഞു.
03-09-2025
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം ആറിന് തിരുവനന്തപുരം കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. സിനിമ താരങ്ങളായ രവി മോഹന്‍, ബേസിൽ ജോസഫ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥികൾ ആകും.
ഈ മാസം ഒന്‍പതിന് ഘോഷയാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനം കുറിക്കുക. മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 33 വേദികളിലായി വിവിധ പരിപാടികളാണ് അരങ്ങേറുന്നത്.
03-09-2025
കൊല്ലം: കരുനാഗപ്പള്ളിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം വീടുകള്‍ ആക്രമിച്ചു. കരുനാഗപ്പള്ള തഴവയിൽ ആണ് സംഭവം. മുഖംമറച്ചെത്തി ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ബൈക്കുകളില്‍ വടിവാളും കമ്പിപ്പാരയും ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി അക്രമി സംഘം എത്തിയത്. തഴവ കുറ്റിപ്പുറത്തെ സുനന്ദയുടെ വീടാണ് ആദ്യം ആക്രമിച്ചത്.
മുഖംമറച്ചെത്തിയ സംഘം കതക് ചവിട്ടിത്തുറന്ന് അകത്തുകയറി. ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ക്ക് നേരെ ഭീഷണി മുഴക്കി ഉപകരണങ്ങളെല്ലാം അടിച്ചു തകര്‍ത്തു.
ഇതേസമയം അക്രമി സംഘത്തിലെ മറ്റുചിലര്‍ സമീപത്തെ ഷാജിയുടെ വീടിന്റെ ജനല്‍ അടിച്ചു പൊട്ടിച്ചു. വീട്ടുകാര്‍ ലൈറ്റിട്ടെങ്കിലും ഭീഷണിപ്പെടുത്തി അണപ്പിച്ചു. ശബ്ദം കേട്ട് ലൈറ്റിട്ട മറ്റു വീടുകള്‍ക്ക് നേരെയും ഭീഷണി തുടര്‍ന്നു. രാധാകൃഷ്ണപിള്ള, മനോജ് കുമാര്‍, സുല്‍ഫത്ത് എന്നിവരുടെ വീടുകളും ആക്രമിച്ചു.
വീട്ടുമുറ്റത്ത് കിടന്ന കാറും നശിപ്പിച്ചു. ഹെല്‍മറ്റും മുഖംമൂടിയും ധരിച്ചിരുന്നതിനാല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ലഹരി സംഘങ്ങളുടെ ശല്യം പതിവാണ്. സ്ഥിരം കുറ്റവാളികളെ അടക്കം കേന്ദ്രീകരിച്ച് കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്.
03-09-2025
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ രാഹുൽ (25) ആണ് മരിച്ചത്.
ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകട സ്ഥലത്തുനിന്നും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു.
എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികൻ നിസാര പരിക്കുകളുടെ രക്ഷപ്പെട്ടു. രാത്രി എട്ടോട് കൂടിയായിരുന്നു അപകടം. രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റി.
03-09-2025
തിരുവനന്തപുരം: കായംകുളത്ത് ബൈക്കിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. കായംകുളം എരുവയിൽ താമസിക്കുന്ന ഇക്ബാൽ (59) ആണ് മരിച്ചത്.
എരുവ ക്ഷേത്രത്തിന് സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങവേയാണ് അപകടം. റോഡിന്റെ എഡ്ജിൽ ബൈക്ക് കയറി മറിഞ്ഞ് വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
03-09-2025
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം ഇന്ന്. തീരുമാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.
അതേ സമയം അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമെന്നാണ് യുഡിഎഫിന്റെ ആരോപണം. സംസ്ഥാന സർക്കാരാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
അയ്യപ്പ സംഗമവുമായി യുഡിഎഫ് സഹകരിച്ചേക്കില്ല. അയ്യപ്പ സംഗമവുമായി സഹകരിക്കാതെ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാകും യുഡിഎഫ് ചെയ്യാന്‍ പോകുന്നത്.
ആഗോള അയ്യപ്പ സംഗമത്തെ മുസ്ലീംലീഗ് പിന്തുണച്ചോടെ വെട്ടിലായത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലൂടെ വലിയൊരു വിഭാഗം വിശ്വാസികളുടെ പിന്തുണ സര്‍ക്കാരിന് കിട്ടുമ്പോള്‍ എന്ത് നിലപാട് എടുക്കണമെന്ന് ആലോചിക്കാനായിരുന്നു ചൊവ്വാഴ്ച യോഗം വിളിച്ചത്.
അയ്യപ്പസംഗമം സിപിഐഎമ്മിന്റെ വിശ്വാസികളോടുള്ള ഇരട്ടത്താപ്പാണെന്ന നിലപാടാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം മുന്നോട്ട് വെക്കുന്നത്. എസ്എന്‍ഡിപിയും എന്‍എസ്എസ്സും പിന്തുണച്ചതോടെ അയ്യപ്പസംഗമത്തെ കണ്ണുംപൂട്ടി എതിര്‍ക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാവുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ടായിരുന്നു.
യുവതീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാക്കാന്‍ ബിജെപിയെ പോലെ യുഡിഎഫും തയ്യാറായേക്കും.
03-09-2025
ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം 29 ഓവറും ഒരു പന്തും ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഓപ്പണർ എയ്ഡൻ മാർക്രത്തിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക അനായാസമായി വിജയലക്ഷ്യം മറികടന്നത്.
