മിസിംഗ് കേസുകളെ കുറിച്ച് പോലീസ് അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അത്തരമൊരു അന്വേഷണം ചെന്നെത്തിയിരിക്കുന്നത് ഒരു ഒരുതിരോധാന കേസിന് തുമ്പായായാണ്. ഒരിക്കലും കണ്ടുപിടിക്കില്ലെന്ന് കരുതിയ ക്രൈം അങ്ങിനെ രണ്ടുപേരുടെ അറസ്റ്റിലേക്ക് നയിച്ച കഥയാണ് കോഴിക്കോട്ടുണ്ടായത്.
കോഴിക്കോട് നഗര ഹൃദയത്തില്‍ സരോവരത്ത് യുവാവിനെ ചതുപ്പുനിലത്തില്‍ ചവിട്ടിതാഴ്ത്തുകയായിരുന്നു. അതുമായിബന്ധപ്പെട്ട തുടര്‍ നടപടികളുടെ തിരക്കിലാണ് കേരള പോലീസ് ഇപ്പോള്‍.
തുടക്കം ഇങ്ങനെ...
കോഴിക്കോട് സിറ്റിയിൽ രജിസ്റ്റർ ചെയ്ത മിസിംഗ് കേസുകളിൽ ഒരു വർഷത്തിന് മുകളിലുള്ള കേസുകളുടെ സ്ഥിതിയെന്താണെന്നറിയണമെന്ന സിറ്റി പോലീസ് ടി.നാരായണന്റെ നിർദേശപ്രകാരമാണ് പോലീസ് മൂന്നുവര്‍ഷം മുന്‍പ് കാണാതായ എലത്തൂര്‍ സ്വദേശിയായ വിജിലിനെ(28) കാണാതായ കേസിന് പിന്നാലെ വീണ്ടും പോകുന്നത്.
വിജിലിനെ കാണാതായ ദിവസത്തെ കാര്യങ്ങൾ വീണ്ടുമന്വേഷിച്ച പോലീസിന് സുഹൃത്തുക്കൾ ഒപ്പമുള്ളതായി വിവരം ലഭിച്ചു. ഇതോടെ സുഹൃത്തുക്കൾ ആരെല്ലാമായിരുന്നുവെന്നും വിജിലുമായുള്ള അടുപ്പം സംബന്ധിച്ചും വിശദമായി അന്വേഷിച്ചു.
അന്വേഷണത്തിൽ എരഞ്ഞിപ്പാലം കുളങ്ങരകണ്ടി സ്വദേശി കെ.കെ. നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ്, പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് എന്നിവരായിരുന്നു വിജിലിനൊപ്പമുണ്ടായിരുന്നതെന്ന് കണ്ടെത്തി.
വയറിങ് ജോലികൾക്ക് പോയിരുന്ന വിജിലും പെയിന്റിംഗ് തൊഴിലാളിയായ ദീപേഷും കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിഖിലും ഫ്ളക്സ് പ്രിന്റിംഗ് തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു.
ഇവർ നാലുപേരും ലഹരി ഉപയോഗിക്കാറുള്ള വിവരവും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ദീപേഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.