ADVERTISEMENT
കോട്ടയം: ശാസ്ത്രത്തിന്റെ വിസ്മയലോകത്തേക്ക് വാതിലുകള്‍ തുറന്നിട്ട് കോഴാ സയന്‍സ് സിറ്റി. ഇനി പ്രപഞ്ചസത്യങ്ങളുടെ വിശാലവിസ്മയങ്ങളിലേക്ക് കൗതുകപ്രവേശനം.
ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സ്ഥാപിക്കുന്ന സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടമായ സയന്‍സ് സെന്റര്‍ യാഥാര്‍ഥ്യമായി. ഉദ്ഘാടനം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷത വഹിക്കും.
സമൂഹത്തില്‍ ശാസ്ത്രാവബോധം വളര്‍ത്താനും ശാസ്ത്ര വിഷയങ്ങളില്‍ കുട്ടികള്‍ക്കുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കുറവിലങ്ങാട് പഞ്ചായത്തിലെ കോഴായില്‍ എംസി റോഡരില്‍ സര്‍ക്കാര്‍ അനുവദിച്ച 30 ഏക്കര്‍ ഭൂമിയില്‍ സയന്‍സ് സിറ്റി സ്ഥാപിച്ചത്. ശാസ്ത്ര ഗാലറികള്‍, തൃമാന പ്രദര്‍ശന തിയറ്റര്‍, ശാസ്ത്ര പാര്‍ക്ക്, സെമിനാര്‍ ഹാള്‍, ഇന്നവേഷന്‍ ഹബ് എന്നിവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്ററാണ് പ്രധാന ഭാഗം. പദ്ധതി പ്രദേശത്ത് 47,147 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്ന സയന്‍സ് സെന്റര്‍ കെട്ടിടത്തില്‍ പല വിഭാഗങ്ങളിലായിട്ടാണ് പ്രദര്‍ശനം സജ്ജമാക്കിയിട്ടുള്ളത്. ഇതിനുപുറമേ തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ അപൂര്‍വയിനം വനസുഗന്ധവ്യഞ്ജനങ്ങൾ ഉള്‍ക്കൊള്ളിച്ച് പൊതുജനങ്ങള്‍ക്കായി ഒരു ജൈവവൈവിധ്യ ഉദ്യാനത്തിന്റെ നിര്‍മാണോദ്ഘാടനം ഉടന്‍ നടക്കും.
പ്രവേശനം നാലു മുതല്‍
സയന്‍സ് സിറ്റിയിലേക്ക് ഉദ്ഘാടനപ്പിറ്റേന്നു മുതല്‍ പ്രവേശനം അനുവദിക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്നത്.
തിങ്കളാഴ്ചകളില്‍ അവധിയായിരിക്കും. 30 രൂപയാണ് പ്രവേശന ഫീസ്. വിദ്യാര്‍ഥികള്‍ക്ക് 20 രൂപയും.
Tags :