ADVERTISEMENT
കോട്ടയം: അക്ഷരനഗരിയുടെ സാംസ്കാരികകേന്ദ്രമായ ദര്‍ശന നാല്പതാമാണ്ടിന്റെ പ്രഭയില്‍. കലാ, സംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമെന്ന നിലയില്‍ ദര്‍ശന കോട്ടയത്തിന്റെ അഭിമാനസ്തംഭമാണ്. സിഎംഐ സഭയുടെ നേതൃത്വത്തിലുള്ള സാംസ്കാരിക കേന്ദ്രത്തിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് ഭദ്രദീപം കൊളുത്തിയത്. പ്രഥമ ഡയറക്ടര്‍ ഫാ. ജോസഫ് വലിയതാഴത്തിന്റെ ദീര്‍ഘവീക്ഷണവും അധ്വാനവും അര്‍പ്പണവുമായിരുന്നു ദര്‍ശനയുടെ വിജയത്തിന് അടിത്തറ.
സാഹോദര്യവും സമഭാവനയും മതമൈത്രിയുമാണ് ദര്‍ശനയുടെ മുദ്ര. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം തുടങ്ങി തകഴി, ബഷീര്‍, പ്രേം നസീര്‍, ഒഎന്‍വി കുറുപ്പ്, സി. അച്യുതമേനോന്, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, എം.കെ. സാനു, കമലാ സുരയ്യ തുടങ്ങി ഒട്ടേറെപ്പേരുടെ സാന്നിധ്യം ഇവിടെയുണ്ടായി.
സാഹിത്യ സാംസ്കാരിക നായകന്മാര് പ്രഭാഷണങ്ങള്‍ നടത്തി. സംവാദങ്ങള്‍, ചലച്ചിത്ര മേളകള്‍, സംഗീതപരിപാടികള്‍, നാടകോത്സവങ്ങള്‍, പുസ്തകമേള തുടങ്ങി ഒട്ടേറെ കലാപ്രവര്‍ത്തനങ്ങളാണ് ദര്‍ശന നടത്തിയത്. ദര്‍ശന പുസ്തകമേള പുസ്തക പ്രദര്‍ശനം മാത്രമല്ല മറിച്ച് വായനയുടെ വളര്‍ച്ചയ്ക്കായുള്ള മഹായജ്ഞമായിരുന്നു. നാടക കലയെയും നാടക പ്രവര്‍ത്തകരെയും പ്രോത്സാഹിപ്പിക്കാന്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പ്രഫഷണല്‍ നാടകമത്സരം കലാസ്വാദകര്‍ക്ക് ഹൃദ്യമായ വിരുന്നാണ്. കുട്ടികള്‍ക്കായുള്ള കലാദര്‍ശനയില്‍ നൃത്ത സംഗീത വാദ്യ കലകളില്‍ പരിശീലനം നല്കുന്നു. ഫാ. എമില്‍ പുള്ളിക്കാട്ടില്‍ സിഎംഐയാണ് ദര്‍ശനയുടെ നിലവിലെ ഡയറക്ടര്‍.
റൂബി ജൂബിലി സമ്മേളനം ഇന്ന്
റൂബി ജൂബിലി സമ്മേളനം മാമ്മന്‍ മാപ്പിള ഹാളില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.15ന് മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. ചാവറ എക്സലന്‍സ് പുരസ്കാരങ്ങള്‍ ഗോവ മുന്ഗവര്ണര് പി.എസ്. ശ്രീധരന് പിള്ളയ്ക്കും ബിഷപ് മാര്‍ ജോസ് പുളിക്കലിനും സമ്മാനിക്കും.
ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സിഎംഐ പ്രൊവിന്‍ഷല്‍ റവ.ഡോ. ഏബ്രഹാം വെട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. ചാണ്ടി ഉമ്മന്‍ എംഎല്‍എ പ്രസംഗിക്കും.
കാരിത്താസ് ഹോസ്പിററല് ഡയറക്ടര്‍ റവ.ഡോ. ബിനു കുന്നത്ത്, പ്രസ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ തെക്കിന്‍കാട് ജോസഫ്, ബിസിഎം കോളജ് എന്നിവര്‍ക്ക് പ്രത്യേക ചാവറ അവാര്‍ഡുകള്‍ നല്കി ആദരിക്കും.
Tags :