ADVERTISEMENT
ഇടുക്കി: സിങ്കുകണ്ടത്ത് വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ഇന്നു പുലര്‍ച്ചെ പ്രദേശത്തെത്തിയ ചക്കക്കൊമ്പന് ഒരു വീട് പൂര്‍ണമായും ഇടിച്ചുനിരത്തി. മുതുപ്ലാക്കല്‍ മറിയക്കുട്ടിയുടെ വീടാണ് കാട്ടാന തകര്‍ത്തത്.
ഇന്നു പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. മറിയക്കുട്ടി ചികിത്സാവശ്യത്തിനായി പോയിരിക്കുകയായിരുന്നു. വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന സമീപവാസിയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഇയാള്‍ ഇറങ്ങി നോക്കിയെങ്കിലും ആന വരുന്നതറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.
വീടും വീട്ടുപകരണങ്ങളും പൂര്‍ണമായും തകര്‍ത്താണ് ആന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് നാട്ടുകാരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തി.
പ്രദേശത്ത് പതിവായെത്തി നാശം വിതയ്ക്കുന്ന ചക്കക്കൊമ്പനെ പിടികൂടി ഇവിടെ നിന്നു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Chakkakomban Wild Elephant Idukki