55 പന്തിൽ നിന്ന് 86 റൺസാണ് മാർക്രം എടുത്തത്. 13 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു മാർക്രത്തിന്റെ ഇന്നിംഗ്സ്. വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടൺ 31 റൺസ് സ്കോർ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് കരുത്തിന് മുന്നിൽ തകർന്നടിയുകയായിരുന്നു. 24.3 ഓവറിൽ 131 റൺസിൽ ഇംഗ്ലണ്ട് ഓൾഔട്ടാവുകയായിരുന്നു. ഇംഗ്ലീഷ് നിരയിൽ അർധ സെഞ്ചുറി നേടിയ ഓപ്പണർ ജാമി സ്മിത്തിന് മാത്രമാണ് തിളങ്ങാനായത്. 48 പന്തിൽ നിന്ന് 54 റൺസാണ് സ്മിത്ത് എടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് നാല് വിക്കറ്റുകൾ വീഴ്ത്തി. വിയാൻ മുൾഡർ മൂന്ന് വിക്കറ്റും നാൻഡ്രെ ബർഗറും ലുംഗി എൻഗിഡിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
02-09-2025
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റിനെ തകർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സിന് മൂന്നുവിക്കറ്റ് ജയം. സ്കോർ: കാലിക്കറ്റ് 165/7 കൊച്ചി 167/7 (19.3) ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാലിക്കറ്റ് നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി.
ഓപ്പണര്‍ രോഹന് കുന്നുമ്മല്‍ (36), പി.അന്‍ഫാല്‍ (38), എസ്.എന്‍.അമീര്‍ഷാ (28) എന്നിവർ മികച്ച പ്രകടനം നടത്തി. കൊച്ചിക്കുവേണ്ടി പി.എസ്. ജെറിനും പി.കെ.മിഥുനും ജോബിൻ ജോബിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ കൊച്ചി 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടി ലക്ഷ്യം മറികടന്നു.
സഞ്ജു സാംസണില്ലാതെ ഇറങ്ങിയ കൊച്ചിക്കായി എ.ജിഷ്ണു (45) ടോപ് സ്കോററായി. വിനൂപ് മനോഹരന് (14 പന്തില്‍ 30), ക്യാപ്റ്റന്‍ സാലി സാംസണ് (22) എന്നിവരും തിളങ്ങി. കാലിക്കറ്റിനായി അഖിൽ സ്കറിയ മൂന്നും എസ്.മിഥുൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
02-09-2025
ബംഗളൂരു: ഓണാഘോഷത്തിനിടെ ബംഗളൂരുവിലെ കോളജിലുണ്ടായ തർക്കത്തിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്.
ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.
02-09-2025
തിരുവനന്തപുരം: സർക്കാരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ മന്ത്രിമാര്‍ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തി. മന്ത്രിമാരായ വി.ശിവൻകുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ടത്.
സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ക്ഷണിച്ചതിനൊപ്പം ഗവർണർക്ക് ഓണക്കോടി സമ്മാനിച്ചു. സര്‍വകലാശാലകളിലെ വിസി നിയമന തര്‍ക്കം, കാവിക്കൊടിയേന്തിയ ഭാരതാംബ തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഗവര്‍ണര്‍ക്കെതിരെ പരസ്യമായി മന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.
കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉള്‍പ്പെടുത്തിയുള്ള പരിപാടിയിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഓണം ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഗവര്‍ണറെ മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണിച്ചത്.
ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും. സര്‍ക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണറെ ഓണാഘോഷത്തിൽ നിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
02-09-2025
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനുള്ള ക്ഷണം സ്വീകരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ചടങ്ങിലേക്ക് ക്ഷണിക്കാന്‍ എത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെ കാണാന്‍ പ്രതിപക്ഷനേതാവ് തയാറായില്ല.
കന്റോണ്‍മെന്റ് ഹൗസില്‍ ഉണ്ടായിട്ടും പ്രതിപക്ഷ നേതാവ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും സംഘത്തിനും കാണാന്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് ക്ഷണക്കത്ത് ഓഫീസില്‍ ഏല്‍പ്പിച്ച് പ്രശാന്തും സംഘവും മടങ്ങി. അയ്യപ്പ സംഗമത്തിന്റെ സംഘാടകസമിതിയില്‍ മുഖ്യമന്ത്രിയെയും സ്പീക്കറെയും കൂടാതെ പ്രതിപക്ഷ നേതാവും രക്ഷാധികാരിയാണെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു.
എന്നാല്‍ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയതില്‍ വി.ഡി. സതീശന് കടുത്ത അതൃപ്തിയുണ്ട്. അയ്യപ്പ സംഗമത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ സഹകരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ചൊവ്വാഴ്ച വൈകുന്നേരം യുഡിഎഫ് യോഗം ഓണ്‍ലൈനില്‍ ചേരുന്നുണ്ട്.
ഈ യോഗത്തില്‍ അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയാകും. അതിനുശേഷം യുഡിഎഫ് ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും.
