ഒട്ടുമിക്ക ഏലം കർഷകരും, ആ കൃഷിയോട് ആഭിമുഖ്യമുള്ളവരും ഏലം ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽ ക്കുന്ന മധ്യഅമേരിക്കൻ രാജ്യമായ ഗ്വാട്ടിമാല കാണണമെന്നും അവിടുത്തെ കൃഷി രീതികൾ കണ്ടു മനസിലാക്കണമെന്നും ആഗ്രഹമുള്ളവരാണ്.
എന്നാൽ, ദുർബലമായ സർക്കാർ സംവിധാനങ്ങളും മാഫിയ ഭരണവും ആ നാടിനെ തികച്ചും ഒറ്റപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഗ്വാട്ടിമാല സന്ദർശനം അത്ര എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ്, അവിടെയുള്ള ഏലം കയറ്റുമതിക്കാരനായ സുഹൃത്തിന്റെ ക്ഷണം ലഭിച്ചത്.
ആ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാസംവിധാനങ്ങളുടെ അകന്പടിയോടെ ഏപ്രിൽ 28- മേയ് 2 വരെ ഗ്വാട്ടിമാലയിൽ താമസിച്ച് ഏലത്തോട്ടങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു. നേരിട്ടു വിമാന സർവീസില്ലാത്തതിനാൽ ആദ്യം അമേരിക്കയിലെ ടെക്സസിൽ എത്തിയശേഷം അവിടെ നിന്നാണ് ഗ്വാട്ടിമാലയിലേക്കു പോയത്.
സുഗന്ധവിളകളുടെ പേരിൽ പൗരാണിക കാലം മുതൽ വിദേശികളുടെ മനസിൽ കുടിയേറിയിട്ടുള്ള കേരളത്തിൽ നിന്നാണ് ഏലത്തട്ടകൾ (വിത്ത്) ഗ്വാട്ടിമാലയിലെത്തിയത്. 1914-ൽ കേരളം സന്ദർശിച്ച ഗ്വാട്ടിമാലയിലെ കാപ്പിത്തോട്ട ഉടമയായ ജർമൻ സായിപ്പാണ് ചെടികൾ ശേഖരിച്ച് ഗ്വാട്ടിമാലയിലെത്തിച്ചു പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്.
തികച്ചും അനുകൂലമായ കാലവസ്ഥയിൽ ആർത്തു വളർന്ന ഏലച്ചെടികൾ രണ്ടു മൂന്നു വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുകയും ചെയ്തു. ഇതുകണ്ട നാട്ടുകാരിൽ പലരും പുതിയ കൃഷിയിൽ ആകൃഷ്ടരായി.
1980കളിൽ എത്തിയപ്പോഴേക്കും കൃഷി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചെന്നു മാത്രമല്ല, കയറ്റുമതിയും തുടങ്ങി. അതോടെ, ഏലം കൃഷിയിൽ കുത്തക അവകാശപ്പെട്ടിരുന്ന ഇന്ത്യയ്ക്ക് ഗ്വാട്ടിമാല വെല്ലുവിളിയായി മാറുകയും ചെയ്തു.
ഗ്വാട്ടിമാലയിലെ അഞ്ചിലേറെ ജില്ലകളിൽ ഏലം കൃഷിയാണ് മുഖ്യം. ബാക്കി സ്ഥലങ്ങളിൽ കാപ്പിയും. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൾട്ട വെറാപ്പസ് ജില്ലയിലെ കോബാൻ മലനിരകളിലാണ് ഏലം കൃഷി കൂടുതലുള്ളത്.
ഏക്കർ കണക്കിനു വരുന്ന വലിയ തോട്ടങ്ങളുണ്ടെങ്കിലും വീട്ടുവളപ്പുകളിലെ ചെറിയ കൃഷിയിടങ്ങളാണ് ഏറെയും. കുറച്ച് ഏലച്ചെടികളെങ്കിലും ഇല്ലാത്ത വീടുകളില്ലെന്നു പറയാം.