x
ad
Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

പുഴുങ്ങാതെ കഴിക്കാന്‍ കാവേരി കാഞ്ചന്‍

ഡോ. ജോസ് ജോസഫ്‌
Published: July 11, 2025 10:53 AM IST | Updated: July 11, 2025 11:40 AM IST

ഡ്രമ്മില്‍ വളര്‍ത്താന്‍

കാവേരി വാമന്‍

പുഴുങ്ങാതെ നേരിട്ടു കഴിക്കാന്‍ നേന്ത്രന്‍ ഇനം കാവേരി കാഞ്ചന്‍, ടെറസില്‍ വളര്‍ത്താന്‍ കുഞ്ഞന്‍ വാഴ കാവേരി വാമന്‍, വീട്ടുവളപ്പുകളില്‍ വളര്‍ത്താന്‍ ഉയരം കുറഞ്ഞ കര്‍പ്പൂരവളളി ഇനം കാവേരി കല്‍ക്കി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും കര്‍ഷകര്‍ക്കു വേണ്ടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴിലുള്ള തിരുച്ചിറപ്പള്ളി ദേശീയ വാഴ ഗവേഷണ കേന്ദ്രം പുറത്തിറക്കിയ പുതിയ വാഴ ഇനങ്ങളാണിവ.

സാധാരണ നേന്ത്രപ്പഴങ്ങള്‍ പുഴുങ്ങിക്കഴിക്കുമ്പോള്‍ 'നേന്ത്രന്‍ മോഡിഫൈഡ്'എന്ന വിശേഷണമുള്ള കാവേരി കാഞ്ചന്‍ പഴം ചെറുപഴങ്ങള്‍ പോലെ നേരിട്ടു കഴിക്കാം. മൃദുവായ ഈ പഴത്തിന് നല്ല മധുരവുമുണ്ട്. പോഷക ഗുണത്തിലും ഏറെ മുമ്പിലാണ് ഇവൻ. പുതിയ വിത്തിനങ്ങള്‍ പുറത്തിറക്കുന്നതിന് അനുമതി നല്‍കുന്ന കേന്ദ്ര സമിതിയുടെ അംഗീകാരവും ഈ ഇനം നേടിക്കഴിഞ്ഞു.

 

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കുവേണ്ടി തമിഴ് കാര്‍ഷിക സര്‍വകലാശാല 2024ല്‍ ഔദ്യോഗികമായി പുറത്തിറക്കിയ 20 പുതിയ വിളയിനങ്ങളില്‍ ഒന്നാണ് കാവേരി കാഞ്ചൻ. കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന വാഴ ഇനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നേന്ത്രന്‍. ഒരു തനി വിളയായാണു നേന്ത്രന്‍റെ കൃഷി. പടലകളുടെയും കായ്കളുടെയും എണ്ണത്തിലും ആകൃതിയിലും വ്യത്യസ്തമായ പത്തിലേറെ നേന്ത്രന്‍ ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്തു വരുന്നു.

 

ചെങ്ങാലിക്കോടന്‍, നെടുനേന്ത്രൻ, ചങ്ങനാശേരി നേന്ത്രന്‍, മഞ്ചേരി നേന്ത്രൻ, ആറ്റു നേന്ത്രന്‍, ക്വിന്‍റല്‍ നേന്ത്രന്‍ തുടങ്ങിയ വ്യത്യസ്ത ഇനങ്ങള്‍ കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. വീട്ടുവളപ്പുകളില്‍ കൃഷി ചെയ്യാന്‍ യോജിച്ച, ഉയരം കുറഞ്ഞ മഞ്ചേരി കുള്ളന്‍ അടുത്ത കാലത്ത് കേരളത്തില്‍ പ്രചാരം നേടിയ നേന്ത്രന്‍ ഇനമാണ്. ഈ നേന്ത്രന്‍ ഇനങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് കാവേരി കാഞ്ചൻ.