02-09-2025
തൃശൂർ: അയ്യപ്പസംഗമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സിപിഎം. അയ്യപ്പസംഗമവുമായി മുന്നോട്ടുതന്നെ പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഏതെങ്കിലും വിമർശനങ്ങൾ കേട്ട് പിന്നോട്ടുപോകില്ല. വിശ്വാസത്തിന് എതിരായ നിലപാട് ഒരിക്കലും സിപിഎം എടുക്കില്ല. വർഗീയ വാദികളുടെ കൂടെ സിപിഎമ്മില്ല. വിശ്വാസികൾക്കൊപ്പമാണ് സിപിഎം. അതിനപ്പുറം നടക്കുന്ന പ്രചരണങ്ങൾ വർഗീയവാദികൾ നടത്തുന്നതാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സിപിഎം വിശ്വാസികൾക്കൊപ്പമാണെങ്കിൽ യുവതിപ്രവേശനം എന്ന നിലപാട് തിരുത്തുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് യുവതി പ്രവേശനം അടഞ്ഞ അധ്യായമാണെന്നും പഴയ കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
02-09-2025
തിരുവനന്തപുരം: കെടിയു, ഡിജിറ്റല്‍ വിസി നിയമന നടപടിയില്‍ നിന്നു മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധി വേണം. സെര്‍ച്ച് കമ്മിറ്റി പേരുകള്‍ നല്‍കേണ്ടത് ചാന്‍സലർക്കാണ്. വിസി നിയമന പ്രക്രിയയില്‍ നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കണം. സുപ്രീംകോടതി ഉത്തരവ് പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഇതോടെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോര് വീണ്ടും മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഭാരതാംബ വിവാദത്തെ തുടര്‍ന്നാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടങ്ങിയത്.
02-09-2025
തിരുവനന്തപുരം: നെയ്യാര്‍ഡാം കുറ്റിച്ചലില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ ചവിട്ടിക്കൊന്നു. നെയ്യാര്‍ഡാം മണ്ണൂര്‍ക്കര കുറ്റിച്ചല്‍ നിഷ നിവാസില്‍ രവി (65) ആണ് കൊല്ലപ്പെട്ടത്. മകന് നിഷാദിനെ നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് മകളെ മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കുന്നത് രവി തടഞ്ഞതാണ് പ്രകോപനമായത്. ഇദ്ദേഹത്തെ നിഷാദ് മര്‍ദ്ദിച്ച ശേഷം നെഞ്ചില്‍ ചവിട്ടി വീഴ്ത്തിയെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാം പോലീസ് സ്ഥലത്തെത്തി നിഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആയൂര്‍വേദാശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്. രവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
02-09-2025
കൊച്ചി: സംസ്ഥാനത്ത് റിക്കാർഡുകൾ തകർത്ത് സ്വർണവില പുതിയ ഉയരത്തിൽ. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 77,800 രൂപയിലും ഗ്രാമിന് 9,725 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 15 രൂപ വർധിച്ച് 7,985 രൂപയിലെത്തി.
തിങ്കളാഴ്ച ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77,000 കടന്നത്. കുതിപ്പിന്റെ പാതയിലുള്ള സ്വർണവില ശനിയാഴ്ച ഒറ്റയടിക്ക് 1,200 രൂപ കുതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെയും ഇന്നും വീണ്ടും കത്തിക്കയറിയത്. കഴിഞ്ഞ ആറു ദിവസത്തിനിടെ മാത്രം ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് ഉയർന്നത്.
കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തിയ ശേഷം 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ ശേഷമാണ് സെപ്റ്റംബർ ഒന്നിന് വീണ്ടും റിക്കാർഡിട്ടത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 3,474 ഡോളറിൽ നിന്ന് സർവകാല ഉയരമായ 3,505 ഡോളറിൽ എത്തിയ സ്വർണം ഇപ്പോൾ വ്യാപാരം ചെയ്യുന്നത് നേരിയ ഇടിവുമായി 3,495 ഡോളറിലാണ്.
അതേസമയം, വെള്ളിയുടെ വിലയും ഇന്ന് കൂടി. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് ഒരു രൂപ ഉയർന്ന് 131 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
02-09-2025
ന്യൂഡല്‍ഹി: വംശീയ കലാപത്തിന്റെ രണ്ടാണ്ട് പിന്നിടുന്ന മണിപ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 13ന് മണിപ്പുരിലും മിസോറാമിലും മോദി എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മിസോറാമിൽ 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരംഗ് റെയിൽവേ ലൈൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹം മണിപ്പുരിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2023ൽ മണിപ്പൂർ കലാപം സംഘർഷം ആരംഭിച്ച ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പുർ സന്ദർശനമാകും ഇത്. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മണിപ്പുർ അധികൃതർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായുള്ള തയാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി മിസോറാം ചീഫ് സെക്രട്ടറി ഖില്ലി റാം മീണ തിങ്കളാഴ്ച വിവിധ വകുപ്പുകളുമായും നിയമ നിർവഹണ ഏജൻസികളുമായും യോഗം വിളിച്ചുചേർത്തിരുന്നു.
2023 മേയ് മൂന്ന് മുതല്‍ മണിപ്പൂരില്‍ മെയ്തേയ്-കുക്കി സമുദായങ്ങള്‍ തമ്മില്‍ നടന്ന രൂക്ഷമായ വംശീയ ഏറ്റുമുട്ടലില്‍ 260 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കലാപത്തില്‍ ഏകദേശം 60,000 പേര് അഭയാര്‍ഥി ക്യാമ്പുകളിലാണ് ഇപ്പോഴും ജീവിക്കുന്നത്. മണിപ്പുരിൽ കഴിഞ്ഞ ആറുമാസമായി രാഷ്ട്രപതി ഭരണമാണ്.
വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷം മോദി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു.
02-09-2025
സിഡ്നി: ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിരമിക്കൽ തീരുമാനമെന്നാണ് സ്റ്റാർക് അറിയിച്ചത്.
