ADVERTISEMENT
ഫിലാഡെല്‍ഫിയ: ലീഗ്സ് കപ്പ് ഫൈനലിന് പിന്നാലെ നടന്ന കൈയാങ്കളി മാപ്പു പറഞ്ഞ് ലൂയിസ് സുവാരസ്. കൈയാങ്കളിക്കിടെ സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പിയ സംഭവത്തിലാണ് പരസ്യമായി മാപ്പു ചോദിച്ച് ഇന്റര്‍ മയാമി താരം ലൂയിസ് സുവാരസ് രംഗത്തെത്തിയത്.
സെപ്റ്റംബര്‍ ഒന്നിന് നടന്ന ഇന്റര്‍ മയാമി - സിയാറ്റില്‍ സൗണ്ടേഴ്സ് ഫൈനലിനു പിന്നാലെയായിരുന്നു സംഭവം. ലയണല്‍ മെസിയടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ അണിനിരന്ന മയാമിയെ കലാശപ്പോരില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് സിയാറ്റില്‍ കിരീടം നേടിയത്.
ഇതിനു പിന്നാലെയാണ് ഇരു ടീമിലെയും താരങ്ങള്‍ മൈതാനത്ത് ഏറ്റുമുട്ടിയത്. ഇതിനിടെ സുവാരസ് സിയാറ്റില്‍ സൗണ്ടേഴ്സിന്റെ പരിശീലക സംഘത്തില്‍ ഒരാളുടെ മുഖത്ത് തുപ്പി. ഒടുവില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തന്റെ പെരുമാറ്റത്തില്‍ സുവാരസ് മാപ്പു പറഞ്ഞത്.
ലീഗ് കപ്പ് വിജയത്തിന് സിയാറ്റില്‍ സൗണ്ടേഴ്സിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിലും പ്രധാനമായി കളിയുടെ അവസാനം എന്റെ പെരുമാറ്റത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് സുവാരസ് കുറിച്ചു.
Tags :