ADVERTISEMENT
മറവൻതുരുത്ത്: കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ കോഴിഫാമിലെ 450 ഓളം കോഴികളെ കടിച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെ മറവൻതുരുത്ത് വാഴേകാട് കുരിയാത്തുംവേലിൽ കെ.ആർ.സുകുമാരന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ കൂട്ടത്തോടെ ചത്തത്.
കോഴിഫാമിന്റെ ഒരു വശത്തെ തൂണ് തകർത്ത ശേഷം പൊക്കിയിട്ടിരുന്ന മണ്ണ് മാന്തി കുഴിച്ച് അകത്ത് കടന്നാണ് പകുതി വളർച്ചയെത്തിയ കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. 1000 കോഴികളെയാണ് ഫാമിൽ വളർത്തിയിരുന്നത്.
കോഴികളുടെ ബഹളം കേട്ട് വീട്ടുകാർ ഓടിയെത്തിയതോടെ തെരുവുനായ്ക്കൾ ഓടിമറഞ്ഞു. ചത്ത കോഴികളെ സമീപത്തുതന്നെ കുഴിയെടുത്ത് മറവ് ചെയ്തു. പ്രദേശം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കൂട്ടംകൂടിയെത്തുന്ന തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് പതിവാണെന്നും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും രൂക്ഷമായ നായശല്യത്തിന് പരിഹാരമില്ലെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഫാം ഉടമ സുകുമാരൻ പറഞ്ഞു.
Tags :