ADVERTISEMENT
തൊടുപുഴ: ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയയെ തൊടുപുഴയിൽ മർദിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ. ബംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇന്ന് നാല് പേരെയും തൊടുപുഴയിലെത്തിച്ച് മൊഴിയെടുക്കും. സിഐ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് പ്രതികൾക്കായി അന്വേഷണം നടത്തിവന്നത്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഇയാൾക്കായി തെരച്ചിൽനടത്തിവരികയാണ്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച വൈകുന്നേരം 6.45ഓടെ മങ്ങാട്ടുകവലയിൽ വച്ചാണ് കറുത്ത ഥാർ ജീപ്പിലെത്തിയ അഞ്ചുപേർ ചേർന്നു ഷാജനെ മർദിച്ചത്. പരിക്കേറ്റ ഷാജനെ പോലീസാണ് ആശുപത്രിയിലെത്തിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു.
ഡിവൈഎഫ്ഐ മുൻ ഭാരവാഹിയുടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ വാർത്ത ഓണ്‍ലൈൻ ചാനലിൽ അവതരിപ്പിച്ചുവെന്നാരോപിച്ചാണു സംഘം ഷാജനെ മർദിച്ചതെന്നു വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
Tags : Shajan Skaria arrested accused