ADVERTISEMENT
കാഠ്മണ്ഡു: രാജ്യത്ത് അലയടിച്ച ജെൻ സി പ്രക്ഷോഭത്തെ തുടർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമാ ഓലി രാജി വച്ചു.
സമൂഹമാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് രണ്ട് ദിവസമായി നേപ്പാളിൽ തുടരുന്ന പ്രതിഷേധങ്ങളിൽ 19 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാർ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതിക്ക് തീയിട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഓലി രാജി പ്രഖ്യാപിച്ചത്. പ്രതിഷേധക്കാരുടെ പ്രധാന ആവശ്യമായിരുന്നു പ്രധാനമന്ത്രി ശർമ ഓലിയുടെ രാജി.
വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയുൾപ്പെടെ 26 സമൂഹ മാധ്യമ വെബ്സൈറ്റുകൾക്ക് വ്യാഴാഴ്ച നേപ്പാൾ സർക്കാർ നിരോധനമേർപ്പെടുത്തിയിരുന്നു. വാർത്ത വിതരണ മന്ത്രാലയത്തിന് കീഴിൽ സൈറ്റുകൾ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന പാലിക്കാഞ്ഞതിന് പിന്നാലെയായിരുന്നു നടപടി.
ഇതോടെ,ആയിരക്കണക്കിന് യുവജനങ്ങൾ തെരുവിലിറങ്ങി. യൂണിഫോം ധരിച്ച വിദ്യാർഥികളടക്കം ആയിരങ്ങൾ കാഠ്മണ്ഡുവിലെ പാർലമെന്റ് മന്ദിരത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ‘അഴിമതിയാണ് നിർത്തേണ്ടത് സമൂഹ മാധ്യമങ്ങളല്ല’ എന്നിങ്ങനെ മുദ്രാവാക്യങ്ങൾ എഴുതിയ പ്ളക്കാർഡുകളുമായായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് തകർത്ത് പാർലമെന്റ് മന്ദിരത്തിലേക്ക് കടക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പാർലമെന്റ് മന്ദിരത്തിന് ചുറ്റും അധികൃതർ കർഫ്യൂ ഏർപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ജലപീരങ്കിയും റബ്ബർ ബുള്ളറ്റുമടക്കം പ്രയോഗിക്കുകയായിരുന്നു.
സർക്കാർ നടപടി അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെൻസർഷിപ് ഏർപ്പെടുത്താനുമുള്ള നീക്കമാണെന്നു വിമർശിച്ചാണു യുവജനങ്ങൾ രംഗത്തിറങ്ങിയത്.
നിരോധനം പിൻവലിക്കാനാവശ്യപ്പെട്ട് ‘ജെൻ സി’ (ജനറേഷൻ സെഡ്) ബാനറുമായി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ പ്രതിഷേധിച്ച ചെറുപ്പക്കാർ, സർക്കാർവിരുദ്ധ മുദ്രാവാക്യമുയർത്തിയിരുന്നു. പ്രക്ഷോഭത്തിനിടെ യുവാക്കൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജി വച്ചിരുന്നു.
ഓൺലൈൻ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും വർദ്ധിച്ചതായി ചൂണ്ടിക്കാട്ടി ജൂലൈയിൽ നേപ്പാൾ സർക്കാർ ടെലിഗ്രാമിന് വിലക്കേർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങൾ അംഗീകരിച്ചതോടെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടിക് ടോക്കിന് ഏർപ്പെടുത്തിയിരുന്ന ഒമ്പത് മാസത്തെ വിലക്ക് സർക്കാർ നീക്കിയിരുന്നു.
എന്നാൽ, മെറ്റയും എക്സും ഗൂഗിളുമടക്കം കമ്പനികളുടെ കീഴിലുള്ള സമൂഹമാധ്യമങ്ങൾ നേപ്പാൾ സർക്കാരിന്റെ നിർദേശം തള്ളി തുടരുകയായിരുന്നു. ഇതാണ് സമ്പൂർണ വിലക്കിൽ കലാശിച്ചത്.
Tags :