ADVERTISEMENT
എരുമേലി: ടൗണിന് സമീപമുള്ള കൊച്ചുതോട്ടിൽ രാസമാലിന്യമൊഴുകുന്നതായി പരാതി. തുരിശ് കലർന്ന നിലയിൽ വെളുപ്പുനിറത്തിൽ വെള്ളം ഒഴുകുന്നത് സമീപത്തെ വ്യാപാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് വെള്ളത്തിന്റെ നിറം മാറിത്തുടങ്ങിയത്. കഴിഞ്ഞ ദിവസം നീലനിറത്തിൽ വെള്ളം ഒഴുകിയിരുന്നു. രണ്ട് സംഭവങ്ങളും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ നാട്ടുകാർ അറിയിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല.
വലിയതോട്ടിലാണ് കൊച്ചുതോട് അവസാനിക്കുന്നത്. മണിമലയാറിലെ കൊരട്ടിയിലാണ് വലിയ തോട് എത്തിച്ചേരുന്നത്. മണിമലയാറ്റിൽ ഒട്ടേറെ കുടിവെള്ള വിതരണ പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. വെള്ളത്തിൽ രാസമാലിന്യമൊഴുകുന്നത് കുടിവെള്ള വിതരണത്തെ അനാരോഗ്യകരമാക്കുമെന്നും അധികൃതർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags :