വസ്ത്രമേഖലയില്‍ ആഭ്യന്തര വിപണി പ്രയോജനപ്പെടുത്തും
യുഎസിലേക്കുള്ള കയറ്റുമതിക്കു നിലവില്‍വന്ന അധിക തീരുവയെ അതിജീവിക്കാനുള്ള ശ്രമങ്ങള്‍ വസ്ത്രമേഖലയില്‍ ഉണ്ടാകണം. തീരുവ വര്‍ധന മൂലമുള്ള ഏതു വെല്ലുവിളിയെയും നേരിടാന്‍ സാധിക്കും. ഇന്ത്യന്‍ വിപണി ഫലപ്രദമായി ഉപയോഗിക്കുകയും വിപുലപ്പെടുത്തുകയുമാണു വേണ്ടത്. ഇതിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും താല്പര്യങ്ങളും സംരക്ഷിക്കപ്പെടും.
ഇന്ത്യയിലെ കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രവിപണി 2030 ആകുമ്പോഴേക്കും ഏകദേശം 1.46 ലക്ഷം കോടി രൂപയിലെത്തുമെന്നാണു കണക്കാക്കുന്നത്. യുഎസിലെ ജനന നിരക്കിന്റെ ആറ് ഇരട്ടിയാണ് ഇന്ത്യയിലെ ജനന നിരക്ക്. ഏകദേശം 24 ദശലക്ഷമാണ് ഇന്ത്യയിലെ ജനനനിരക്ക്. അതനുസരിച്ച് ഇന്ത്യയില്‍ നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങളുടെ ആവശ്യകതയും വര്‍ധിക്കും.
നവജാത ശിശുക്കളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര നിര്‍മാണ കമ്പനിയാണു കിഴക്കമ്പലത്തെ കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്. ഞങ്ങളുടെ യുഎസ് ബ്രാന്‍ഡായ ‘ലിറ്റില്‍ സ്റ്റാര്‍’ ഇനി ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുകയാണ്. ഇതിലൂടെ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ അധിക വരുമാനമാണു കമ്പനി പ്രതീക്ഷിക്കുന്നത്.
സാബു ജേക്കബ് (മാനേജിംഗ് ഡയറക്ടര്‍, കിറ്റെക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡ്)
തിളക്കം നഷ്ടമാകുന്ന വജ്രനഗരം
ലോകത്ത് ഉത്പാദിപ്പിക്കുന്ന 15 വജ്രങ്ങളിൽ 14 എണ്ണവും മുറിച്ചു മിനുക്കുന്നത് സൂററ്റിലാണ്. ഇന്ത്യയുടെ ‘വജ്രനഗരം’ എന്നറിയപ്പെടുന്ന സൂററ്റിൽ ഇരുപതിനായിരത്തോളം ചെറുകിട, ഇടത്തരം കച്ചവടക്കാരുണ്ട്. ഇവർക്ക് വജ്രം കയറ്റുമതി ചെയ്യാനുള്ള ഏറ്റവും വലിയ ഒറ്റപ്പെട്ട വിപണി അമേരിക്ക തന്നെ. വജ്രവ്യവസായത്തിന്റെ പരമോന്നത സമിതിയായ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) പറയുന്നതനുസരിച്ച്, 2024-25 സാമ്പത്തികവർഷത്തിൽ ഇന്ത്യ 4.8 ബില്യൺ ഡോളറിന്റെ, മുറിച്ചതും മിനുക്കിയതുമായ രത്നങ്ങളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇതേ കാലയളവിലെ ഇന്ത്യയുടെ മൊത്തം വജ്ര കയറ്റുമതിയുടെ മൂന്നിലൊന്നിലധികം വരുമിത്.
കോൽക്കത്ത ആസ്ഥാനമായുള്ള വജ്ര കയറ്റുമതിക്കാരനായ ദേബാഷിഷ് റോയ് പറഞ്ഞത് ഓർഡറുകൾ റദ്ദാക്കിത്തുടങ്ങിയെന്നാണ്. “യുഎസിലെ വ്യാപാരികൾ ഉയർന്ന താരിഫ് കാരണം ഉത്പന്നങ്ങൾ എടുക്കാൻ തയാറാകുന്നില്ല. വജ്രവ്യാപാര രംഗത്തെ എന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടമാണിത്,” അദ്ദേഹം പറഞ്ഞു.
