ADVERTISEMENT
ന്യൂഡല്‍ഹി: വോട്ട് കൊള്ള വിവാദത്തിൽ പോരിനുറച്ച് പ്രതിപക്ഷം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നു രാവിലെ ചേര്‍ന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് തീരുമാനമെടുത്തത്.
വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തിൽ സത്യവാംഗ്മൂലം നൽകണമെന്നും അല്ലെങ്കിൽ മാപ്പുപറയണമെന്നും രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.
നോട്ടീസ് നൽകുന്നതിനായി ഒപ്പുശേഖരണം നടത്തുകയാണ് ആദ്യ നടപടി. പാർലമെന്റിലെ ഇരുസഭകളിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ മാത്രമെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാൻ സാധിക്കൂ. എന്നാൽ, നിലവിൽ പ്രമേയം പാസാക്കാൻ മാത്രമുള്ള അംഗങ്ങള്‍ ഇന്ത്യാ സഖ്യത്തിനില്ല.
അതേസമയം, വോട്ട് കൊള്ള വിഷയത്തിൽ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായി. ലോക്സഭയിൽ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിനടുത്തേക്ക് വരെയെത്തിയാണ് പ്രതിഷേധിച്ചത്. പിന്നാലെ 12 മണിവരെ ലോക്സഭാ നടപടികൾ നിർത്തിവച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചിട്ടുണ്ട്.
Tags : Election Commission Opposition