ADVERTISEMENT
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദം പൂർത്തിയായി. ഗവർണർ എതിരാളിയല്ലെന്നും ശത്രുത മനോഭാവത്തിൽ അല്ല പ്രവർത്തിക്കേണ്ടതെന്നും കേരളം സുപ്രീം കോടതിയിൽ പറഞ്ഞു.
ദന്തഗോപുരങ്ങളില്‍ വസിച്ച് മാസങ്ങളെടുത്തല്ല നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കേണ്ടതെന്ന് കേരളം വിമർശിച്ചു. നിയമനിര്‍മാണ സഭയുടെ ഭാഗമാണ് ഗവര്‍ണര്‍. അതുകൊണ്ട് തന്നെ സഭ പാസാക്കുന്ന ബില്ലുകളെ സംബന്ധിച്ച കൃത്യമായ ധാരണ ഗവര്‍ണര്‍ക്കും ഉള്ളതാണ്. ഗവര്‍ണര്‍ക്ക് ജനങ്ങളോട് ബാധ്യത ഉണ്ടെന്നും കേരളത്തിനെ പ്രതിനിധീകരിച്ച് കെ.കെ. വേണുഗോപാല്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.
സംസ്ഥാനത്തെ ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ച് വേണം പ്രവർത്തിക്കേണ്ടത്. ബില്ലുകൾ റദ്ദാക്കപ്പെടുമ്പോൾ അതിന്റെ കാരണവും പറയണം. നിയമസഭയുടെ പ്രവർത്തനം അട്ടിമറിക്കാൻ ഗവർണർക്ക് കഴിയില്ല. മന്ത്രിമാരുമായി ബില്ലിനെ കുറിച്ച് സംസാരിച്ചതിനുശേഷം ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും കേരളം വാദത്തിൽ ചൂണ്ടിക്കാട്ടി.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിയമപരമായി ശരിയാണെന്നും കേരളം കോടതിയില്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രപതിയുടെ റഫറന്‍സ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായിയുടെ അധ്യക്ഷതയില്‍ ഉള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കെ.കെ. വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാല കൃഷ്ണ കുറുപ്പ്, സീനിയര്‍ അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ്, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ. ശശി, സീനിയര്‍ ഗവൺമെന്റ് പ്ലീഡര്‍ വി. മനു എന്നിവര്‍ ഹാജരായി.
Tags : Governor Kerala Supreme Court