വഴിയാധാരമാകുന്ന തൊഴിലാളികൾ
ഗുജറാത്തിലെ സൂററ്റ്, അഹമ്മദാബാദ്, രാജ്കോട്ട് നഗരങ്ങളിലെ വജ്രം മിനുക്കുന്ന, മുറിക്കുന്ന യൂണിറ്റുകളിൽ രണ്ട് ദശലക്ഷത്തിലധികം പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരിൽ പലർക്കും അടുത്ത കാലത്ത് ശമ്പളം കുറഞ്ഞു. ആദ്യം കോവിഡ്-19 മഹാമാരി. പിന്നീട് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം എന്നിവയാണവരെ വലച്ചത്.
“മഹാമാരി ഹോങ്കോംഗ്, ചൈന തുടങ്ങിയ രാജ്യാന്തര വിപണികളിൽ സാമ്പത്തികമാന്ദ്യമുണ്ടാക്കി,” ഗുജറാത്തിലെ ഡയമണ്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് രമേഷ് സിലാറിയ പറഞ്ഞു. “റഷ്യ-യുക്രെയ്ൻ യുദ്ധം കാരണം റഷ്യയിൽ നിന്നുള്ള അസംസ്കൃത വജ്ര ഇറക്കുമതിക്ക് പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ നിരോധനവും, ജി7 ഏർപ്പെടുത്തിയ നിരോധനവും ഞങ്ങളുടെ വ്യാപാരത്തെ ബാധിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ ചരിത്രപരമായി അസംസ്കൃത വജ്രങ്ങളുടെ ഒരു പ്രധാന ഉറവിടമാണ്.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 80 വജ്രത്തൊഴിലാളികൾ സാമ്പത്തിക പ്രതിസന്ധി കാരണം ആത്മഹത്യ ചെയ്തതായി സിലാറിയ അവകാശപ്പെട്ടു.“അന്താരാഷ്ട്ര വിപണിയിലെ സാഹചര്യം തൊഴിലാളികളുടെ വേതനം പ്രതിമാസം ഏകദേശം 15,000-17,000 രൂപയായി കുറച്ചു.” അദ്ദേഹം പറഞ്ഞു. ട്രംപിന്റെ താരിഫുകൾ പൂർണമായി പ്രാബല്യത്തിൽ വരുമ്പോൾ, ഗുജറാത്തിൽ രണ്ടു ലക്ഷം പേർക്ക് ഉപജീവനം നഷ്ടപ്പെട്ടേക്കാമെന്നും യൂണിയൻ കണക്കാക്കുന്നുണ്ട്. സൗരാഷ്ട്ര മേഖലയിൽ യുഎസ് താരിഫിനുശേഷം ഒരു ലക്ഷത്തോളം വജ്രത്തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടതായി തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ് ഭാവേഷ് ടാങ്ക് പറഞ്ഞു.
ഏപ്രിലിൽ അമേരിക്ക 10% അടിസ്ഥാന ചുങ്കം ഏർപ്പെടുത്തിയപ്പോൾത്തന്നെ വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനും സൗരാഷ്ട്രമേഖലയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ഭാവ്നഗർ, അമ്രേലി, ജുനഗഡ് എന്നിവിടങ്ങളിലെ ചെറിയ യൂണിറ്റുകളേയാണ് ഇതേറ്റവും കൂടുതൽ ബാധിച്ചത്. കാര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ സംസ്ഥാന സർക്കാർ ജോലി നഷ്ടപ്പെട്ടവരുടെ കുടുംബത്തിലെ ഓരോ കുട്ടിക്കും 13,500 രൂപ അലവൻസ് പ്രഖ്യാപിച്ചിട്ടുണ്ട്.