ഓസ്ട്രേലിയയ്ക്കു വേണ്ടി കളിച്ച ഓരോ ട്വന്റി20 മത്സരവും താൻ ആസ്വദിച്ചിട്ടുണ്ടെന്നും താരം പ്രതികരിച്ചു. ടീമിലെ അംഗങ്ങളെയും രസകരമായ നിമിഷങ്ങളെയും താൻ സ്നേഹിക്കുന്നു. താൻ ഏറ്റവും പ്രാധാന്യം നൽകാനുദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെസ്റ്റ് പര്യടനം, ആഷസ്, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട് മികച്ച ഫോമിൽ തുടരാൻ ഇത് ഏറ്റവും നല്ല മാർഗമാണെന്ന് കരുതുന്നു. കൂടാതെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാൻ ടീമിന് ഇത് സമയം നൽകുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
65 അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം 2021 ൽ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.
02-09-2025
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം, ആലപ്പുഴ ജില്ലകളുടെ കടൽ തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.4 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, കന്യാകുമാരി തീരത്ത് (നീരോടി മുതൽ ആരോക്യപുരം വരെ) ബുധനാഴ്ച രാത്രി 08.30 വരെ 1.5 മുതൽ 1.7 മീറ്റർ വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
02-09-2025
ലീഡ്സ്: ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിത്തലാണ് മത്സരം നടക്കുക.
ഇന്ത്യൻ സമയം വൈകുന്നേരം 5.30 നാണ് മത്സരം ആരംഭിക്കുക. ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ നായകൻ. തെംബ ബാവുമയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുന്നത്.
ഇരു ടീമിലേയും പ്രമുഖ താരങ്ങളെല്ലാം ഇന്ന് മത്സരത്തിനിറങ്ങും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വ്യാഴാഴ്ച ലോർഡിലാണ് രണ്ടാം മത്സരം. ഞായറാഴ്ച സതാംപ്ടണിലാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുക.
02-09-2025
ബംഗളൂരു: കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു. കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിത (18) ആണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിലാണ് അൻവിത താമസിച്ചിരുന്നത്. ഞായറാഴ്ചയാണ് അൻവിത മരിച്ചത്.
ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി. സഹോദരൻ: അർജുൻ.
02-09-2025
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായ ആയിഷ റഷയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. ആയിഷ റഷയുടെ ഫോണില്‍ നിന്നുള്ള വാട്സ് ആപ്പ് സന്ദേശങ്ങളാണ് പോലീസിന് ലഭിച്ചത്.
ആയിഷയുമായി നിരന്തരം ജിം ട്രെയിനറായ ബഷീറുദ്ദീന് വഴക്കിട്ടിരുന്നതായും പോലീസിന് വിവരം കിട്ടി. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.
ബഷീറുദ്ദിനെ തിങ്കളാഴ്ച നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് അത്തോളി തോരായിക്കടവ് സ്വദേശിനിയായ ആയിഷ റഷയെ ബഷീറുദ്ദീന്റെ എരഞ്ഞിപ്പാലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണ് ആയിഷ റഫ. ഓണത്തിന് അവധിയില്ലാത്തതിനാല്‍ നാട്ടില്‍ വരുന്നില്ലെന്നായിരുന്നു ആയിഷ വീട്ടുകാരെ അറിയിച്ചത്. പിന്നെ എങ്ങനെ ആയിഷ റഷ കോഴിക്കോട് എത്തി എന്നത് ദുരൂഹമാണ്.
സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
02-09-2025
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കണോയെന്ന് തീരുമാനിക്കാൻ യുഡിഎഫ് യോഗം ഇന്ന്. മുന്നണി നേതാക്കളുടെ ഓൺലൈൻ യോഗം വൈകീട്ട് ഏഴരയ്ക്ക് നടക്കും.
ഇന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വിഡി സതീശനെ നേരിട്ടെത്തി ക്ഷണിച്ചേക്കുമെന്നാണ് സൂചന. സംഗമവുമായി സഹകരിക്കില്ലെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഇന്ന് പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. അയ്യപ്പ സംഗമം കൂടാതെ നിലവിലെ രാഷ്ട്രീയ വിഷയങ്ങളും മുന്നണി യോഗത്തിൽ ചര്‍ച്ച ചെയ്യും.
02-09-2025
കൊച്ചി: തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഗ്രൗണ്ടിലെ പാർക്കിൽ യുവാവ് അപകടത്തിൽപെട്ട ആകാശ ഊഞ്ഞാൽ പ്രവർത്തിച്ചത് സുരക്ഷാ മുൻകരുതൽ ഇല്ലാതെയെന്ന് കണ്ടെത്തൽ. തൃപ്പൂണിത്തുറ സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.
ഇരിപ്പിടത്തിൽ വീഴാതെ തടഞ്ഞുനിർത്താനുള്ള ക്രോസ് ബാർ ഇല്ല. ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണാണ് വിഷ്ണുവിന് പരിക്കേറ്റത്. വിഷ്ണു ചികിത്സയിൽ തുടരുകയാണ്.
ഇരിപ്പിടത്തിനും വാക്ക് വേക്കും ഇടയിലെ വിടവിലൂടെ വീണ് പരിക്കേറ്റ തൃപ്പൂണിത്തുറ സ്വദേശി വിഷ്ണു ചികിത്സയിൽ തുടരുകയാണ്. സുരക്ഷാ
സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ അറിയിച്ചു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്.
02-09-2025
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വസ്ത്ര നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ജൊൽവ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലിൽ ആണ് സ്ഫോടനമുണ്ടായത്.
രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡ്രമ്മാണ് പൊട്ടിത്തെറിച്ചതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വി.കെ.പിപാലിയ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിരക്ഷാ സേനയുടെ 10 യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
02-09-2025
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ഇന്നു ചേരും. സര്‍വകലാശാലയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താന്‍ വിസി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് സിന്‍ഡിക്കറ്റ് ചേരുന്നത്.
മുന്നോടിയായി ഇന്നലെ വിസി വിളിച്ചു ചേര്‍ത്ത സ്റ്റാറ്റ്യൂട്ടറി ഫൈനാന്‍സ് കമ്മിറ്റി യോഗം ബജറ്റ് അംഗീകരിക്കാന്‍ ശിപാര്‍ശ ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും ഫൈനാന്‍സ് സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. ഇന്നു സിന്‍ഡിക്കറ്റ് ബജറ്റ് പാസാക്കിയാല്‍ വിസി നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച് ബജറ്റ് പാസാക്കുമെന്നാണ് വിവരം.
രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം ഇന്നു കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗം ചേരും. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്ലാനിംഗ് ഡയറക്ടര്‍ ഡോ. മിനി കാപ്പനാണ് മീറ്റിംഗിനു നോട്ടീസ് നല്‍കിയത്.
രജിസ്ട്രാര്‍ അനില്‍കുമാറിന്റെ സസ്പെന്‍ഷനെ തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും ഇതില്‍ വിധിയുണ്ടായിട്ടില്ല. സിന്‍ഡിക്കറ്റിലെ ഒരു വിഭാഗം അംഗങ്ങള്‍ യോഗം ചേര്‍ന്ന് അനില്‍കുമാറിന്റെ സസ്പെന്ഷന് റദ്ദാക്കിയതിനെതുടര്‍ന്ന് അദ്ദേഹം ദിവസവും യൂണിവേഴ്സിറ്റിയില്‍ ഹാജരാകുന്നുണ്ട്.
02-09-2025
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന റിപ്പോര്‍ട്ട് നാല് മണി വരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. സഭയില്‍ വരാൻ നിലവില്‍ രാഹുലിന് തടസങ്ങള്‍ ഇല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും ഷംസീര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ക്രൈം ബ്രാഞ്ച് നിയമസഭാ സ്പീക്കര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള അന്വേഷണ വിവരങ്ങള്‍ സ്പീക്കറെ അറിയിക്കുമെന്ന റിപ്പോര്‍ട്ടായിരുന്നു ഉണ്ടായത്.
02-09-2025
ആലപ്പുഴ: ഹരിപ്പാട്ട് സ്കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്ലിയാരുടെ മകൻ മിഥിലാജ് (24) ആണ് മരിച്ചത്.
തൃക്കുന്നപ്പുഴ- വലിയഴിക്കൽ റോഡിൽ കാർത്തിക ജംഗ്ഷന് തെക്ക് ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. ആറാട്ടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് മിഥിലാജ് റോഡിലേക്ക് വീണു. ഈ സമയം ഈ വഴി വന്ന പത്മം എന്ന സ്വകാര്യ ബസ് മിഥിലാജിന്റെ ദേഹത്തുകൂടി കയറിയിറങ്ങി.
ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എആർ സ്കൂട്ടർ വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്. മാതാവ്: മുംതാസ്. സഹോദരി: മിസ്രിയ.
02-09-2025
പാലക്കാട്: മണ്ണാർക്കാട് ചങ്ങലീരി മൂന്നാംകഴിയില്‍ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി. മുരുക്കംതോണി വാസുദേവന്റെ വീട്ടുമുറ്റത്താണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു കൊണ്ടു പോയി.
ഗുണ്ടിന്റെ രൂപമുള്ള മഞ്ഞ നിറത്തിലുള്ള വസ്തു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കിടയിലാണ് കണ്ടെത്തിയത്. സംശയം തോന്നിയ വാസുദേവൻ പഞ്ചായത്തംഗത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നുവെന്ന് വാസുദേവൻ പറഞ്ഞു.
രാത്രി ഒൻപതോടെയാണ് പാലക്കാട് നിന്ന് ബോംബ് സ്ക്വാഡ് എത്തി സ്ഫോടക വസ്തു മണൽ നിറച്ച ബക്കറ്റിലാക്കി കൊണ്ടുപോയത്. കൂടുതൽ പരിശോധന നടത്തി നിർവീര്യമാക്കുമെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
02-09-2025
കൊച്ചി: എറണാകുളത്തെ വെലോസിറ്റി ബാറിലെ മോഷണത്തിൽ മുൻ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി വൈശാഖ് ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ച സിസി ടിവി ക്യാമറ സ്പ്രേ പെയിന്റ് ചെയ്ത് മറച്ച ശേഷമായിരുന്നു മോഷണം. മോഷണസമയത്ത് ധരിച്ചിരുന്ന ജാക്കറ്റിലൂടെയാണ് വൈശാഖ് ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച 10 ലക്ഷത്തിൽ 56,0000 രൂപ കണ്ടെത്തി.
01-09-2025
തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ ബി.അശോക് അവധിയില്‍ പ്രവേശിച്ചു. സ്ഥാനത്തു നിന്ന് മാറ്റിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നു ചൂണ്ടിക്കാട്ടി ബി.അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കും.
15 വരെയാണ് അദ്ദേഹം അവധിൽ പ്രവേശിച്ചത്. കേര പദ്ധതിക്കായി കൃഷി വകുപ്പിന് ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെയാണ് അശോകിനെ പദവിയില്‍നിന്ന് മാറ്റിയത്.
