പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്'. താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും ഇവർ പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്.
അമിതമായ നെഞ്ചിടിപ്പ്, നെഞ്ചുവേദനയോ നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതയോ, ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ, ശ്വാസംമുട്ടൽ, കൈകാലുകൾ വിറയ്ക്കുക, വിരലുകളുടെ അറ്റം തണുത്ത് മരവിക്കുക, വയറ്റിൽ തീവ്രമായ എരിച്ചിൽ, തലചുറ്റൽ, തലയ്ക്ക് മന്ദത, കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ, തൊണ്ടയിൽനിന്ന് വെള്ളമിറക്കാൻ ബുദ്ധിമുട്ട്, മനസിന്റെ സമനില തെറ്റിപ്പോകുമെന്നതരത്തിലുള്ള വെപ്രാളം.
സാധാരണഗതിയിൽ 10 മുതൽ 15 മിനിറ്റ് നേരം മാത്രമേ ഈ പ്രയാസം നീണ്ടുനിൽക്കാറുള്ളൂ. അതുകഴിഞ്ഞ് സ്വാഭാവികമായി ഇതിന്റെ തീവ്രത കുറഞ്ഞുവന്ന് ഇത് അവസാനിക്കും. എന്നാൽ, ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾക്ക് സമാനമായതുകൊണ്ടുതന്നെ ഇത് അനുഭവപ്പെടുന്ന ആളുകൾ വല്ലാതെ ഭയപ്പെട്ടുപോകും.
ഒരുമാസക്കാലമെങ്കിലും തുടർച്ചയായി പാനിക് അറ്റാക്ക് ആവർത്തിച്ചുവരുന്ന അവസ്ഥയെയാണ് ‘പാനിക് ഡിസോഡർ’ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ ഏകദേശം മൂന്നു ശതമാനത്തോളം ആളുകൾക്ക് പാനിക് ഡിസോഡർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇത് കൂടുതലായി കണ്ടുവരുന്നുമുണ്ട്. പാരമ്പര്യമായി ഉത്കണ്ഠരോഗങ്ങളുള്ള കുടുംബങ്ങളിൽ ജനിക്കുന്ന വ്യക്തികളിൽ പാനിക് ഡിസോഡർ കൂടുതലായി കണ്ടുവരാറുണ്ട്.
ചെറുപ്രായത്തിൽ വളരെ തീവ്രമായ സമ്മർദസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളിലും ഇതു കൂടുതലായി കണ്ടുവരാറുണ്ട്. പാനിക് ഡിസോഡറുള്ള വ്യക്തികളുടെ തലച്ചോറിൽ സെറട്ടോണിൻ, നോർ എപ്പി നെഫ്രിൻ, ഗാബാ, എന്നീ രാസവസ്തുക്കളുടെ അളവ് കുറവാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
കാപ്പി കൂടുതലായി കുടിക്കുന്നവരിലും പുകവലിശീലം ഉള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഉറക്കക്കുറവ്, സമീപകാലത്തുണ്ടായ വേദനാജനകമായ ജിവിതാനുഭവങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്ക് വഴിതെളിക്കാം.
പരിഹാരം എങ്ങനെ?
മരുന്നുകളും മനശാസ്ത്രചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും സംയോജിപ്പിച്ച് ഉപയോഗിച്ചാൽ പാനിക് ഡിസോർഡർ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. തലച്ചോറിൽ ക്രമംതെറ്റിക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ മരുന്നുകൾ ഇന്ന് നിലവിലുണ്ട്.
വയോജനങ്ങളിൽപ്പോലും സുരക്ഷികമായി ഉപയോഗിക്കാവുന്ന ഇത്തരം മരുന്നുകൾ വളരെവേഗം രോഗലക്ഷണങ്ങൾ പരിഹരിക്കും. മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഏറെ ഫലപ്രദമായ ഒരു മനഃശാസ്ത്രചികിത്സാരീതിയാണ്.
പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, ദീർഘശ്വസനവ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ രീതികളും ഇവരിൽ ഏറെ ഫലപ്രദമാണ്. ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ വ്യായാമം ശീലമാക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പാനിക് ഡിസോർഡർ പൂർണമായും ഭേദപ്പെടാൻ സഹായിക്കുന്ന മാർഗങ്ങളാണ്.
ചികിത്സയെടുക്കാത്ത പാനിക് ഡിസോർഡർ പലപ്പോഴും വിഷാദരോഗം, മദ്യപാനശീലം, ലഹരി അടിമത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് നയിക്കാം. ഇത് പരിഹാരമില്ലാത്ത ഏതോ മാറാരോഗമാണെന്ന് തെറ്റിദ്ധരിച്ചു വിഷമിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്.
വിദഗ്ധനായ ഒരു മാനസികാരോഗ്യ ചികിത്സകന്റെ സഹായത്തോടെ ഈ അനസ്ഥ പൂർണമായും ഭേദപ്പെടുത്താൻ കഴിയും.