താരിഫിനു മുമ്പുതന്നെ ഈ മേഖലയിൽ പ്രതിസന്ധി തുടങ്ങിയിരുന്നു. ലാബിൽ നിർമിക്കുന്ന വജ്രങ്ങൾ പ്രകൃതിദത്ത വജ്രങ്ങളുടെ വിപണി പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വജ്രങ്ങൾ ഖനനം ചെയ്യുന്നവയല്ല, മറിച്ച് പ്രത്യേക ലബോറട്ടറികളിൽ നിർമിക്കുന്നവയാണ്. പ്രകൃതിദത്ത വജ്രങ്ങളുടെ വിലയുടെ 10 ശതമാനം മാത്രമാണ് ഇവയ്ക്ക് വില. പരിചയസമ്പന്നനായ ആഭരണ വ്യാപാരിക്കുപോലും വെറുംകണ്ണ്കൊണ്ട് ഇവ തിരിച്ചറിയാൻ പറ്റില്ല.
കയറ്റുമതിയിലെ കുറവ്
ജിജെഇപിസിയുടെ കണക്കനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 10.8 ബില്യൺ ഡോളറിന്റെ അസംസ്കൃത വജ്രമാണ് ഇറക്കുമതി ചെയ്തത്. ഇത് 2023-24-ൽ ഇറക്കുമതി ചെയ്ത 14 ബില്യൺ ഡോളറിൽ നിന്ന് 24.27 ശതമാനം കുറവാണ്. മുറിച്ചതും മിനുക്കിയതുമായ പ്രകൃതിദത്ത വജ്രങ്ങളുടെ കയറ്റുമതിയിലും 16.75 ശതമാനം കുറവുണ്ടായി. 2023-24-ൽ 16 ബില്യൺ ഡോളറുണ്ടായിരുന്ന കയറ്റുമതി 2024-25-ൽ 13.2 ബില്യൺ ഡോളറായി കുറഞ്ഞു.
താരിഫുകൾ യുഎസ് ആഭരണ വ്യാപാരികളെയും ദോഷകരമായി ബാധിക്കുമെന്ന് ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ ചെയർമാൻ രാജേഷ് റോക്ഡ മുന്നറിയിപ്പ് നൽകി. ആഭരണങ്ങൾക്ക് വിലകൂടിയാൽ പ്രതിസന്ധി നേരിടുന്ന 70,000ത്തോളം ആഭരണ വ്യാപാരികൾ യുഎസിലുണ്ട്.
നാട്ടുവിപണിതന്നെ രക്ഷ
ആഭ്യന്തര വിപണിയിൽ വജ്രങ്ങൾക്ക് ആവശ്യം കൂട്ടുകയും പുതിയ വിപണികളിലേക്കു മാറുകയും ചെയ്യേണ്ടതാണ് ഇനി പരിഹാരമെന്ന് വ്യാപാരികൾ പറയുന്നു. ആഭ്യന്തര രത്ന, ആഭരണ വിപണി വളരുന്നുണ്ടെന്നാണ് സൂചന.
രണ്ടു വർഷത്തിനുള്ളിൽ വിൽപ്പന 85 ബില്യൺ ഡോളറിൽ നിന്ന് 130 ബില്യൺ ഡോളറിലേക്ക് എത്തുമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷ. ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ പുതിയ വിപണിയും ലക്ഷ്യമിടുന്നുണ്ട്. സ്വർണം ശക്തമായ ആഭ്യന്തര വിപണിയുടെ ഉദാഹരണമാണ്. ഇത് സ്വർണക്കയറ്റുമതിയിലെ തിരിച്ചടികളുടെ ആഘാതം കുറയ്ക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയിലെ വജ്ര മേഖലയ്ക്ക് ഇപ്പോൾ അത്തരമൊരു കവചമില്ല.
ഇപ്പോൾ സഹായമില്ലെങ്കിൽ, വജ്രവ്യാപാരത്തിന് അതിന്റെ തിളക്കം എന്നെന്നേക്കുമായി നഷ്ടമാകും.
ദീപാവലിക്കു മുന്‍പേ വെളിച്ചം കെടുമോ?
“ദീപാവലിക്ക് ചില ഓർഡറുകളുണ്ട്. അത് ചെയ്തുകൊടുക്കണം. പിന്നെ...,” സൂററ്റിൽനിന്ന് ഫോണിൽ ഇതുപറയുന്പോൾ ഘനശ്യാം മേത്തയുടെ വാക്കുകളിലെ ആശങ്ക വ്യക്തമായിരുന്നു. ഉത്സവസീസണുകളിൽ പതിവുള്ള ഉത്സാഹം വജ്രനഗരത്തിലെങ്ങുമില്ലെന്ന് ഘനശ്യാം സാക്ഷ്യപ്പെടുത്തുന്നു.