ട്രൈബ്യൂണല്‍ എട്ടു വരെ അവധി ആയതിനാല്‍ അതിനുശേഷമാകും പരാതി നല്‍കുക. പുതുതായി നിയമിച്ച കെടിഡിഎഫ്സി ചെയര്മാന് സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നാണ് അശോകിന്റെ തീരുമാനം.
01-09-2025
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഔദ്യോഗിക വസതി ഒഴിഞ്ഞു. അദ്ദേഹം ഡൽഹിയിലെ സ്വകാര്യ ഫാംഹൗസിലേക്കു താമസം മാറിയതായി റിപ്പോർട്ടുകളുണ്ട്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 21 നാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്.
അതിനുശേഷം പൊതുരംഗത്തു നിന്നു വിട്ടുനിൽക്കുകയാണ്. തെക്കൻ ഡൽഹിയിലെ ഛത്തർപുരിലെ ഗദായ്പുരിലുള്ള ഫാംഹൗസിലേക്കാണ് അദ്ദേഹം മാറിയത്. ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവും ഇന്ത്യൻ നാഷനൽ ലോക്ദൾ (ഐഎൻഎൽഡി) നേതാവുമായ അഭയ് ചൗട്ടാലയുടേതാണ് ഈ ഫാം ഹൗസ്.
മുൻ ഉപരാഷ്ട്രപതിയെന്ന നിലയിൽ ഔദ്യോഗിക വസതി ലഭിക്കുന്നതുവരെ ധൻകർ ഇവിടെ താമസിക്കും. ബംഗാൾ ഗവർണറായിരിക്കെ 2022 ൽ ഉപരാഷ്ട്രപതിയായ ധൻകർ പദവിയിൽ രണ്ടുവർഷം ബാക്കിനിൽക്കെയാണു രാജിവച്ചത്.
01-09-2025
ഹിസോര് (തജക്കിസ്ഥാന്): കാഫ നേഷന്‍സ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് പോരാട്ടത്തില്‍ ഇറാനെതിരെ ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത മൂന്നു ഗോളിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. രണ്ടാം പകുതിയിലാണ് ഇറാൻ മൂന്നു ഗോളുകളും അടിച്ചത്.
59-ാം മിനിറ്റിൽ അമിർഹോസെനും 89-ാം മിനിറ്റിൽ അലിയും 96-ാം മിനിറ്റിൽ മെഹ്ദി തരേമിയും ഇറാനായി ഗോൾവല കുലുക്കിയത്. കളിയുടെ 77 ശതമാനവും ഇറാന്റെ ഭാഗത്തായിരുന്നു. പുതിയ പരിശീലകനു കീഴിൽ പുതിയ രൂപവും ഭാവവും കൈവരിച്ച ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചെങ്കിലും ഇറാന്റെ ഗോൾ വലയം മറികടക്കാൻ കഴിഞ്ഞില്ല.
തജിക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം ഇറാനെതിരെ കാഴ്ചവയ്ക്കാൻ ഇന്ത്യയ്ക്കായില്ല. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇറാന് ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. ഇന്ത്യ ആദ്യ മത്സരത്തില്‍ തജക്കിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ133 സ്ഥാനത്തും ഇറാൻ 20 റാങ്കിലുമാണ്.
01-09-2025
തിരുവനന്തപുരം: ഓണക്കാല പൂജകൾക്കായി ശബരിമല നട ബുധനാഴ്ച തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും.
ഉത്രാട ദിനമായ സെപ്റ്റംബർ നാലിന് രാവിലെ അഞ്ചിന് ദർശനത്തിനായി നടതുറക്കും. ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിൽ സന്നിധാനത്ത് ഓണസദ്യ ഉണ്ടായിരിക്കും. ഉത്രാട സദ്യ മേൽശാന്തിയുടെ വകയാണ്.
തിരുവോണത്തിനു സദ്യ ദേവസ്വം ജീവനക്കാരുടെ വകയായും അവിട്ടം ദിനത്തിൽ സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വകയായും നടത്തും. ഓണത്തോട് അനുബന്ധിച്ച പൂജകൾ പൂർത്തിയാക്കി ഏഴിന് രാത്രി ഒമ്പതിനു നടയടയ്ക്കും.
01-09-2025
ന്യൂഡൽഹി: ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ ആയിരം ടെന്റുകളെത്തിച്ചു. 15 ടൺ ഭക്ഷണ സാമഗ്രികളും ഭൂകമ്പബാധിത പ്രദേശത്തേക്ക് ഉടൻ എത്തിക്കും. ചൊവ്വാഴ്ച മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളും എത്തിക്കും.
അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ച ശേഷമാണ് എസ്.ജയ്ശങ്കര് സഹായം നൽകിയത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.
സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.
01-09-2025
ചെന്നൈ: പൂജാവധി തിരക്ക് പ്രമാണിച്ച് തിരുവനന്തപുരത്തുനിന്ന് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്‍ത്ത് - സാന്ത്രാഗാച്ചി - തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യല്‍ സര്‍വീസാണ് പ്രഖ്യാപിച്ചത്.
ഈ ട്രെയിനുകളിലേക്കുള്ള റിസര്‍വേഷന്‍ ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 06081 തിരുവനന്തപുരം നോര്‍ത്ത് - സാന്ത്രാഗാച്ചി സ്പെഷ്യല്‍ എക്സ്പ്രസ് സെപ്റ്റംബര്‍ അഞ്ചാം തീയതി മുതല്‍ ഒക്ടോബര്‍ 17 വരെ എല്ലാ വെള്ളിയാഴ്ചകളിലും തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് സര്‍വീസ് നടത്തും.