കാഴ്ച്ച ശക്തിക്കും ശരീരത്തിന്‍റെ പ്രതിരോധശേഷിക്കും അവശ്യം വേണ്ട വൈറ്റമിന്‍ എയുടെ സമ്പന്നമായ ഉറവിടമാണ് കാവേരി കാഞ്ചന്‍. ഇതിന്‍റെ പഴം പ്രോ വിറ്റാമിന്‍ എ കൊണ്ട് സമ്പന്നമാണ്. ഓരോ 100 ഗ്രാം പഴത്തിലും 2.4 മില്ലി ഗ്രാം പ്രോ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഗ്രാന്‍റ് നെയിന്‍ ഇനത്തേക്കാള്‍ 40 ഇരട്ടിയും രസ്താലി ഇനത്തേക്കാള്‍ 30 ഇരട്ടിയും അധികം പ്രോ വിറ്റാമിന്‍ എ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇതിനു പുറമെ പൊട്ടാസ്യം, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി 6 എന്നിവയുടെയും കലവറയാണ് കാവേരി കാഞ്ചൻ. സാധാരണ നേന്ത്രന്‍ ഇനങ്ങളെക്കാള്‍ അമ്ലത്വം കുറവുമാണ്. ഭക്ഷണത്തിലെ നാരുകളും ടിഎസ്എസ് ഘടകവും കൂടുതലാണു താനും.
സാധാരണ നേന്ത്രന്‍ ഇനവും കള്‍ട്ടിവാര്‍ റോസ് എന്ന ഇനവും തമ്മിലുള്ള സങ്കരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഉത്പാദന ശേഷി കൂടിയ ഇനമാണ് കാവേരി കാഞ്ചൻ. ഇതിന്‍റെ സങ്കരണത്തില്‍ നേന്ത്രന്‍ മാതൃസസ്യമായും റോസ് പിതൃസസ്യമായും ഉപയോഗിച്ചു.

കാവന്‍ഡിഷ് ഉപവിഭാഗത്തില്‍പ്പെട്ട ഗ്രാന്‍റ് നെയിന്‍ ഇനത്തിന്റേതു പോലെ മൃദുവാണ് പുതിയ ഇനത്തിന്‍റെ പഴം. ഗ്രാന്‍റ് നെയിന്‍റെ രുചിയും നേന്ത്രപ്പഴത്തിന്‍റെ ഗന്ധവും പഴത്തിനുണ്ട്. ഗ്രാന്‍റ് നെയിന്‍ പോലെ പുഴുങ്ങാതെ കഴിക്കാം. പഴമായി കഴിക്കുന്നതിനു പുറമെ ചിപ്‌സ്, പൊടി തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും അനുയോജ്യം.


തമിഴ്‌നാട്, കേരളം, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പുതിയ ഇനം വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാം. സ്ഥിരമായി ഉയര്‍ന്ന വിളവ് നല്‍കുന്ന ഈ ഇനത്തില്‍ നിന്ന് സാധാരണ നേന്ത്രന്‍ ഇനങ്ങളെക്കാള്‍ 20-60 ശതമാനം കൂടുതല്‍ വിളവ് ലഭിക്കും. ഒരു കുലക്ക് ശരാശരി 23 കിലോ തൂക്കമുണ്ടാകും.

 

ഒരു കുലയില്‍ ഏഴ് എട്ട് പടലകളുമുണ്ടാകും. ഫ്യുസേറിയം വാട്ടം എന്ന കുമിള്‍ രോഗത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. മഴയെ ആശ്രയിച്ച് ഏപ്രിൽ-മെയ് മാസങ്ങളിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലും ഈ ഇനം കൃഷി ചെയ്യാം. 2 ഃ 2 മീറ്റര്‍ അകലത്തില്‍ 50 സെന്റിമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയെടുത്ത് സാധാരണ നേന്ത്രന്‍ ഇനങ്ങള്‍ പോലെ നടാം. മറ്റു പരിചരണ മുറകളും സാധാരണ നേന്ത്രന്‍റേതു പോലെ തന്നെ. 305 മുതല്‍ 310 ദിവസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം.

