ADVERTISEMENT
തിരുവനന്തപുരം: തൃശൂരിലെ വോട്ട് ക്രമക്കേടില്‍ പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും തെരഞ്ഞെടുപ്പ് കമ്മീഷനെയോ കോടതിയെയോ സമീപിക്കണമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ സുരേഷ് ഗോപി വിജയിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ നടത്തുന്നതു ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രങ്ങളാണ്. നുണകളാണ് എല്‍ഡിഎഫും യുഡിഎഫും പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി പിണറായി വിജയനും നാടകം കളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. നിയമാനുസൃത സംവിധാനങ്ങളിലൂടെ ആക്ഷേപം ഉള്ളവര്‍ പോകണം. അല്ലാതെ പുകമറ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യാഥാര്‍ഥ്യബോധമില്ലാത്ത കാര്യങ്ങളാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിനുമുന്പ് കരട് വോട്ടര്‍ പട്ടിക ലഭിച്ച സമയത്ത് അനര്‍ഹര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളാണ്. താന്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ വോട്ടര്‍ പട്ടികയിലെ അപാകതകള്‍ക്കെതിരേ പരാതി നല്കി നീക്കം ചെയ്തിരുന്നു.
തൃശൂരിലെ വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാം. അതിനു ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്നതിനു പകരം ഇപ്പോള്‍ നടത്തുന്നത് നുണ പ്രചാരണങ്ങളാണ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പത്തു കൊല്ലം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പ്രചരണങ്ങളാണ് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Tags : Rajeev Chandrasekhar BJP Thrissur