ADVERTISEMENT
ദോഹ: ഖത്തറിന് പിന്തുണയുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യതലസ്ഥാനമായ ദോഹയിലെത്തി. ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായാണ് കൂടുതൽ അറബ് രാജ്യതലവന്മാർ ദോഹയിലെത്തുമെന്നാണ് വിവരം.
ഇന്ന് വൈകുന്നേരം ദോഹയിലെത്തിയ യുഎഇ പ്രസിഡന്റ് ഖത്തർ ഭരണകൂടത്തിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. സൗദി, ജോർദാൻ ഭരണാധിപൻമാരും ഇന്ന് ദോഹയിൽ എത്തുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ സുൽത്താനും പ്രസ്താവനയിറക്കി.
ഇസ്രായേലിനെതിരെ രൂക്ഷവിമർശനവുമായി ഖത്തറിലെ ഷൂറ കൗൺസിലും രംഗത്തെത്തി. യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഷാഷ്മിയുമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണം അടക്കം വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഖത്തറിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധം രൂക്ഷമാകുകയാണ്.
ലോകരാജ്യങ്ങളെ ഞെട്ടിച്ച് കൊണ്ടാണ് ഖത്തറിൽ ഇസ്രയേലിന്റെ ആക്രമണം നടന്നത്. വെടിനിർത്തൽ ചർച്ചയ്ക്കായി ഖത്തറിലെ ദോഹയിലെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഹമാസ് നേതാക്കൾ ഒത്തുകൂടിയ ദോഹയിലെ കെട്ടിടം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുത്തിരുന്നു.
ഹമാസ് തലവനടക്കം ആര് പേരെ വധിച്ചെന്നും അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണമെന്നും ആണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തത്. ഇസ്രയേൽ നടപടി ഭീരുത്വമെന്നായിരുന്നു ഖത്തറിന്റെ പ്രതികരണം.
ഖത്തറിനെ പിന്തുണച്ചും ആക്രമണത്തെ അപലപിച്ചും അറബ് രാജ്യങ്ങൾ രംഗത്ത് വന്നിരുന്നു. ആക്രമണത്തിന് പിന്നാലെ മധ്യസ്ഥശ്രമങ്ങൾ നിർത്തിവെച്ചതായി ഖത്തർ അറിയിച്ചു. ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യൻ ഭരണാധികാരിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രംഗത്തെത്തി.
ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനിയെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഖത്തറിനുള്ള പിന്തുണ അറിയിച്ചതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹോദര രാഷ്ട്രമായ ഖത്തറിന് സൗദി അറേബ്യയുടെ പൂർണ്ണ പിന്തുണ കിരീടാവകാശി വാഗ്ദാനം ചെയ്തു.
Tags :