ADVERTISEMENT
ഇടുക്കി: കരട് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും പേരു ചേർക്കുന്നതിനും മേൽവിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താനുമുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസരം വോട്ടർ ഹെൽപ്പ് ഡെസ്ക് വഴി ലഭിക്കും. ജൂലൈ 23നാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.
പേര് ചേർക്കുന്നതിനും പട്ടികയിൽ ഭേദഗതി വരുത്തുന്നതിനും ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ പോളിംഗ് സ്റ്റേഷനിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകൾ നാളെ വരെ നൽകാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ kerala.gov.in വെബ്സൈറ്റിലാണ് ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുേൻപാ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.
വാർഡ് പുനർവിഭജനത്തെത്തുടർന്ന് തദ്ദേശസ്ഥാപനങ്ങളിൽ നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക പുതിയ വാർഡുകളിൽ ഡീലിമിറ്റേഷൻ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുനഃക്രമീകരിച്ചത്.
നിലവിലെ വോട്ടർപട്ടിക പുനഃക്രമീകരിച്ചതിലെ പിഴവുമൂലം വാർഡോ പോളിംഗ് സ്റ്റേഷനോ മാറിയിട്ടുണ്ടെങ്കിൽ അവ തിരുത്തുന്നതിന് സ്വമേധയാ നടപടി സ്വീകരിക്കുന്നതിന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. എഡിഎം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർമാരായ അതുൽ സ്വാമിനാഥൻ, സുജ വർഗീസ് എന്നിവർ പ്രസംഗിച്ചു.
Tags :