സൂററ്റിൽ വജ്രം മുറിക്കുന്നതും മിനുക്കുന്നതുമായ ചെറിയ യൂണിറ്റ് നടത്തുകയാണ് ഘനശ്യാം. എട്ടുവർഷം പഴക്കമുള്ള സ്ഥാപനം ദീപാവലിയോടെ അടച്ചുപൂട്ടേണ്ടിവന്നേക്കുമെന്ന ദുരവസ്ഥയെ എങ്ങനെ മറികടക്കുമെന്ന ചിന്താഭാരത്തിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ. പരുക്കൻ വജ്രങ്ങളെ തിളക്കമുറ്റ രത്നങ്ങളാക്കുന്ന ജോലിയാണ് സ്ഥാപനത്തിൽ നടക്കുന്നത്. ഘനശ്യാമിന്റെ യൂണിറ്റ് 40 പേർക്ക് തൊഴിൽ നൽകുന്നു.
“ഇപ്പോൾത്തന്നെ നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ പ്രകൃതിദത്ത വജ്ര വ്യവസായത്തിന്റെ അടിക്കല്ലിളക്കും.’’അദ്ദേഹം പറയുന്നു.
ദീപാവലിക്ക് സാധാരണയായി എല്ലാ ഉത്പന്നങ്ങളുടെയും ആഭ്യന്തര വിൽപ്പന വർധിക്കാറുണ്ട്. “പക്ഷേ, യുഎസിലെ ഉയർന്ന താരിഫ് കാരണം കയറ്റുമതിക്കാർ ഓർഡറുകൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ, ദീപാവലിക്ക് മുന്‍പുതന്നെ ഞങ്ങൾക്ക് സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നേക്കാം. ഓർഡറുകൾ കുറഞ്ഞതിനാൽ തൊഴിലാളികൾക്ക് ശമ്പളം നൽകാനും മറ്റു ചെലവുകൾ നടത്താനും വളരെ ബുദ്ധിമുട്ടാണ്” മേത്ത വ്യക്തമാക്കി.
വസ്ത്രത്തിലും തീ പിടിപ്പിക്കുന്ന തീരുവ
അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയും പ്രതിസന്ധിയിലായി. ആറ് മാസത്തിനുള്ളിൽ വസ്ത്ര കയറ്റുമതിയുടെ ഏകദേശം നാലിലൊന്ന് കുറയുമെന്നാണ് കണക്ക്. അമേരിക്കയാണ് ഇന്ത്യയുടെ വസ്ത്ര വ്യവസായത്തിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി.
ഇറക്കുമതി ചെയ്യുന്ന പരുത്തിക്കുള്ള നികുതി ഒഴിവാക്കിയത് ഡിസംബർ 31 വരെ നീട്ടിയത് ആഭ്യന്തര തുണി വ്യവസായത്തിന് ആശ്വാസം നൽകും. കനത്ത ചുങ്കത്തിന്റെ ആഘാതം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നു വ്യവസായികൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ പ്രയോജനപ്പെടുത്തി അമേരിക്കയ്ക്ക് പുറത്തുള്ള മറ്റ് വിപണികൾ കണ്ടെത്താനും കയറ്റുമതി തന്ത്രം പുനഃക്രമീകരിക്കാനും ഇത് വ്യവസായത്തെ സഹായിക്കും.
അടുത്ത ആറു മാസത്തേക്ക് 20-25 ശതമാനം നഷ്ടം പ്രതീക്ഷിക്കുന്നുണ്ടെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ടെക്സ്റ്റൈൽ ഇൻഡസ്ട്രി സെക്രട്ടറി ജനറൽ ചന്ദ്രിമ ചാറ്റർജി പറഞ്ഞത്. പരുത്തിക്ക് ആനുകൂല്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും ചന്ദ്രിമ ചാറ്റർജി പറഞ്ഞു. പരുത്തി ഇറക്കുമതി ചെയ്ത് കപ്പൽ മാർഗം എത്താൻ കുറഞ്ഞത് 45-50 ദിവസമെടുക്കും. ഈ നീട്ടിയ സമയം പുതിയ ഓർഡറുകൾക്ക് ഗുണം ചെയ്യും- അവർ വ്യക്തമാക്കി.