 

വീട്ടിലെ ടെറസിലും വീട്ടുമുറ്റത്തും വളര്‍ത്താന്‍ യോജിച്ച കുഞ്ഞന്‍ വാഴ വേണോ? അതിനുള്ള ഉത്തരമാണ് തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കുള്ളന്‍ വാഴ ഇനം കാവേരി വാമൻ. അഞ്ചടി മാത്രമാണ് ഈ വാഴയുടെ ഉയരം.

റോബസ്റ്റ, ഗ്രാന്‍റ് നെയിന്‍ തുടങ്ങിയവ ഉള്‍പ്പെട്ട കാവന്‍ഡിഷ് ഉപവിഭാഗത്തില്‍പ്പെട്ട ഇനമാണിത്. അന്താരാഷ്ട്ര വിപണിയില്‍ ഏറെ ഡിമാന്‍ഡുള്ള ഗ്രാന്‍റ് നെയിന്‍ ഇനത്തില്‍ നിന്നും ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്‍റിന്‍റെ സഹായത്തോടെ ഉള്‍പരിപര്‍ത്തനത്തിലൂടെയാണ് (മ്യുട്ടേഷൻ) ഈ ഇനം വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഏറെ സാധ്യതകളുള്ള ഈ ഇനം കേരളവും തമിഴ്‌നാടും ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാം.

കാവേരി വാമന്‍റെ ഒരു കുലയ്ക്ക് 18 മുതല്‍ 25 കിലോ വരെ തൂക്കമുണ്ടാകും. കുലകള്‍ക്ക് ഇടത്തരം വലിപ്പമാണ്. ഒരു കുലയില്‍ 8-10 പടലകളുണ്ടാകും. കനത്ത മഴയെയും കൊടുങ്കാറ്റിനെയും അതിജീവിക്കും. കാറ്റിന്‍റെ ശല്യമുള്ള പ്രദേശങ്ങളില്‍ യോജിച്ച ഇനമാണ്. വാഴകള്‍ക്ക് താങ്ങു കൊടുക്കേണ്ടതില്ല. അതിസാന്ദ്രതാ കൃഷിരീതിയില്‍ കൂടുതല്‍ തൈകള്‍ നടാന്‍ യോജിച്ച ഇനം കൂടിയാണ് കാവേരി വാമൻ.

കേരളത്തിലെ വീട്ടുവളപ്പുകളില്‍ സാധാരണയായി കണ്ടുവരുന്ന വാഴ ഇനമാണ് കര്‍പ്പൂരവള്ളി. ഈ ഇനത്തിന് പൊതുവെ ഉയരം കൂടുതലാണ്. വിളവെടുക്കാന്‍ കൂടുതല്‍ സമയം (15 മാസം വരെ) വേണ്ടി വരും. അതിനാല്‍ രുചിയുണ്ടെങ്കിലും ഈ ഇനം കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് മടിയാണ്.

ഈ പ്രശ്‌നത്തിനൊരു പരിഹാരമാണ് ദേശീയ വാഴ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കാവേരി കല്‍ക്കി. സാധാരണ കര്‍പ്പൂരവള്ളി ഇനങ്ങള്‍ നാലു മീറ്ററില്‍ ഏറെ ഉയരത്തില്‍ വളരുമ്പോള്‍ കാവേരി കല്‍ക്കിക്ക് ഉയരം രണ്ട് - രണ്ടര മീറ്റര്‍ മാത്രം. ഒരു കുലയില്‍ 13-15 പടലകളുണ്ടാകും.

ഒരു പടലയില്‍ 16-18 കായ്കളും. ഒരു കുലയ്ക്ക് ശരാശരി 25 കിലോ തൂക്കമുണ്ടാകും. വിളവെടുപ്പ് ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാകും. അലയന്‍സ് ബയോഡൈവേഴ്‌സിറ്റി ഇന്റര്‍നാഷണൽ, സിഐഎടി എന്നീ രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നു ലഭിച്ച വിദേശ ഇനത്തില്‍ നിന്നാണ് ഈ ഉയരം കുറഞ്ഞ ഈ കര്‍പ്പൂരവളളി ഇനം വികസിപ്പിച്ചെടുത്തത്.

ഫോണ്‍: 9387100119

Tags :

Recent News

Up