ADVERTISEMENT
നടി ശ്വേത മേനോനെതിരെയുള്ള പരാതിക്ക് പിന്നിൽ അമ്മയിൽ മത്സരിക്കുന്ന ചില പുരുഷൻമാരെണെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസിൽ സംഭവിച്ചത് അനീതിയാണെന്നും അവർ തുറന്നടിച്ചു.
""കേസിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അനീതിയാണ്. വർഷങ്ങൾക്ക് മുമ്പ് ഇറങ്ങി വിജയിച്ച സിനിമകൾ, വ്യാജമായി മാറ്റം വരുത്തി പോൺസൈറ്റുകളിൽ ഇട്ടിട്ടുണ്ടെങ്കിൽ അതിനുത്തരവാദി ശ്വേത മേനോൻ അല്ല.
ആ കുറ്റകൃത്യം ചെയ്തയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനുപകരം അതിൽ ശ്വേതയുടെ മുഖമാണെന്നു പറഞ്ഞ അവർക്കെതിരെ പരാതി കൊടുക്കുന്നതിൽ എന്ത് അടിസ്ഥാനമാണുള്ളത്? ഇത് മനഃപൂർവം ഒരാൾ മത്സരിക്കാതിരിക്കാൻ വേണ്ടി ചെയ്യുന്ന ദുഷ്പ്രവൃത്തിയാണ്.
അമ്മയിലെ ചില പുരുഷൻമാരുടെ നേരിട്ടും അല്ലാതെയുമുള്ള പങ്ക് ഇതിനുപുറകിലുണ്ട്. അതിൽ സംശയമില്ല. ആരോപണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് പത്രിക പിൻവലിച്ചവരുണ്ടിവിടെ.
അതുകൊണ്ട് മറ്റൊരാളും മത്സരിക്കണ്ട എന്ന വാശിയാണ് ഈ പരാതിയുടെ പുറകിൽ. തനിക്ക് മുകളിൽ ഒരു സ്ത്രീ വരുന്നതും അവർ പറയുന്നത് കേൾക്കേണ്ടിവരുമെന്നതും സഹിക്കാനാവാത്ത ആളുകളുടെ ഫ്യൂഡൽ മനോഭാവമാണ് ഇവിടെ കാണാനാവുന്നത്.
ശ്വേത മേനോൻ മത്സരരംഗത്തുണ്ടാകുമെന്ന് അംഗങ്ങൾക്ക് നേരത്തെ അറിവുള്ളതാണ്. ഒരു മാസം മുൻപേ ഇത് എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. മത്സരത്തിൽ നിന്നും പേര് പിൻവലിക്കേണ്ട അവസാന ദിവസംവരെ പരാതി കൊടുക്കാതിരുന്നതും എന്തുകൊണ്ടാണ്?
ഇത് സ്ത്രീകൾ ജയിക്കും എന്ന് ഉറപ്പായപ്പോൾ സംഘടനയിലെ ഒരുകൂട്ടം പുരുഷന്മാർ ചേർന്ന് ഒത്തുകളിക്കുന്നതാണ്. ഇവർക്കൊപ്പം ചില സ്ത്രീകളും ഒത്തുചേർന്നിട്ടുണ്ട്. നാണം കെടുത്തിയായാലും സ്ഥാനത്തുനിന്ന് ഇറക്കും എന്ന മനോഭാവമാണ് അവർക്ക്. ക്വട്ടേഷന് സംഘം പോലെയാണിവരുടെ പ്രവർത്തനം.
മുൻനിരയിലുള്ള പ്രമുഖരും, കുറച്ചുദിവസമായി മീഡിയയ്ക്കുമുന്നിൽ വരുന്ന സ്ത്രീകളും ശ്വേതക്കെതിരെ തിരിഞ്ഞിട്ടുണ്ടായിരുന്നു. കാലാകാലങ്ങളായി സംഘടനയിലെ സ്ത്രീകൾ അടിമകളെപോലെയാണ് നിലനിന്നിരുന്നത്.
പുരുഷന്മാർക്ക് കിട്ടിയിരുന്ന പ്രശസ്തി, സ്വാധീനം ഇതെല്ലാമാണ് അവരെ നിയന്ത്രിച്ചിരുന്നത്. ഈയൊരു സന്ദർഭത്തിൽ ശ്വേതയുടെ കൂടെ അഭിനയിച്ച മമ്മൂട്ടിയടക്കമുള്ള നടന്മാർക്കെതിരെ കേസ് ഇല്ലാതെ സ്ത്രീയുടെ പേരിൽ മാത്രം നൽകിയിരിക്കുന്ന കേസ് നിഗൂഢലക്ഷ്യങ്ങൾ ഉള്ളതാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ''. ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
Tags : Bhagyalakshmi Shweta