ADVERTISEMENT
ഒട്ടുമിക്ക ഏലം കർഷകരും, ആ കൃഷിയോട് ആഭിമുഖ്യമുള്ളവരും ഏലം ഉത്പാദനത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽ ക്കുന്ന മധ്യഅമേരിക്കൻ രാജ്യമായ ഗ്വാട്ടിമാല കാണണമെന്നും അവിടുത്തെ കൃഷി രീതികൾ കണ്ടു മനസിലാക്കണമെന്നും ആഗ്രഹമുള്ളവരാണ്.
എന്നാൽ, ദുർബലമായ സർക്കാർ സംവിധാനങ്ങളും മാഫിയ ഭരണവും ആ നാടിനെ തികച്ചും ഒറ്റപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഗ്വാട്ടിമാല സന്ദർശനം അത്ര എളുപ്പമുള്ള കാര്യമല്ല. എപ്പോഴെങ്കിലും അവസരം കിട്ടുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ്, അവിടെയുള്ള ഏലം കയറ്റുമതിക്കാരനായ സുഹൃത്തിന്റെ ക്ഷണം ലഭിച്ചത്.
ആ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാസംവിധാനങ്ങളുടെ അകന്പടിയോടെ ഏപ്രിൽ 28- മേയ് 2 വരെ ഗ്വാട്ടിമാലയിൽ താമസിച്ച് ഏലത്തോട്ടങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞു. നേരിട്ടു വിമാന സർവീസില്ലാത്തതിനാൽ ആദ്യം അമേരിക്കയിലെ ടെക്സസിൽ എത്തിയശേഷം അവിടെ നിന്നാണ് ഗ്വാട്ടിമാലയിലേക്കു പോയത്.
സുഗന്ധവിളകളുടെ പേരിൽ പൗരാണിക കാലം മുതൽ വിദേശികളുടെ മനസിൽ കുടിയേറിയിട്ടുള്ള കേരളത്തിൽ നിന്നാണ് ഏലത്തട്ടകൾ (വിത്ത്) ഗ്വാട്ടിമാലയിലെത്തിയത്. 1914-ൽ കേരളം സന്ദർശിച്ച ഗ്വാട്ടിമാലയിലെ കാപ്പിത്തോട്ട ഉടമയായ ജർമൻ സായിപ്പാണ് ചെടികൾ ശേഖരിച്ച് ഗ്വാട്ടിമാലയിലെത്തിച്ചു പരീക്ഷണാടിസ്ഥാനത്തിൽ കൃഷി തുടങ്ങിയത്.
തികച്ചും അനുകൂലമായ കാലവസ്ഥയിൽ ആർത്തു വളർന്ന ഏലച്ചെടികൾ രണ്ടു മൂന്നു വർഷത്തിനുള്ളിൽ കായ്ച്ചു തുടങ്ങുകയും ചെയ്തു. ഇതുകണ്ട നാട്ടുകാരിൽ പലരും പുതിയ കൃഷിയിൽ ആകൃഷ്ടരായി.
1980കളിൽ എത്തിയപ്പോഴേക്കും കൃഷി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചെന്നു മാത്രമല്ല, കയറ്റുമതിയും തുടങ്ങി. അതോടെ, ഏലം കൃഷിയിൽ കുത്തക അവകാശപ്പെട്ടിരുന്ന ഇന്ത്യയ്ക്ക് ഗ്വാട്ടിമാല വെല്ലുവിളിയായി മാറുകയും ചെയ്തു.
ഗ്വാട്ടിമാലയിലെ അഞ്ചിലേറെ ജില്ലകളിൽ ഏലം കൃഷിയാണ് മുഖ്യം. ബാക്കി സ്ഥലങ്ങളിൽ കാപ്പിയും. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള അൾട്ട വെറാപ്പസ് ജില്ലയിലെ കോബാൻ മലനിരകളിലാണ് ഏലം കൃഷി കൂടുതലുള്ളത്.
ഏക്കർ കണക്കിനു വരുന്ന വലിയ തോട്ടങ്ങളുണ്ടെങ്കിലും വീട്ടുവളപ്പുകളിലെ ചെറിയ കൃഷിയിടങ്ങളാണ് ഏറെയും. കുറച്ച് ഏലച്ചെടികളെങ്കിലും ഇല്ലാത്ത വീടുകളില്ലെന്നു പറയാം.