06082 സാന്ത്രാഗാച്ചി - തിരുവനന്തപുരം നോര്‍ത്ത് സ്പെഷ്യല്‍ എക്സ്പ്രസ് സെപ്റ്റംബര്‍ എട്ടാം തീയതി മുതല്‍ ഒക്ടോബര്‍ 20 വരെ എല്ലാ തിങ്കളാഴ്ചകളിലും സാന്ത്രാഗാച്ചിയില്‍ നിന്ന് സര്‍വീസ് നടത്തും.14 എസി ത്രീ ടയര്‍ ഇക്കണോമി, രണ്ട് സ്ലീപ്പര്‍ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാന്‍ കോച്ചുകളാണ് ട്രെയിനിലുള്ളത്.
കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകള്‍.
01-09-2025
പറ്റ്ന: വോട്ടുകൊള്ള ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര സമാപിച്ചു. വോട്ടുകൊള്ള സംബന്ധിച്ച് ഒരു ഹൈഡ്രജൻ ബോംബ് പുറത്തുവരാനുണ്ട്. ആറ്റംബോംബെന്നു കേട്ടിട്ടുണ്ടോ. അതിനേക്കാൾ വലുത് എന്താണ്.
ആറ്റംബോംബിനേക്കാൾ വലുത് ഹൈഡ്രജന്‍ ബോംബാണ്. നേരത്തെ വാർത്താ സമ്മേളനത്തിൽ നമ്മൾ ആറ്റംബോംബ് കാണിച്ചു. ബിജെപി നോക്കിയിരുന്നോളൂ ഹൈഡ്രജൻ ബോംബ് വരുന്നുണ്ട്. വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ആ ഹൈഡ്രജൻ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ.ബി.ആർ. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനയെ തകർക്കാൻ ഞങ്ങൾ അവരെ അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നുതുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ബിഹാറിലെ 20 ജില്ലകളിലൂടെ 1300 ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പറ്റ്നയിലെത്തിയത്. ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
01-09-2025
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സ്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ടോപ് സ്കോററായ ഷോണ്‍ റോജറുടെ (49) ബാറ്റിംഗ് മികവില്‍ ആലപ്പി റിപ്പിള്‍സിനെ നാലു വിക്കറ്റിന് തകര്‍ത്ത് തൃശൂര്‍ സെമി ഉറപ്പിച്ചു.
സ്കോര്‍: ആലപ്പി 128/9, തൃശൂര്‍ 134/6 (19.2). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ തൃശൂര്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടന്നു.
ടി.കെ.അക്ഷയുടെ (49) ഇന്നിംഗ്സാണ് ആലപ്പിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അഭിഷേക് പി.നായര്‍ (22), എം.പി.ശ്രീരൂപ് (24), കെ.എ.അരുണ്‍ (13) എന്നിവര്‍ മാത്രമാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍.
നാലോവറില്‍ 16 റണ്‍സ് വിട്ടുനല്‍കി നാലു വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന് ഗിരീഷും തൃശൂരിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജയത്തോടെ എട്ട് മത്സരങ്ങളില്‍ 10 പോയന്റിമായി തൃശൂര്‍ രണ്ടാം സ്ഥാനത്തെത്തി സെമി ഉറപ്പിച്ചു.
01-09-2025
പാലക്കാട്: ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സർക്കാർ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാർഹമാണെന്നും ഗ്ലോബൽ ബ്രാഹ്മിണ്‍ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു.
രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവർത്തിക്കുമെന്ന ദേവസ്വം പ്രസിഡന്റിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം ഭാരരവാഹികൾ അറിയിച്ചു. പാലക്കാട് കൽപ്പാത്തി അയ്യപ്പ ഭക്ത സംഘത്തിന്റെ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.
സംഗമത്തിൽ പങ്കെടുക്കണമോയെന്നതിൽ യുഡിഎഫിൽ തീരുമാനമായിട്ടില്ല. പ്രതിപക്ഷ നേതാവിനെ നേരിട്ടെത്തി ക്ഷണിക്കുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് വ്യക്തമാക്കി.
01-09-2025
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ് നില ഗുരുതരമാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സജിത്ത് കുമാർ.
നിലവിൽ 10 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സാധ്യമാകുന്ന ഏറ്റവും മികച്ച ചികിത്സയാണ് രോഗികൾക്ക് നൽകി വരുന്നതെന്ന് വിദഗ്ധ സംഘം അറിയിച്ചു.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് പേർ മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്.
01-09-2025
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ബുധനാഴ്ച തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ കേരള തീരത്ത് ബുധൻ, വ്യാഴം ദിവസങ്ങളിലും കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ വടക്കൻ കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
01-09-2025
കൊച്ചി: സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മാറ്റി. ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന് മറുപടി നല്കി.
എം. നന്ദകുമാര്‍, വി.സി. അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
01-09-2025
ന്യൂഡൽഹി: ബിഹാർ എസ്ഐആറില്‍ തുടർന്നും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നല്കി സുപ്രീം കോടതി. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടെന്ന് വിമർശിച്ച കോടതി പരാതികൾ നല്കാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ സഹായിക്കണമെന്നും നിർദേശിച്ചു.
കോടതി നിർദേശത്തിനു പിന്നാലെ, സെപ്റ്റംബർ ഒന്നിനു ശേഷവും പരാതികൾ സ്വീകരിക്കാമെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ തിരുത്തലുകൾക്ക് അവസരമുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
വിഷയത്തിൽ എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബിഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി നിർദേശം നല്കി.
