ADVERTISEMENT
സസാറാം (ബിഹാര്‍): വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിൽ നടത്തുന്ന വോട്ടർപട്ടികയുടെ പ്രത്യേക സമഗ്ര പുനഃപരിശോധനയ്ക്കെതിരെയും (എസ്ഐആർ) ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ബിഹാറിലെ സസാറാമില്‍ തുടക്കമായി.
ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണ് താന്‍ നടത്തുന്നതെന്നും രാജ്യമെമ്പാടും ആർഎസ്എസും ബിജെപിയും അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും യാത്രയ്ക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചും നിയമസഭാ തെരഞ്ഞെടുപ്പുകൾ മുതൽ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ബിജെപി ആസൂത്രിതമായി മോഷ്ടിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകൾ ഇന്ത്യാ സഖ്യത്തിന്റെ വിജയം പ്രവചിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചു. എന്നാൽ വെറും നാല് മാസത്തിന് ശേഷം, ബിജെപി സഖ്യം നിയമസഭാ തെരഞ്ഞെടുപ്പിൽ തൂത്തുവാരി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു കോടി പുതിയ വോട്ടർമാരെ ചേർത്തതായി ഞങ്ങൾ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെയാണ് ബിജെപി വിജയിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മിഷൻ എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമ്മിഷന് നല്‍കുന്നില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് വാര്‍ത്താസമ്മേളനങ്ങളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടിയെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
ഞങ്ങൾ ഒരു പത്രസമ്മേളനം നടത്തി. അടുത്ത ദിവസം തന്നെ, ഒരു സത്യവാംഗ്മൂലം സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് ആവശ്യപ്പെട്ടു. എന്നാൽ സമാനമായ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ ബിജെപി നേതാക്കളോട് അവർ അത് ആവശ്യപ്പെടുന്നില്ല. ഇത് ഏതു തരത്തിലുള്ള നിഷ്പക്ഷതയാണെന്നും അദ്ദേഹം ചോദിച്ചു.
ബിഹാറില്‍ മാത്രമല്ല, ആസാമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ട് മോഷണം നടന്നു. ബിഹാറിലെ തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും വോട്ട് മോഷണം അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
ബിഹാറിൽ ഇന്ത്യ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ ആർജെഡിക്കൊപ്പം കൈകോർത്താണ് ജനാധിപത്യ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാഹുലിന്റെ നേതൃത്വത്തിലുള്ള വോട്ടർ അധികാർ യാത്ര. സസാറാമിൽനിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് സെപ്റ്റംബർ ഒന്നിന് റാലിയോടെ പാറ്റ്നയിലാണ് വിരാമമാകുക. പതിനാല് ദിവസങ്ങളിലധികം യാത്രയുടെ ഭാഗമായി രാഹുൽ ബിഹാറിൽ ഉണ്ടാകും.
Tags : Rahul Gandhi Voter Adhikar Yatra Bihar