ADVERTISEMENT
ഭോപ്പാൽ: മധ്യപ്രദേശിൽ മധ്യവയസ്കനെ മൂന്നാംഭാര്യയും കാമുകനും കൊലപ്പെടുത്തി. അനുപൂർ ജില്ലയിലെ സക്കറിയ ഗ്രാമത്തിലാണ് സംഭവം.
ഭയ്യാലാൽ രജക് (60) എന്നയാളാണ് കൊല്ലപ്പെട്ടത്. ആദ്യ ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് ഇയാൾ ഗുഡ്ഡി ബായി എന്ന സ്ത്രീയെ വിവാഹം ചെയ്തു. എന്നാൽ ഇവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. അനന്തരാവകാശി വേണമെന്ന ആഗ്രഹത്താൽ ഇയാൾ ഗുഡ്ഡി ബായിയുടെ സഹോദരി വിമല എന്നും അറിയപ്പെടുന്ന മുന്നിയെ വിവാഹം ചെയ്തു.
ഈ ബന്ധത്തിൽ ഭയ്യാലാലിന് രണ്ട് കുട്ടികളുണ്ടായി. എന്നാൽ മുന്നിയുടെ പ്രാദേശിക വസ്തു ഇടപാടുകാരനായ നാരായൺ ദാസ് കുശ്വാഹയുമായുള്ള ബന്ധം ദുരന്തത്തിലാണ് കലാശിച്ചത്.
പോലീസ് പറയുന്നതനുസരിച്ച്, മുന്നിയുടെയും നാരായണ്‍ ദാസിന്റെയും അവിഹിത ബന്ധം വളരെ ശക്തമായി വളര്‍ന്നു. ഇതേതുടർന്ന് ഇരുവരും ഭയ്യാലാലിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. ഭയ്യാലാലിനെ കൊലപ്പെടുത്താനുള്ള ദൗത്യം 25 കാരനായ ധീരജ് കോളിനെയാണ് നാരായൺ ദാസ് ഏൽപ്പിച്ചത്.
ഓഗസ്റ്റ് 30ന് രാത്രി, നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ഭയ്യാലാലിനെ നാരായൺ ദാസും ധീരജും തലയ്ക്ക് അടിച്ച്കൊന്നു. തുടർന്ന് മൃതദേഹം ചാക്കിലും പുതപ്പിലും പൊതിഞ്ഞ്, കയറുകളും സാരികളും കൊണ്ട് കെട്ടി ഗ്രാമത്തിലെ കിണറ്റിൽ തള്ളി.
പിറ്റേന്ന് രാവിലെ, കിണറ്റിൽ എന്തോ പൊങ്ങിക്കിടക്കുന്നത് രണ്ടാം ഭാര്യ ഗുഡ്ഡി ബായി കണ്ടു. തുടർന്ന് ഇവർ വിവരം പോലീസിൽ അറിയിച്ചു. കിണറ്റിൽ നിന്നും ഭയ്യാലാലിന്റെ മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് ഭയ്യാലാൽ മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.
Tags : murder