ADVERTISEMENT
ചെറുതോണി: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തിൽ രാജമുടിൽ നടന്ന നേതൃത്വ പഠന ശില്പശാല രാജ്യത്ത് വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾക്കെതിരേ പ്രതിഷേധിച്ചു.
ഭരണഘടനയുടെ അന്തസത്ത തകർത്ത് മതേതരത്വ സങ്കൽപ്പങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരും സംസ്ഥാനങ്ങളിൽ ഭരണം നടത്തുന്ന ബിജെപി സർക്കാരുകളും ജനാധിപത്യം അട്ടിമറിച്ച ആൾക്കൂട്ട ആധിപത്യത്തിനും അരാജകത്വത്തിനും വഴിയൊരുക്കുകയാണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത നേതൃത്വ സമ്മേളനം പ്രതിഷേധ പ്രമേയത്തിൽ ആരോപിച്ചു.
പൊതുസമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിവിധ മേഖലകളിൽ കേരള മോഡൽ സൃഷ്ടിക്കപ്പെടാൻ കഴിഞ്ഞതിന്റെ പിന്നിൽ ക്രൈസ്തവ സഭയ്ക്കും സമുദായ നേതാക്കൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മാത്രമല്ല നവോത്ഥാന കേരളത്തിന്റെ സമസ്ത മേഖലകളിലും ക്രൈസ്തവ സമൂഹത്തിന്റെ കയ്യൊപ്പ് ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം ആമുഖ പ്രഭാഷണം നടത്തി. ഡോ. കെ.എം ഫ്രാൻസിസ് തൃശൂർ, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, ഡോ . പീറ്റർ രാജ് എന്നിവർ ശില്പശാലയിൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സിജോ ഇലന്തൂർ, ജോസഫ് ചാണ്ടി തേവർപറമ്പിൽ, ജോർജുകുട്ടി പുന്നക്കുഴിയിൽ, ടോമി കണ്ടത്തിൽ, ജോസ് തോമസ് ഒഴുകയിൽ, റിൻസി സിബി, ജെറിൻ ജെ. പട്ടാങ്കുളം എന്നിവർ പ്രസംഗിച്ചു. സാബു കുന്നുംപുറം, കെ.യു. ബിനോയി, ജോളി ജോൺ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. രൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 300 ലധികം പ്രതിനിധികൾ പങ്കെടുത്തു.
Tags :