ADVERTISEMENT
ടൊയോട്ട വെൽഫയറും കിയ കാർണിവലും തങ്ങൾക്ക് ഇനി എതിരാളികളില്ലെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് എംജി മോട്ടോർ ഇന്ത്യ തങ്ങളുടെ കറുത്ത കുതിരയെ അഴിച്ചുവിടുന്നത്. ഇന്ത്യയുടെ ആദ്യ പ്രീമിയം ഇലക്ട്രിക് എംപിവിയായ എം9 അടുത്തയാഴ്ച മുതൽ നിരത്ത് വാഴും.
വിലയിൽ പിന്നിലും ഫീച്ചറിൽ എതിരാളികൾക്കൊപ്പവുമാണ് ഈ ആഡംബര വാഹനം. അതുകൊണ്ടുതന്നെ പ്രീമിയം എംപിവി ശ്രേണിയിൽ ഇനി വരാൻ പോകുന്നത് കടുത്ത ത്രികോണ മത്സരമായിരിക്കും.
ഇലക്ട്രിക് കരുത്തിൽ എം9 എംപിവി വിൽപനയ്ക്ക് എത്തുന്നത് പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയ്ക്കായി എംജി മോട്ടോഴ്സ് ആരംഭിച്ചിട്ടുള്ള എംജി സെലക്ട് എന്ന ഡീലർഷിപ്പുകൾ വഴിയായിരിക്കും.
ഒറ്റ വേരിയന്റിൽ എത്തുന്ന എംജി എം9ന് 69.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. പേൾ ലസ്റ്റർ വൈറ്റ്, മെറ്റൽ ബ്ലാക്ക്, കോണ്ക്രീറ്റ് ഗ്രേ എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് വാഹനം ലഭിക്കുക.
വാഹനത്തിന്റെ പുറംമോടിയും രൂപവും വെൽഫയറിനും കാർണിവലിനും സമാനമാണ്. ബോണറ്റിനോടു ചേർന്ന് നൽകിയിട്ടുള്ള എൽഇഡി ഡിആർഎല്ലും പൊസിഷൻ ലൈറ്റും വെർട്ടിക്കിളായി നൽകിയിട്ടുള്ള പ്രൊജക്ഷൻ ഹെഡ്ലാന്പും വലിയ എയർഡാമും എംജി എം9നെ വേറിട്ട് നിർത്തുന്നു.
വാഹനത്തിന്റെ അകത്തളത്തിന് മിഴിവേകുന്നത് ഇതിലെ പ്രസിഡൻഷ്യൽ സീറ്റുകളാണ്. ഈ സീറ്റുകൾ 16 തരത്തിൽ ക്രമീകരിക്കാൻ കഴിയും. എട്ട് മസാജ് മോഡുകൾ, ഹീറ്റിംഗ്, വെന്റിലേഷൻ സൗകര്യങ്ങൾ എന്നിവ ഇതിലുണ്ട്. ഇന്റലിജന്റ് ആം റെസ്റ്റിൽ നിന്ന് ഇവയെല്ലാം നിയന്ത്രിക്കാനും കഴിയും.
ഡ്രൈവർ കാബിനിലും പാസഞ്ചർ കാബിനിലുമായി രണ്ട് സണ്റൂഫുകളാണുള്ളത്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വയർലെസ് ഫോണ് ചാർജർ, എയർ പ്യൂരിഫയർ, 13 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, 64 കളർ ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് മറ്റു ഫീച്ചറുകൾ.
ഏഴ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360ഡിഗ്രി കാമറ, ലെവൽ 2 അഡാസ് സ്യൂട്ട് എന്നിവയാണ് സുരക്ഷയുടെ കാര്യത്തിൽ നൽകിയിരിക്കുന്നത്.
ആഡംബരത്തോടെപ്പം 548 കിലോമീറ്റർ റേഞ്ചും എംജി എം9 ഓഫർ ചെയ്യുന്നുണ്ട്. 90 കിലോവാട്ട് ശേഷിയുള്ള നിക്കൽ മാഗ്നീസ് കൊബാൾട്ട് (എൻഎംസി) ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 242 എച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് എംജി എം9ന് കരുത്തേകുന്നത്.
ചാർജിംഗിനായി സ്റ്റാൻഡേർഡ് ഇൻസ്റ്റാളേഷനോടുകൂടിയ 11 കിലോവാട്ട് വാൾ ബോക്സ് ചാർജറും 3.3 കിലോവാട്ട് പോർട്ടബിൾ ചാർജറും ലഭിക്കും. വാഹനം 160 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ച് 90 മിനിറ്റിൽ 100 ശതമാനം ചാർജ് ചെയ്യാൻ കഴിയും.