ADVERTISEMENT
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മിനിറ്റ്സ് വിവാദത്തില്‍ നിയമനടപടിയുമായി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മലിനും മുന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനുമെതിരെ ഇടത് സിന്‍ഡിക്കേറ്റ് അംഗം ഡോ. ലെനില്‍ ലാല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്കി.
സിന്‍ഡിക്കേറ്റിന്റെ മിനിറ്റ്സില്‍ വിസിയും മിനി കാപ്പനും തിരിമറി നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. വഞ്ചന, ഔദ്യോഗിക രേഖകളില്‍ കൃത്രിമം വരുത്തല്‍, ഗൂഢാലോചന എന്നീ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
സെപ്റ്റംബര്‍ രണ്ടിന് ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ റജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്ഷന് അംഗീകരിക്കുകയും പകരം ചുമതല ജോയിന്റ് റജിസ്ട്രാര്‍ രശ്മിക്കു നല്‍കുകയും ചെയ്തെന്നാണ് മിനിറ്റ്സില്‍ വിസി രേഖപ്പെടുത്തിയത്.
എന്നാല്‍, റജിസ്ട്രാറുടെ സസ്പെന്ഷന് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അത്തരത്തിലൊരു തീരുമാനം സിന്‍ഡിക്കറ്റ് എടുത്തിട്ടില്ലെന്നാണ് ഡോ.ലെനിന് ലാല്‍ നല്കിയ പരാതിയില്‍ പറയുന്നത്. വിസി മോഹനന് കുന്നുമ്മല്‍ ദുരുദ്ദേശത്തോടുകൂടി മിനിറ്റ്സ് തിരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
Tags : Kerala University VC