നല്ല കാലാവസ്ഥ
ഏലത്തിന് പറ്റിയ കാലാവസ്ഥയാണ് ഗ്വാട്ടിമാലയിൽ. നല്ല മഴയും 16-21 ഡിഗ്രി ചൂടും അന്തരീക്ഷ ഉൗഷ്മാവും. കാര്യമായ വളപ്രയോഗങ്ങളോ. ശാസ്ത്രീയ കൃഷി രീതികളോ ഇല്ല. കൃത്യമായ അകലമോ പരിചരണ രീതികളോ പാലിക്കാറുമില്ല.
മഴ നന്നായി ലഭിക്കുന്നതുകൊണ്ടാവാം, നനയ്ക്കുന്ന പതിവില്ല. ജലസേചന മാർഗങ്ങൾ അവർക്ക് അന്യം. കാര്യമായ കേടുകളൊന്നുമില്ലാത്തതിനാൽ മരുന്നടിയുമില്ല. എന്നാൽ, അടുത്ത കാലത്ത് അഴുകൽ, തട്ടമറിച്ചിൽ തുടങ്ങിയ കുമിൾ രോഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.
അതിനെ ചെറുക്കാൻ ആണ്ടിൽ രണ്ടുവട്ടം മരുന്ന് അടിക്കാറുണ്ടത്രേ. പശുക്കളുടെ ചാണകവും മൂത്രവും പന്നി, കോഴി ഫാമുകളിൽ നിന്നുള്ള മാലിന്യങ്ങളുമാണു പ്രധാന വളം. അത് ആണ്ടിൽ ഒരുവട്ടം നൽകിയെങ്കിൽ ആയി. നട്ടു വളർത്തുന്ന ഏലത്തിന്റെ ഇനം ഏതെന്നു പോലുമറിയില്ല.
അല്പം നീണ്ടു മെലിഞ്ഞ കായാണ്. ഏക്കറിന് ശരാശരി 200-250 കിലോയാണ് മികച്ച വിളവ്. അതുകൊണ്ട് അവർ തൃപ്തരാണ്. പരിചരണച്ചെലവും കുറവാണല്ലോ. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതിനാൽ വിള വർധനവിന് കൃത്യമായ മാർഗനിർദേശങ്ങളൊന്നും കർഷകർക്ക് ലഭിക്കുന്നില്ല എന്നു പറയുന്നതാവും കൂടുതൽ ശരി.
കായ് പാകമാകുന്നതോടെ കർഷകർ നേരിട്ട് വിളവെടുക്കുന്നതാണു രീതി. എന്നാൽ, വലിയ തോട്ടങ്ങളിൽ തൊഴിലാളികളുണ്ട്. പച്ചക്കായ് ശേഖരിക്കാൻ ചെറുകിട കച്ചവടക്കാർ വീടുകൾ തോറും കയറിയിറങ്ങും.
വിലപേശി വാങ്ങുന്ന പച്ചക്കായ് വൻകിട വ്യാവസായികൾക്കു കൂടുതൽ വിലയ്ക്കു മറിച്ചു വിൽക്കും. അങ്ങനെ വാങ്ങുന്ന കായ് സംഭരണകേന്ദ്രങ്ങളിലെത്തിച്ച് തരംതിരിക്കലും സംസ്കരണവും നടത്തും. തരംതിരിച്ച് സംസ്കരിച്ചെടുക്കുന്ന ഒന്നാന്തരം കായ്കൾ കയറ്റുമതി ചെയ്യും.
മോശം കായ്കൾ ആഭ്യന്തര ഉപഭോഗത്തിനായി മാറ്റി വയ്ക്കുകയും ചെയ്യും. ഗ്വാട്ടിമാലാ ഏലത്തിന്റെ 50 ശതമാനത്തോളം മോശം കായ്കളാണ്. ഇന്ത്യയിലെ വൻകിട വ്യാപാരികൾ ഇതു വിലകുറച്ചു വാങ്ങി ഇന്ത്യൻ ഏലവുമായി കൂട്ടിക്കലർത്തി ആഭ്യന്തര, അന്താരാഷ്ട്ര മാർക്കറ്റുകളിലെത്തിച്ച് കൂടുതൽ വിലയ്ക്കു വിൽക്കുന്നതായി പണ്ടു മുതൽ തന്നെ കർഷർ ഉന്നയിക്കുന്ന ആരോപണമാണ്.
