ADVERTISEMENT
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അനധികൃതമായി വിൽപ്പനയ്ക്കെത്തിച്ച മണ്ണെണ്ണയും ഗ്യാസ് സിലണ്ടറുകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച നെയ്യാറ്റിൻകര പുതിയതുറയിലായിരുന്നു സംഭവം.
ജില്ലാ കലക്റ്റർക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീണും സംഘവും കാഞ്ഞിരംകുളം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ബാരലുകളിൽ നിറച്ച 2400 ലിറ്റർ, മണ്ണെണ്ണയും, എട്ട് കുറ്റി ഗ്യാസ് നിറച്ച് സിലിണ്ടറുകളും പിടിച്ചെടുത്തു.
ഓയിൽ വ്യാപാരമെന്ന നിലയിൽ കാലങ്ങളായി കരിഞ്ചന്തയിൽ വിൽപ്പന നടത്തിവരികയായിരുന്നു. പിടിച്ചെടുത്ത മണ്ണെണ്ണ തമിഴ്നാട്ടിൽ നിന്ന് കടത്തിക്കൊണ്ടുന്ന റേഷൻ മണ്ണെണ്ണയാണെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഗാർഹിക ഉപയോഗത്തിനുള്ള ഗ്യാസ് കുറ്റികളെത്തിച്ച് ചെറിയ സിലണ്ടറുകളിലേക്ക് പകർത്തി നൽകുകയാണ് രീതി. തമിഴ്നാട്ടിൽ 68 രൂപയ്ക്ക് വിൽക്കുന്ന വെള്ളയും നീലയും മണ്ണെണ്ണ പൊഴിയൂർ തീരപ്രദേശത്തുള്ളവർക്ക് 120 രൂപയ്ക്ക് വിൽക്കും. ചെറിയ ഗ്യാസ് സിലിണ്ടറുകൾ 1200 രൂപയ്ക്കും നിറച്ച് കൊടുക്കും.
റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെക്കണ്ട് അനധികൃത മണ്ണെണ്ണ കച്ചവടക്കാരനും സംഘവും ഓടി രക്ഷപ്പെട്ടു. പിടിച്ചടുത്ത ബാരലിലെ മണ്ണെണ്ണയും, ഗ്യാസ് സിലിണ്ടറുകളും കേരള സിവിൽ സപ്ലൈസ് ഓഫീസിലേക്ക് മാറ്റി.
Tags :