ADVERTISEMENT
സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക- അമേരിക്കയിലെ ന്യൂഹാമ്പ്ഷെർ എന്ന കൊച്ചു സംസ്ഥാനത്തിന്റെ ആദർശവാക്യമാണിത്. മാനവ സ്വാതന്ത്ര്യത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഈ ആദർശവാക്യം- ലിവ് ഫ്രീ ഓർ ഡൈ ആ സംസ്ഥാനത്തെ എല്ലാ മോട്ടോർ വാഹനങ്ങളുടെയും ലൈസൻസ് പ്ലെയ്റ്റിൽ ആലേഖനം ചെയ്യാറുണ്ട്. എന്നാൽ, ആരാണ് ഈ ലൈസൻസ് പ്ലെയ്റ്റുകൾ നിർമിക്കുന്നതെന്നോ?
അതാണ് ഏറ്റവും വലിയ വിരോധാഭാസം. കാരണം, ഈ പ്ലെയ്റ്റുകൾ നിർമിക്കുന്നത് കോണ്കോർഡിലുള്ള ന്യൂ ഹാമ്പ്ഷെർ സ്റ്റേറ്റ് പ്രിസണിലെ തടവുകാരാണ്! തടവുകാർക്കു ജോലികൊടുക്കുന്നതിന്റെ ഭാഗമായി, ന്യൂ ഹാന്പ്ഷെറിലെ ലൈസൻസ് പ്ലെയ്റ്റുകൾ നിർമിക്കുന്നതിനുവേണ്ടി ഒരു ഫാക്ടറിതന്നെ ആ ജയിലിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരാണ് "സ്വതന്ത്രമായി ജീവിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ആദർശവാക്യം അനുദിനം ലൈസൻസ് പ്ലെയ്റ്റുകളിൽ പ്രിന്റ് ചെയ്യുന്നത്!
മനോഹരമായ ഈ ആദർശവാക്യം പ്രിന്റ് ചെയ്യുന്ന തടവുകാർക്ക്, അവർ ആഗ്രഹിച്ചാൽപോലും തടവിന്റെ കാലാവധി പൂർത്തിയാകാതെ പുറത്തിറങ്ങി സ്വതന്ത്രമായി ജീവിക്കാൻ സാധിക്കില്ല. അതൊരു വിരോധാഭാസംതന്നെ. എന്നാൽ, അതിലും വലിയൊരു വിരോധാഭാസം നമ്മിൽ പലരുടെയും ജീവിതത്തിൽ കാണാനാവും. അതായത്, നാം ജയിലിനു പുറത്താണ് താമസിക്കുന്നതെങ്കിലും നമ്മളും പലപ്പോഴും തടവുകാർതന്നെ എന്ന യാഥാർഥ്യം.
നാം തടവ് അനുഭവിക്കുന്നത് ഇരുന്പഴികൾക്കുള്ളിലല്ല എന്നതു ശരിതന്നെ. എന്നാൽ ഭയം, ദേഷ്യം, വിദ്വേഷം, അസൂയ, അഹങ്കാരം, മദ്യത്തിനും മയക്കുമരുന്നിനും മറ്റുമുള്ള അഡിക്ഷൻ എന്നിങ്ങനെ എത്രയോ തിന്മകളുടെയും ദുർഗുണങ്ങളുടെയും അടിമകളാണ് നമ്മൾ! അതായത്, നാം അവയുടെ തടവുകാരാണെന്നു സാരം. ഒരുപക്ഷേ, നമ്മിൽ ഭൂരിപക്ഷംപേരും കഴിയുന്ന ഒരു തടവറ ഭയത്തിന്റെ തടവറയായിരിക്കും.
എന്തെല്ലാം കാര്യങ്ങളെക്കുറിച്ചാണ് നാം ഭയപ്പെടുന്നത്. അതു തിട്ടപ്പെടുത്തുക അത്ര എളുപ്പമല്ല. എങ്കിലും, അവയിൽ ഭൂത-ഭാവി-വർത്തമാന കാലങ്ങളിലെ കാര്യങ്ങൾ ഉൾപ്പെടുമെന്നു തീർച്ചയാണ്. പഠനത്തിലും ജീവിതത്തിലും പരാജയപ്പെടുമോ എന്ന ഭീതി, ആരോഗ്യ- സാന്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഭീതി, ജീവിതത്തിലെ വിവിധതരം പ്രതിസന്ധികളെ എങ്ങനെ നേരിടുമെന്ന ഭയം എന്നിങ്ങനെ അവയുടെ പട്ടിക നീണ്ടുപോകാം.
നമ്മിൽ പലരും കഴിയുന്ന മറ്റൊരു തടവറയാണ് അസൂയയുടെ തടവറ. അസൂയ നമ്മെ കാർന്നുതിന്നുമെന്നു മാത്രമല്ല, അതു പല ദുരന്തങ്ങൾക്കു വഴിതെളിക്കുകയും ചെയ്യും എന്നതാണ് നിർഭാഗ്യകരമായ ഒരു കാര്യം. ബൈബിളിൽ പറയുന്നതനുസരിച്ച്, ആദ്യ കൊലപാതകം നടത്തിയതു കായേൻ ആയിരുന്നല്ലോ. സ്വന്തം സഹോദരനായ ആബേലിനെ അയാൾ കൊലപ്പെടുത്തിയതിനുപിന്നിൽ സഹോദരനോടുള്ള അസൂയയായിരുന്നു.
