ADVERTISEMENT
കോട്ടയം: കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കുന്നതില്‍ കോട്ടയം ജില്ല വഴികാട്ടിയായിരിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. ജില്ലാ ആസൂത്രണ സമിതി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാനത്തെ അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി രാജേഷ്. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു.
അതിദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ജില്ലയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സ്മരണിക മന്ത്രി എം.ബി. രാജേഷ്, മന്ത്രി വി.എന്‍. വാസവനു നല്കി പ്രകാശനം ചെയ്തു.
ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍, വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് അജയന് കെ. മേനാന്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് മുകേഷ് കെ. മണി, തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.സി. ബാലഗോപാല്‍, ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്. രാജീവ്, അസിസ്റ്റന്റ് ഡയറക്ടര്‍ സജ്ന സത്താര്‍, എഡിഎം എസ്. ശ്രീജിത്ത്, തദ്ദേശ സ്വയം ഭരണവകുപ്പ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
<b>അതിദരിദ്രരില്ലാത്ത ജില്ലയായി കോട്ടയം മാറിയതിങ്ങനെ</b>
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രക്രിയ. അഞ്ചു വര്‍ഷത്തിനുള്ളില്‍ അതിദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. വിവരശേഖരണ പ്രക്രിയ 2021 ഒക്ടോബറില്‍ ആരംഭിച്ചു.
1344 എന്യൂമറേഷന് സംഘങ്ങള്‍ സര്‍വേയില്‍ പങ്കാളികളായി. 2688 എന്യുമറേറ്റര്മാര് പങ്കെടുത്തു. അനുബന്ധമായി ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളും ഗ്രാമസഭാ ചര്‍ച്ചകളും നടന്നു. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം (വീടില്ലാത്തവര്‍, വീടും സ്ഥലവും ഇല്ലാത്തവര്‍) എന്നീ ക്ലേശഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിച്ചത്. 2022 ജനുവരി 10ന് അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ സംസ്ഥാനത്ത് ആദ്യമായി പൂര്‍ത്തീകരിച്ച ജില്ലയായി കോട്ടയം. 1071 പേരെ സര്‍വേയില്‍ കണ്ടെത്തി. അന്തിമപട്ടികയില്‍ 903 പേരെ അതിദരിദ്രരായി കണ്ടെത്തി.
അതിദരിദ്രരുടെ പുനരധിവാസത്തിനും ഉപജീവനത്തിനുമായി 2022 ഓഗസ്റ്റില്‍ 978 മൈക്രോപ്ലാനുകള്‍ തയാറാക്കി. 2022 ഒക്ടോബറില്‍ നിര്‍വഹണം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ തയാറാക്കിയ മൈക്രോപ്ലാന്‍ പ്രകാരം ഭക്ഷണം, മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍, ആരോഗ്യ സഹായ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയായിരുന്നു നിര്‍വഹണം. ഭക്ഷണത്തിനു ബുദ്ധിമുട്ടു നേരിട്ട കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്യല്‍, ആഹാരം പാകം ചെയ്യാന്‍ സാധിക്കാത്ത കുടുംബങ്ങള്‍ക്ക് പാകം ചെയ്ത ഭക്ഷണം നല്കല് തുടങ്ങിയവ ലഭ്യമാക്കി തുടര്‍ന്നുവരുന്നുണ്ട്. ഇത്തരത്തില്‍ 605 കുടുംബങ്ങള്‍ക്കാണു സേവനം നല്‍കുന്നത്. മരുന്നുകള്‍ ആവശ്യമുള്ള 693 കുടുംബങ്ങള്‍ക്ക് അതും ലഭ്യമാക്കി.
പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ആവശ്യമായിരുന്ന 206 കുടുംബങ്ങള്‍ക്കും ആരോഗ്യസുരക്ഷാ സാമഗ്രികള്‍ ആവശ്യമായിരുന്ന ആറു കുടുംബങ്ങള്‍ക്കും വരുമാനമാര്‍ഗം ഒരുക്കിക്കൊടുക്കേണ്ടിയിരുന്ന 155 കുടുംബങ്ങള്‍ക്ക് അതിനുള്ള സൗകര്യമൊരുക്കി. കുടുംബശ്രീ-ഉജ്ജീവനം പദ്ധതി വഴി 140 കുടുംബങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ആറു കുടുംബങ്ങള്‍ക്കും മറ്റു വകുപ്പുകള്‍ വഴി അഞ്ചു കുടുംബങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ വഴി അഞ്ചു കുടുംബങ്ങള്‍ക്കും വരുമാനമാര്‍ഗങ്ങള്‍ ലഭ്യമാക്കി.
ഭവനരഹിതരും, ഭൂരഹിത ഭവനരഹിതരും ആയ മുഴുവന്‍ പേര്‍ക്കും സുരക്ഷിത വാസസ്ഥലങ്ങള്‍ ഉറപ്പാക്കി. അതിദരിദ്ര കുടുംബങ്ങളിൽ വീട് മാത്രം ആവശ്യമായ 67 കുടുംബങ്ങളാണുണ്ടായിരുന്നത്. അവര്‍ക്ക് വീട് ഉറപ്പാക്കി. വീടും വസ്തുവും ആവശ്യമായിട്ടുള്ള 50 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ഉറപ്പാക്കി. 22 കുടുംബങ്ങളെ വാടകവീടുകളിലേക്ക് മാറ്റി. 490 ഗുണഭോക്താക്കള്‍ക്ക് ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, മറ്റു തിരിച്ചറിയല്‍ കാര്‍ഡുകള്‍ അടക്കമുള്ള അവകാശ രേഖകള്‍ ലഭ്യമാക്കി. 55 വിദ്യാര്‍ഥികള്‍ക്കു സൗജന്യ ബസ് പാസും പഠനോപകരണങ്ങളും ഒരുക്കി. അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍, മാനസികവെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ പുനരധിവസിപ്പിക്കാനും ചികിത്സയ്ക്കുമുള്ള നടപടികള്‍ സ്വീകരിച്ചു.
അതിദരിദ്രരില്ലാത്ത സംസ്ഥാനത്തെ ആദ്യജില്ലയായി കോട്ടയത്തെ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലെതന്നെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായി കോട്ടയം മാറിയെന്ന് മന്ത്രി വാസവന് പറഞ്ഞു.
Tags :