കൃഷി തുറസായ സ്ഥലത്ത്
സമുദ്രനിരപ്പിൽ നിന്ന് 600 അടി മുതൽ 5000 അടി വരെ ഉയരത്തിലാണ് ഏലം കൃഷി. ഏലത്തിന് തണൽ വേണമെന്നാണ് നിഷ്കർഷയെങ്കിലും ഗ്വാട്ടിമാലയിൽ അങ്ങനെയൊന്നുമില്ല. തുറസായ സ്ഥലത്താണ് ഏലം നട്ടിരിക്കുന്നത്.
തണൽ മരങ്ങൾ ചിലയിടങ്ങളിൽ മാത്രം. 2023-24 ലെ കടുത്ത വേനലിൽ ചെടികൾ ഉണങ്ങിക്കരിഞ്ഞ് വൻ നഷ്ടമുണ്ടാകാൻ ഇടയാക്കിയതിന്റെ കാരണമിതാണ്. തണലിൽ നിന്നിരുന്ന ചെടികൾ മാത്രം രക്ഷപ്പെട്ടു. വിളവ് തീർത്തും മോശമായിരുന്നുവെന്നു മാത്രം.
കടുത്ത ചൂടിൽ ചെടികൾ കരിഞ്ഞുണങ്ങിയതോടെ കൃഷിയിടങ്ങളും വല്ലാതെ ചുരുങ്ങി. 2022- 23ൽ 3,10,000 ഏക്കറിൽ ഉണ്ടായിരുന്ന ഏലം കൃഷി 23-24 ആയപ്പോഴേക്കും 2,35,000 ആയും കഴിഞ്ഞ സാന്പത്തിക വർഷം അത് 1,58,000 ആയും കുറഞ്ഞു.
22-23ൽ 55,000 മെട്രിക് ടണ് ഏലം ഉത്പാദിപ്പിച്ച ഗ്വാട്ടിമാല, 23-24ൽ 30,000 മെട്രിക് ടണ്ണിലേക്കു കൂപ്പുകുത്തുകയും ചെയ്തു. ഇത് ആഗോള മാർക്കറ്റിൽ ഗ്വാട്ടിമാല ഏലത്തിന്റെ വരവ് കുറയാൻ കാരണമായി.
ചെടികൾ നശിച്ചിടത്ത് പുതിയവ വച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും പരിചരണത്തിന്റെ കുറവ് മൂലം വളർന്നു വരാൻ കുറഞ്ഞത് മൂന്നുവർഷമെങ്കിലും എടുക്കും. അതുവരെ ഇന്ത്യൻ ഏലത്തിന് മാർക്കറ്റിൽ മേൽക്കൈ കിട്ടുമെന്നു കരുതാം.
ഏലം ഉത്പാദനത്തിൽ ഗ്വാട്ടിമാല ഒന്നാം സ്ഥാനത്താണെങ്കിലും ഗുണത്തിലും വലിപ്പത്തിലും സുഗന്ധത്തിലും എണ്ണയുടെ അംശത്തിലും നമ്മുടെ ഏലം തന്നെ മെച്ചം. ചൊറി, സ്പ്ളിറ്റ്, അഴുകൽ തുടങ്ങിയവ വ്യാപകമായി കണ്ടുതുടങ്ങിയതിനാൽ ഗ്വാട്ടിമാല ഏലത്തിന്റെ കയറ്റുമതിയിലും കാര്യമായ കുറവ് കാണുന്നുണ്ട്.
ചുരുക്കത്തിൽ, ഗ്വാട്ടിമാലയിലെ ഏലം കൃഷി നമ്മുടേതിനേക്കാൾ 40-50 വർഷം പിന്നാലാണെന്നു പറയാം. നാലു പതിറ്റാണ്ടിലേറെയായി ഏലത്തോട്ട ഉടമകളാണ് സ്റ്റനി പോത്തന്റെ കുടുംബം. പിതാവ് പാലാ കൊഴുവനാൽ ചേർപ്പുങ്കൽ നെടുംപുറം പോത്തൻ ജോസഫാണ് ഏലം കൃഷിക്കു തുടക്കമിട്ടത്.
കൊഴുവനാൽ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം. ഇടുക്കി ജില്ലയിൽ കുമളിക്കടുത്ത് വെള്ളാരംകുന്നിലാണ് സ്റ്റനി പോത്തന്റെ ഏലത്തോട്ടം.
ഫോണ്: 9539879700.
Tags : Agriculture