ADVERTISEMENT
കൊല്ലം: രാത്രിയാത്രകൾ കൂടുതൽ സുഖപ്രദവും സുരക്ഷിതവുമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഇതനുസരിച്ച് രാത്രി പത്തിന് ശേഷം ട്രെയിനുള്ളിൽ ഉച്ചത്തിൽ സംസാരിക്കുന്നതിനും ഉയർന്ന ശബ്ദത്തിൽ പാട്ട് കേൾക്കുന്നതിനും കർശന വിലക്ക് ഉണ്ടാകും.
സഹയാത്രികരെ ശല്യപ്പെടുത്തുന്ന രീതിയിൽ ഉച്ചത്തിൽ റീൽസ് കണ്ടാലോ ഫോണിൽ സംസാരിച്ചാലോ പിടിവീഴും. പിടിവീണാൽ പിഴത്തുകയും അടയ്ക്കണം. ഓരോ യാത്രക്കാരനും രാത്രി ഉറങ്ങാനും വിശ്രമിക്കാനും പൂർണ അവസരവും അവകാശവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗരേഖ കൊണ്ട് ലക്ഷ്യമിടുന്നത്.
പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ റെയിൽവേ മന്ത്രാലയം സുരക്ഷാ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയത്. 1984-ലെ റെയിൽവേ നിയമം സെക്ഷൻ 145 അനുസരിച്ച് ശബ്ദമുണ്ടാക്കി സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുറ്റകരമാണ്.
ഈ നിയമം ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പ് നൽകുകയാണ് പതിവ്. അവഗണിച്ചാൽ 500 മുതൽ 1,000 രൂപ വരെ പിഴ ചുമത്തും. രാത്രി പത്തിന് ശേഷം ഹെഡ് ഫോണുകൾ ഉപയോഗിക്കാതെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ സംസാരിക്കാനോ പാട്ട് കേൾക്കാനോ പറ്റില്ല.
രാത്രി ആവശ്യത്തിനുള്ള ഡിം ലൈറ്റ് ഒഴികെയുള്ള കോച്ചുകളിലെ മറ്റ് എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. നിയമലംഘകർക്ക് ഇനി മുതൽ ഒരു വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും പുതിയ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags :