ADVERTISEMENT
തിരുവനന്തപുരം: ലോട്ടറിയുടെ ജിഎസ്ടി വര്‍ധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ട്രേഡ് യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. വില്പനക്കാരുടെയും ഏജന്റുമാരുടെയും പ്രതിനിധികള്‍ ലോട്ടറിയുടെ ജിഎസ്ടി വര്‍ധന മൂലം തൊഴില്‍ മേഖലയില്‍ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചു. ലോട്ടറി ഡയറക്ടര്‍ ഡോ. മിഥുന് പ്രേംരാജും പങ്കെടുത്തു.
പുതിയ ജിഎസ്ടി നിരക്ക് പരിഷ്കരണ തീരുമാനത്തില്‍, കേരള സര്‍ക്കാര്‍ നടത്തുന്ന പേപ്പര്‍ ലോട്ടറിയെയും ചൂതാട്ടത്തിനും കാസിനോകള്‍ക്കും മറ്റുമായി നിശ്ചയിച്ചിട്ടുള്ള 40 ശതമാനം നികുതി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിതരണക്കാരും ടിക്കറ്റ് വില്‍പ്പനക്കാരുമായി രണ്ട് ലക്ഷം ആളുകളുടെയും കുടുംബങ്ങളുടെയും ഉപജീവനമാര്‍ഗമാണ് കേരള ലോട്ടറി സംവിധാനം.
ജിഎസ്ടി വര്‍ധന ടിക്കറ്റ് വില്‍പ്പന കുറയ്ക്കുകയും ഈ ദുര്‍ബല വിഭാഗങ്ങളെ നേരിട്ട് ബാധിക്കുകയും ചെയ്യും. അതിനാല്‍, സര്‍ക്കാര്‍ നടത്തുന്ന പേപ്പര്‍ ലോട്ടറിയെ ജിഎസ്ടി നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവാക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിലും ആവശ്യപ്പെട്ടിരുന്നു. അത് അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.
തിടുക്കത്തിലുള്ള നികുതി മാറ്റം കേരള ലോട്ടറിയുടെ ലോട്ടറിയുടെ അച്ചടിയിലും വിതരണത്തിലുമടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നും, അതിനാല്‍ തീരുമാനം നടപ്പാക്കുന്നതില്‍ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാനുള്ള കാര്യങ്ങളില്‍ അഭിപ്രായ രൂപീകരണത്തിന് ലോട്ടറിയിലൂടെ ഉപജീവനമാര്‍ഗം നടത്തുന്ന വില്പനക്കാരുടെയും ഏജന്റുമാരുടെയും സംഘടനകളുമായി ധനകാര്യ മന്ത്രി ചര്‍ച്ചനടത്തിയത്.
Tags :