ADVERTISEMENT
കോട്ടയം: ധന്യന്‍ മാര്‍ മാത്യു മാക്കീലിന്റെ സുകൃതപൂര്‍ണമായ അജപാലനശുശ്രൂഷകള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ചവരാണു ചങ്ങനാശേരി, കോട്ടയം അതിരൂപതകളെന്നും ആ പുണ്യങ്ങള്‍ സഭയുടെ സമ്പത്താണെന്നും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
മാര്‍ മാക്കീല്‍ ചങ്ങനാശേരി വികാരി അപ്പസ്തോലിക്കയായി നിയമിതനായതിന്റെ 130-ാം വാര്‍ഷികത്തിന്റെ സമാരംഭവും ധന്യനായി ഉയര്‍ത്തപ്പെട്ടതിന്റെ കൃതജ്ഞതാ ബലിയര്‍പ്പണവും കോട്ടയം ഇടയ്ക്കാട് സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടത്തിയ വേളയില്‍ സന്ദേശം നല്‍കുകയായിരുന്നു മാര്‍ തറയില്‍.
ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനമധ്യേ വചനപ്രഘോഷണം നടത്തി. മാക്കീല്‍ പിതാവിന്റെ അജപാലന പ്രവര്‍ത്തനങ്ങളുടെ പിന്‍ബലം അദ്ദേഹത്തിന്റെ ആത്മീയതയായിരുന്നുവെന്നും വികാരിയാത്തിനും ഇടവകകള്‍ക്കും ക്രമീകൃതമായ ഭരണസംവിധാനം ഉണ്ടാക്കിയെടുക്കുന്നതിനും മതബോധനസംവിധാനവും വിദ്യാഭ്യാസസംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനും സന്യാസജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബബന്ധങ്ങളെ ദൃഢമാക്കുന്നതിനും അദ്ദേഹം പരിശ്രമിച്ചുവെന്ന് മാര്‍ പെരുന്തോട്ടം അനുസ്മരിച്ചു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. സ്കറിയ കന്യാകോണില്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍മാരായ ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, എടയ്ക്കാട് പള്ളിവികാരി ഫാ. സൈമണ്‍ പുല്ലാട്ട്, രണ്ട് അതിരൂപതകളിലെയും വൈദികപ്രതിനിധികള്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. തോമസ് ആനിമൂട്ടില്‍ സ്വാഗതവും കോട്ടയം ലൂര്‍ദ് ഫൊറോനാ വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് നന്ദിയും പറഞ്ഞു. താഴത്തങ്ങാടി തിരുഹൃദയപള്ളി വികാരി ഫാ. ജോസ് തെക്കേപ്പുറവും ഭാരവാഹികളും നേതൃത്വം നല്കി.
Tags :