01-09-2025
വയനാട്: പ്രിയങ്ക ഗാന്ധി എംപി എന്ന നിലയിൽ പരാജയമാണെന്ന് എൽഡിഎഫ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
മുസ്ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശിന്ദ്രൻ പറഞ്ഞു.
01-09-2025
ടിയാൻജിൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച പൂർത്തിയായി. ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം ഊര്‍ജ രംഗത്തെ സഹകരണം തുടരുമെന്ന് ഇന്ത്യയും റഷ്യയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ അറിയിച്ചു. റഷ്യയുമായുള്ളത് ദീർഘകാല ബന്ധമാണെന്നും പുടിന്റെ സന്ദർശനത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴികൾ തേടണമെന്നും മോദി പറഞ്ഞു.
അതേസമയം, നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച പുടിൻ റഷ്യ -ഇന്ത്യ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും ഇന്നത്തെ കൂടിക്കാഴ്ചയോടെ ഇത് മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നും വ്യക്തമാക്കി.
ഉച്ചകോടിയുടെ വേദിയിൽ കണ്ടുമുട്ടിയപ്പോൾ പരസ്പരം ആലിംഗനം ചെയ്താണ് ഇരു നേതാക്കളും അഭിവാദനം ചെയ്തത്. പിന്നീട് ഇരുവരും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ അടുത്തെത്തി ഹ്രസ്വചർച്ച നടത്തി. ഉച്ചകോടിയുടെ ഫോട്ടോ സെഷനുശേഷം ഒരിക്കൽ കൂടി നേതാക്കൾ കണ്ടു. തുടർന്ന് ഒരേ കാറിലാണ് ഇരുവരും കൂടിക്കാഴ്ചയുടെ വേദിയിലെത്തിയത്. ഈ ചിത്രവും മോദി ട്വീറ്റ് ചെയ്തു.
01-09-2025
തിരുവനന്തപുരം: ബാലരാമപുരത്ത് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 102 കുപ്പി മദ്യം പിടികൂടി. ഇടുവ സ്വദേശി ബ്രിജേഷിന്റെ വീട്ടിൽ നിന്നാണ് എക്സൈസ് മദ്യം പിടിച്ചത്.
വീടിനു സമീപത്തെ സ്റ്റെയർകേസിന് അടിയിലായി രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിൽ മദ്യം സൂക്ഷിക്കുകയായിരുന്നു.
സാബു അനധികൃത മദ്യവിൽപ്പന നടത്തുന്നതായി നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഓണത്തോട് അനുബന്ധിച്ചാണ് സാബു മദ്യം ശേഖരിച്ച് സൂക്ഷിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
01-09-2025
വാഷിംഗ്ടൺ ഡിസി: ഇന്ത്യയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സഹായം ചെയ്യുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നുവെന്നും പീറ്റർ നവാരോ വിമർശിച്ചു.
നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, പക്ഷേ വ്ലാദിമിർ പുടിനും ഷി ജിൻപിംഗിനും മുന്നിൽ ഇന്ത്യയും മോദിയും കീഴടങ്ങിയെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.
പുടിൻ യുക്രെയ്ൻ ആക്രമിക്കുന്നതിനു മുമ്പ് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. ഇപ്പോൾ റഷ്യൻ റിഫൈനറുകൾ കിഴിവുകൾ നൽകുന്നു. ഇന്ത്യ അത് ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തിൽ വിൽക്കുന്നു. ഇത് റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും പീറ്റർ നവാരോ പറഞ്ഞു.
ഇന്ത്യ റഷ്യയുടെ ഒരു അലക്കുശാല മാത്രമാണെന്ന് അദേഹം പരിഹസിച്ചു. ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയത് ഇന്ത്യ താരിഫുകളുടെ മഹാരാജാവ് ആയതുകൊണ്ടാണെന്നും പീറ്റർ നവാരോ പറഞ്ഞു.
01-09-2025
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വന്നാൽ അദ്ദേഹത്തെ ആരും കൈയേറ്റം ചെയ്യാനൊന്നും പോകുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ചിലപ്പോൾ ചിലർ പൂവൻകോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും. മുകേഷ് എഴുന്നേറ്റ് നിന്നാൽ യുഡിഎഫും ആ ശബ്ദം ഉണ്ടാക്കുമെന്ന് മുരളീധരൻ പറഞ്ഞു.
ശശീന്ദ്രൻ എഴുന്നേറ്റ് നിൽക്കുമ്പോൾ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങൾ അല്ലാതെ മറ്റൊരു അനിഷ്ട സംഭവും ഉണ്ടാവില്ല.
രാഹുലിനെതിരെ അന്വേഷണം നടക്കുന്നതിനു മുമ്പ് വിധി കൽപ്പിക്കേണ്ട കാര്യമില്ല. സർക്കാർ അന്വേഷിക്കുന്നുണ്ടല്ലോ. ആ അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ല. പരാതി വന്നാൽ അതൊക്കെ പരിശോധിക്കട്ടെ.
രാഹുൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാർട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ നടപടികൾ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോൾ ഇല്ല. ബാക്കിയൊക്കെ സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് സ്വീകരിക്കാം. ഇപ്പോൾ ഈ എടുത്ത നിലപാടിൽനിന്ന് ഒരു ഇഞ്ച് പോലും പിന്നോട്ടുപോകേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും മുരളീധരൻ പറഞ്ഞു.