ADVERTISEMENT
കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ബി. അശോക് ഐഎഎസിനെ മാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി.
കെടിഡിഎഫ്സി ചെയര്മാന് സ്ഥാനത്തേക്ക് മാറ്റിയ സർക്കാർ ഉത്തരവ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിന് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ മാറ്റിയത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി. അശോക് ട്രൈബ്യൂണലിനെ സമീപിച്ചത്.
സർക്കാർ തീരുമാനത്തിന് പിന്നാലെ അശോക് അവധിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. പുതുതായി നിയമിച്ച കെടിഡിഎഫ്സി ചെയര്മാന് സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു അശോകിന്റെ തീരുമാനം.
കേര പദ്ധതിക്കായി കൃഷി വകുപ്പിന് ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെയാണ് അശോകിനെ പദവിയില്‍നിന്നു മാറ്റിയത്.
വിവരം ചോര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ അശോകിനെ ചുമതലപ്പെടുത്തിയിരുന്നു. കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോര്‍ട്ടില്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനചലനമുണ്ടായത്.
ഇക്കഴിഞ്ഞ ജനുവരിയിൽ കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ബി. അശോകിനെ തദ്ദേശ വകുപ്പ് പരിഷ്കാര കമ്മിഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിയിരുന്നു. എന്നാൽ ഈ തീരുമാനത്തിനെതിരെ അശോക് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും തുടർന്ന് ട്രൈബ്യൂണൽ ആ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു.
ഇത്തവണ ബി. അശോകിനെ മാറ്റി, പകരം ടിങ്കു ബിസ്വാളിനെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.
Tags : Bashok