നാം പുറത്തുകടക്കാൻ പലപ്പോഴും ഏറെ വിസമ്മതിക്കുന്ന മറ്റൊരു തടവറ വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയുമാണ്. ആരെങ്കിലും ഏതെങ്കിലും രീതിയിൽ നമ്മെ ഉപദ്രവിച്ചാൽമതി, അപ്പോൾ അതു ക്ഷമിക്കാൻ തയാറാകാതെ വൈരാഗ്യത്തിന്റെ തടവറയിൽ നാം സ്വയം പ്രവേശിക്കും. പിന്നെ അതിൽനിന്നു പുറത്തുകടക്കുന്നതിനെക്കുറിച്ച് നാം ചിന്തിച്ചെന്നുപോലും വരില്ല. നമ്മുടെ പൊതുസമൂഹത്തിൽ നടക്കുന്ന പല ക്രൂരകൃത്യങ്ങളുടെയും മൂലകാരണം വൈരാഗ്യമാണല്ലോ. അതായത്, ക്ഷമിക്കുവാനും മറക്കുവാനുമുള്ള മനസില്ലായ്മ.
നാം കഴിയുന്ന തടവറകളുടെ ലിസ്റ്റ് ഇങ്ങനെ നീണ്ടുപോകാം. എന്നാൽ നാം, ചിന്തിക്കേണ്ട പ്രധാനപ്പെട്ട ഒരുകാര്യം നമുക്ക് എങ്ങനെ ഈ തടവറകളിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നതാണ്. നാം കഴിയുന്ന തടവറകളിൽനിന്നു മോചനം പ്രാപിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് നാം തടവറയിലാണെന്ന യാഥാർഥ്യം അംഗീകരിക്കുക എന്നതാണ്. പേർഷ്യൻ കവിയും സൂഫി മിസ്റ്റിക്കും ആയിരുന്ന റൂമി ചോദിക്കുന്നു: “തടവറകളുടെ വാതിലുകൾ തുറന്നുകിടക്കുന്പോൾ നീ എന്തിനു തടവറയിൽ കഴിയുന്നു?’’ ശരിയാണ്, തടവറയുടെ വാതിൽ ദൈവം തുറന്നിട്ടിരിക്കുകയാണ്.
എങ്കിലും, നാം സൃഷ്ടിച്ച ചങ്ങലകൾ നമ്മെ നമ്മുടെ തടവറകളിൽ തളച്ചിട്ടിരിക്കുന്നു. ആ ചങ്ങലകൾ പൊട്ടിക്കാൻ നമുക്കു തനിച്ചു സാധിക്കുകയില്ല. അതിനു ദൈവസഹായം വേണം. തന്മൂലം, ദൈവസഹായം തേടുക എന്നതാണ് നാം രണ്ടാമതു ചെയ്യേണ്ടകാര്യം. അപ്പോൾ നമുക്കു ചെയ്യാൻ പറ്റാത്ത കാര്യം ദൈവം ചെയ്തുതരും.
വിവിധതരം തടവറകളിൽ കഴിയുന്നവരെ മോചിപ്പിക്കാനാണ് ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് (ലൂക്കാ 4:18). ആ ദൈവപുത്രനായ യേശു പറയുന്നു: ""പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാവും'' (യോഹ 8:36). ദൈവം തന്റെ പുത്രനായ യേശുവിലൂടെ നമ്മെ സ്വതന്ത്രരാക്കുവാൻ എപ്പോഴും സന്നദ്ധനാണ്.
ആ സഹായം സ്വീകരിച്ചാൽ നമ്മെ തളച്ചിട്ടിരിക്കുന്ന ഏതു ചങ്ങലയും പൊട്ടിച്ച് സ്വാതന്ത്ര്യം പ്രാപിക്കുവാൻ നമുക്കു സാധിക്കും. ഇതു സ്വന്തം ജീവിതത്തിൽ ബോധ്യപ്പെട്ടതുകൊണ്ടാണ് പൗലോസ് അപ്പസ്തോലൻ എഴുതിയത്- ""എന്നെ ശക്തിപ്പെടുത്തുന്ന യേശുവിലൂടെ എനിക്കെല്ലാം സാധ്യമാണ് '' (ഫിലിപ്പി 4:14).
ദൈവശാസ്ത്രജ്ഞനായിരുന്ന സെന്റ് അഗസ്റ്റിൻ പറയുന്നു: ""നിന്നെക്കൂടാതെയാണ് ദൈവം നിന്നെ സൃഷ്ടിച്ചത്. എന്നാൽ നിന്നെക്കൂടാതെ ദൈവം നിന്നെ രക്ഷിക്കുകയില്ല''. അതിന്റെ അർഥം, എല്ലാ രീതിയിലും നാം മോചിതരാണമെങ്കിൽ നാം ദൈവത്തോട് സഹകരിക്കുകതന്നെ വേണം. അതല്ലാതെ വേറെ നമുക്കു പോംവഴിയില്ല.
ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ""ഭയപ്പെടേണ്ട. ഞാൻ നിന്നോടു കൂടെയുണ്ട്. സംഭ്രമിക്കേണ്ട. ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും'' (41:10). അതേ, നമ്മെ സഹായിക്കുവാനും ശക്തിപ്പെടുത്താനും ദൈവം നമ്മോടുകൂടെയുണ്ട്. അപ്പോൾപ്പിന്നെ നാം എന്തിനു തടവുകാരായി കഴിയണം? നമ്മുടെ തടവറകളിൽനിന്ന് അതിവേഗം നമുക്കു മോചനംനേടാം.
Tags : Jeevithavijayam