ADVERTISEMENT
തൊടുപുഴ: തൊടുപുഴ- പാലാ റൂട്ടിലെ നെല്ലാപ്പാറ വളവിലെ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്പോൾ മോട്ടോർ വാഹന വകുപ്പ് മുന്നോട്ടു വച്ച നിർദേശങ്ങൾ ഇപ്പോഴും ഫയലിൽ.
പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ റോഡിന്റെ അശാസ്ത്രീയ നിർമാണമാണ് അപകടകാരണമെന്നു വർഷങ്ങൾക്കു മുന്പുതന്നെ ആക്ഷേപമുയർന്നിരുന്നു. വളവുകൾ അതേപടി നിലനിർത്തിയാണ് കെഎസ്ടിപി റോഡിനു വീതി കൂട്ടിയത്. വളവ് ഇല്ലാതാക്കാൻ ഭൂമി ഏറ്റെടുത്തെങ്കിലും ഈ ശ്രമം പിന്നീട് ഉപേക്ഷിച്ചു. റോഡ് വീതി കൂടിയതോടെ വളവുകളുള്ള റോഡിൽ വാഹനങ്ങൾ അമിത വേഗമെടുക്കുന്നതാണ് അപകടം കൂട്ടുന്നത്.
27 കൊടുംവളവ്
132 കിലോമീറ്റർ പാതയിൽ 27 കൊടും വളവുകളുള്ള നെല്ലാപ്പാറയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ. കഴിഞ്ഞ ദിവസവും ഇവിടെ ലോഡ് കയറ്റി വന്ന ലോറി മറിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി എട്ടോടെ നെല്ലാപ്പാറ കുരിശുപള്ളി വളവിൽനിന്നാണ് താഴ്ചയിലേക്കു ലോറി മറിഞ്ഞത്. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലെ ട്രാൻസ്ഫോമർ ഇടിച്ചു തകർത്താണ് താഴേക്കു പതിച്ചത്. റബർഷീറ്റുമായി വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽപെട്ടത്. മുപ്പതടിയോളം താഴേക്കു പതിച്ച വാഹനത്തിൽനിന്നു ഡ്രൈവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അപകട സാധ്യത കുറയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് ഏതാനും നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇതൊന്നും നടപ്പായില്ല. ഇപ്പോൾ കുഴി നികത്തി ടൈൽ പാകുന്ന ജോലികൾ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി ഇടപെട്ടിട്ടും
നാലു വർഷം മുന്പ് നെല്ലാപ്പാറയിലെ അപകടങ്ങളെ സംബന്ധിച്ചു മുഖ്യമന്ത്രിക്കു വിവരാവകാശ പ്രവർത്തകനായ ടോം തോമസ് പൂച്ചാലിൽ പരാതി നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പൊതുമരാമത്ത് നിരത്ത് വിഭാഗം എൻജനിയറോട് ആവശ്യമായ നടപടിയെടുക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇതിനു ശേഷവും കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല.
Tags :