ADVERTISEMENT
പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ കൊങ്ങാട് മേഖലയും പുലിപ്പേടിയിലേക്ക്. മേഖലയിൽ പുലി ഇറങ്ങിയതായി സംശയം. കഴിഞ്ഞ ദിവസം പ്രദേശവാസിയായ മുണ്ടത്താനം ഫിലിപ്പിന്റെ ആടിനെ അജ്ഞാത ജീവി കടിച്ചുകൊന്നനിലയിൽ കണ്ടെത്തി.
രാത്രിയിൽ വീടിനോട് ചേർന്നു കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്ന് പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ വനപാലകർ സ്ഥലം നിരീക്ഷിച്ച് കാമറകൾ സ്ഥാപിച്ചു. പുലിയോ പുലിക്ക് സമാനമായ മറ്റു മൃഗങ്ങളോ ആകാം ആടിനെ കടിച്ചുകൊന്നതെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.
സാധാരണക്കാരായ കർഷക കുടുംബങ്ങൾ മാത്രം അധിവസിക്കുന്ന മേഖലയാണ് കൊങ്ങാട്. പെരുവന്താനം പഞ്ചായത്തിലെ യാത്രാക്ലേശം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളിൽ ഒന്നുമാണ്. റോഡിന്റെ ദുരവസ്ഥ മൂലം യാത്രാദുരിതം അനുഭവിക്കുന്ന പെരുവന്താനം ആനചാരി നിവാസികൾക്ക് യാതൊരു സഹായവും അധികാരികളുടെ ഭാഗത്തുനിന്നു ലഭിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് പുലിഭീതി കൂടി എത്തുന്നത്. ആടിനെയും പശുവിനെയും വളർത്തുന്ന നിരവധി കർഷകർ പ്രദേശത്തുണ്ട്.
കൊങ്ങാട് പുലി ഇറങ്ങിയെന്ന പ്രചാരണത്തിനു പിന്നാലെ സമീപസ്ഥലങ്ങളായ ആനചാരി, അമലഗിരി, അഴങ്ങാട് പ്രദേശങ്ങളിലുള്ളവരും ഭീതിയിലാണ്. സമീപത്തെങ്ങും വനമേഖല ഇല്ലാത്ത ഇവിടെ പുലി എങ്ങനെ എത്തിയെന്ന ചോദ്യവും ബാക്കിയാവുകയാണ്. പെരിയാർ വന്യജീവി സങ്കേതത്തിൽനിന്നു കണയങ്കവയൽ അമലഗിരി പ്രദേശത്തുകൂടി എത്തിയതാണെന്ന നിഗമനവുമുണ്ട്.
ഏതാനും മാസം മുമ്പ് അമലഗിരിയിൽ ജനവാസ മേഖലയിൽ കാട്ടാന എത്തിയിരുന്നു. പിന്നീട് വനംവകുപ്പ് തുരത്തി ഓടിക്കുകയായിരുന്നു. മേഖലയിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതോടെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. വനം വകുപ്പിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags :