ADVERTISEMENT
മുഹമ്മ: മുഹമ്മ കെഇ കാർമൽ സിഎംഐ സ്കൂൾ നടത്തിയ കർഷകദിനാഘോഷം വേറിട്ട കാഴ്ചയൊരുക്കി. ആലപ്പി ഡേയോടനുബന്ധിച്ചാണ് മുഹമ്മയുടെ മനം കവർന്ന പരിപാടി സംഘടിപ്പിച്ചത്. ഓണനാളുകളുടെ മധുരം പകരാൻ മാവേലിയും ഓണത്തപ്പനും വാമനനും മലയാളി മങ്കമാരും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയത് ഇമ്പമൂറുന്ന കാഴ്ചയായി.
സ്കൂൾ കവാടത്തിന് മുന്നിൽ സജ്ജമാക്കിയ തിരുവോണത്തോണിയാണ് കാണികളെ വരവേറ്റത്. തോണി നിറയെ പച്ചക്കറികളും ഒരുക്കിയിരുന്നു. കയർ ഉത്പന്നങ്ങൾ കൊണ്ട് അലങ്കരിച്ച ആകർഷണീയമായ വേദിയിലേക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിശിഷ്ടാതിഥികളെ വരവേറ്റത്. മന്ത്രി പി. പ്രസാദ് കർഷക ദിനാഘോഷം ഉദ്ഘാടനം ചെയ്തു.
കർഷകരെയും കൃഷിയെയും ചേർത്തുപിടിക്കാൻ കെഇ കാർമൽ സ്കൂൾ കാണിച്ച താത്പര്യം മഹത്വമേറിയതാണെന്ന് മന്ത്രി പറഞ്ഞു. ഒരു സ്കൂൾ കൃഷിയെ നെഞ്ചിലേറ്റുന്ന കാഴ്ച മനസിൽ തട്ടുന്നതാണ്. ഇതുപോലൊരു പരിപാടി അടുത്തെങ്ങും താൻ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കർഷകരോടുള്ള ആദരസൂചകമായി കുട്ടികൾ വീടുകളിൽനിന്നു കൊണ്ടുവന്ന നാടൻ പച്ചക്കറികൾ അനാഥാലയത്തിലേക്ക് നൽകുന്നതിനായി മന്ത്രി ഏറ്റുവാങ്ങി. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. സാംജി വടക്കേടത്തിനെ മുഹമ്മ പഞ്ചായത്തിനുവേണ്ടി മന്ത്രി പൊന്നാട അണിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഫലകം കൈമാറി. സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ മന്ത്രിയെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധു രാജീവ്, പഞ്ചായത്തംഗം വി. വിഷ്ണു, ബർസാർ ഫാ. സനു വലിയവീട്, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ്, പിടിഎ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി തോട്ടുങ്കൽ, സന്തോഷ് ഷൺമുഖൻ, കോ ഓർഡിനേറ്റർ സബിത, ജേക്കബ് ഐ. ചാക്കോ, ക്ലൗഡിയ ഏബ്രഹാം, നവ്യ ജോസ് എന്നിവർ പ്രസംഗിച്ചു.
Tags :