2024-25 സാമ്പത്തിക വർഷത്തിൽ തുണി, വസ്ത്ര മേഖലയുടെ മൊത്തം മൂല്യം 179 ബില്യൺ ഡോളറാണ്. ഇതിൽ 142 ബില്യൺ ഡോളറിന്റെ ആഭ്യന്തര വിപണിയും 37 ബില്യൺ ഡോളറിന്റെ കയറ്റുമതിയും ഉൾപ്പെടുന്നു.
തിരുപ്പൂരിൽ മാന്ദ്യം
തിരുപ്പൂരിലെ വസ്ത്ര നിർമാതാക്കളും പ്രതിസന്ധിയിലാണ്. അമേരിക്കൻ ഉപഭോക്താക്കളിൽ നിന്നുള്ള പുതിയ ഓർഡറുകൾ നിലച്ച മട്ടാണ്. നിലവിലുള്ള കരാറുകൾ പുനരാലോചനയിലും. ഇത് ലാഭവിഹിതം കുറയ്ക്കുന്നു.
8-15 ശതമാനം മാത്രം ലാഭത്തിൽ പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അധികച്ചെലവ് താങ്ങാൻ കഴിയില്ല- അമേരിക്കയിൽ ഗണ്യമായ ബിസിനസുള്ള തിരുപ്പൂർ ആസ്ഥാനമായുള്ള എൻസി ജോൺ ഗാർമെന്റ്സ് ഡയറക്ടർ അലക്സാണ്ടർ നെറോത്ത് പറയുന്നു.
പരമാവധി അഞ്ചു ശതമാനം വരെ കിഴിവ് നൽകാൻ കമ്പനികൾക്ക് കഴിഞ്ഞേക്കുമെന്നാണ് പൊതുവായ ധാരണ. അത് വിപണിയിൽ എത്തുമ്പോഴുള്ള ചെലവിൽ ഏഴു ശതമാനം കുറവുണ്ടാക്കും. എന്നാൽ ചില കമ്പനികൾ യാതൊരു ലാഭവിഹിതവുമില്ലാതെയാണ് കിഴിവ് നൽകുന്നത്.
തിരിച്ചുവരവ് പ്രതീക്ഷിച്ചാണിത്. കുറഞ്ഞത് നിലവിലുള്ള ബിസിനസെങ്കിലും നിലനിർത്തുകയാണു ലക്ഷ്യം. 2024-25 സാമ്പത്തിക വർഷത്തിൽ തിരുപ്പൂരിൽ നിന്ന് അമേരിക്കയിലേക്ക് 15,000 കോടി രൂപയുടെ വസ്ത്രങ്ങൾ കയറ്റുമതി ചെയ്തു. ഇത് അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ റെഡിമെയ്ഡ് വസ്ത്ര കയറ്റുമതിയുടെ വലിയൊരു ഭാഗമാണ്. എസ്ബിഐ റിസർച്ചിന്റെ കണക്കനുസരിച്ച്, നിറ്റ്വെയർ വസ്ത്രങ്ങൾക്കുള്ള താരിഫ് 63.9ശതമാനം ആണ്. എന്നാൽ കണക്കാക്കുന്ന മൊത്തം ആഘാതം ഏകദേശം 67ശതമാനം വരും.
കയറ്റുമതിക്കാർ ഇപ്പോൾ മറ്റു വിപണികൾ തേടുകയാണ്. അടുത്തിടെ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ച യുകെ ഒരു സാധ്യതയാണ്. എങ്കിലും, അമേരിക്കൻ ഓർഡറുകളുടെ വ്യാപ്തി മറ്റൊരു വിപണിക്കും പൂർണമായി നികത്താൻ കഴിയില്ലെന്നു പല വ്യവസായ വിദഗ്ധരും മുന്നറിയിപ്പു നൽകുന്നു. ഈ താരിഫ് നീണ്ടുനിന്നാൽ തിരുപ്പൂരിലെ ഏകദേശം ആറു ലക്ഷം തൊഴിലാളികളെയാണ് ബാധിക്കുക.