ADVERTISEMENT
കലാഭവൻ നവാസിന്റെ മരണത്തില് ദുരൂഹതയുണ്ടെന്ന സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങളിൽ മറുപടിയുമായി വിനോദ് കോവൂർ. നെഞ്ച് വേദന വന്ന കാര്യം നവാസ് തന്റെ കുടുംബ ഡോക്ടറെ അറിയിച്ചിരുന്നുവെന്നും എന്നാൽ സിനിമാ സെറ്റിലെ ആരോടും ഈ വിഷയം പറഞ്ഞിരുന്നില്ലെന്നും വിനോദ് കോവൂർ പറയുന്നു.
പ്രകമ്പനം സിനിമയുടെ സെറ്റിൽ വച്ച് നവാസിനു നെഞ്ച് വേദന വന്നുവെന്ന് വിനോദ് കോവൂർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ സെറ്റിൽ വച്ച് നവാസിനു നെഞ്ചുവേദന വന്നുവെന്നത് തെറ്റാണെന്നായിരുന്നു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
ഇതേ തുടർന്ന് വിനോദ് കോവൂരിനെതിരെ സനൽകുമാർ രംഗത്തുവന്നു. ‘സുഹൃത്തെന്ന് നടിക്കുന്ന ചെന്നായയാണ് വിനോദ് കോവൂരെന്നായിരുന്നു സനലിന്റെ പ്രതികരണം. മാത്രമല്ല കലാഭവൻ നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് തുടക്കം മുതലെ സനൽ ആരോപിക്കുന്നുണ്ടായിരുന്നു.
വിനോദ് കോവൂർ, സംവിധായകൻ സനൽകുമാറിന് അയച്ച വോയിസ് നോട്ടിലെ വാക്കുകൾ
‘‘എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ച് നിങ്ങളുടെ പ്രതികരണം കേട്ടു. അതിനൊരു വിശദീകരണം തരാനാണ് വിളിച്ചത്. നവാസ് മരിച്ച ദിവസം മോർച്ചറിയിൽ ഞാനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഏകദേശം നാല് മണിക്കൂറോളം ഉണ്ടായിരുന്നു.
നവാസിന്റെ കുടുംബ സുഹൃത്തും അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരനുമായ നൗഷാദ് എന്ന ആളാണ് ഇക്കാര്യം അവിടെ പലരോടും പറഞ്ഞത്. രണ്ട് മൂന്നു തവണ കുടുംബ ഡോക്ടറെ നവാസ് വിളിച്ചിരുന്നു. നെഞ്ച് വേദനയുടെ കാര്യം പറഞ്ഞപ്പോൾ, വന്ന് ഇസിജി എടുക്കാനാണ് ഡോക്ടർ നിർദേശിച്ചത്.
പക്ഷേ സെറ്റിൽ താൻ കാരണം ഷൂട്ടിംഗ് മുടങ്ങരുതെന്ന് കരുതി, വൈകിട്ട് വന്ന് എടുക്കാമെന്ന് ഡോക്ടറോടു പറഞ്ഞു. ഈ വിവരങ്ങളൊക്കെ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ അങ്ങനെയൊരു പോസ്റ്റ് ഇട്ടത്.
പക്ഷേ ഇക്കാര്യം സിനിമാ സെറ്റിൽ ആർക്കും ഇതറിയില്ലായിരുന്നു. സെറ്റിലെ ആരോടും നവാസ് ഇത് പറഞ്ഞിട്ടുമില്ല. എനിക്ക് ഇത് കൃത്യമായി അറിയാം. നൗഷാദും നവാസിന്റെ ഡോക്ടറും ഇതു പുറത്തു പറയാൻ തയാറാണ്. നിങ്ങളിത് ഇങ്ങനെ ഇട്ടപ്പോള് ഒരുപാട് പ്രയാസം തോന്നി. നവാസും ഞാനും അങ്ങനെ അടുപ്പമുള്ളവരാണ്, ഇതിൽ തെറ്റിദ്ധാരണതയോ മറ്റ് ദുരൂഹതകളോ ഒന്നുമില്ല, ദയവ് ചെയ്ത് മനസിലാക്കുക.’’
സനൽകുമാറിന്റെ മറുപടി
‘‘ഇത് വിനോദ് കോവൂർ എനിക്കയച്ച വോയിസ് മെസേജ് ആണ്. ഇതിൽ പറയുന്നത് അദ്ദേഹം നവാസിന്റെ സെറ്റിൽ ഉണ്ടായിരുന്നില്ല എന്നും നവാസിന് ഷൂട്ടിംഗ് സെറ്റിൽ വെച്ച് നെഞ്ചുവേദന വന്നു എന്ന് അയാളോട് പറഞ്ഞത് നവാസിന്റെ കളിക്കൂട്ടുകാരനും കുടുംബസുഹൃത്തുമായ നൗഷാദ് എന്ന വ്യക്തിയാണ് എന്നുമാണ്.
മറ്റാരോ പറഞ്ഞതാണ് വിനോദ് കോവൂർ സ്വന്തം അറിവെന്നപോലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ എഴുതിയതെന്ന് അത് വായിക്കുന്ന ആർക്കും മനസിലാവുകയും ചെയ്യും. എന്നാൽ എന്തുകൊണ്ട് ആ പോസ്റ്റിൽ ഈ വിവരം അയാളോട് പറഞ്ഞ ആളുടെ പേര് എഴുതിയില്ല എന്നത് വ്യക്തമല്ല.
ഈ ശബ്ദരേഖയിൽ വിനോദ് കോവൂർ പറയുന്നത് താൻ നവാസിന്റെ മൃതദേഹത്തിനൊപ്പം നാലുമണിക്കൂറോളം മോർച്ചറിയിൽ ഉണ്ടായിരുന്ന സമയത്താണ് നൗഷാദ് എന്നയാൾ അവിടെയുണ്ടായിരുന്ന പലരോടും ഇക്കാര്യം പറഞ്ഞത് എന്നാണ്. നവാസ് രണ്ടുമൂന്നു തവണ കുടുംബ ഡോക്ടറെ വിളിച്ചു എന്നാണ് അയാൾ പറഞ്ഞത് എന്ന് പറയുന്നു.
രണ്ടുമൂന്നു തവണ ഒരാൾ നെഞ്ചുവേദന വന്നു ഡോക്ടറെ വിളിക്കണമെങ്കിൽ അയാളുടെ നെഞ്ചുവേദന നിസാരമല്ലാത്തത് ആയിരിക്കണം. അപ്പോൾ ഉറപ്പായും അയാൾ സെറ്റിൽ ഒപ്പമുണ്ടായിരുന്നവരോട് സൂചിപ്പിക്കുകയെങ്കിലും ചെയ്തിരിക്കുകയും വേണം. ഒരുതവണ നെഞ്ചുവേദന വന്നു ഡോക്ടറെ വിളിച്ചു എന്നുപറഞ്ഞാൽ അത് സാരമില്ലാത്ത നെഞ്ചുവേദനയായി അവഗണിച്ചു എന്ന് കരുതാം.
എന്നാൽ സെറ്റിൽ ഉള്ളവർ പറയുന്നത് നവാസിന് സെറ്റിൽ വെച്ചു നെഞ്ചുവേദന വന്നകാര്യം തങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു എന്നാണ്. രണ്ടുമൂന്നു തവണ ഡോക്ടറെ വിളിക്കാൻ തോന്നുന്ന തരത്തിൽ നവാസിന് നെഞ്ചുവേദന വന്നിട്ടും അത് സെറ്റിൽ ഉള്ള ആരോടും പറഞ്ഞില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല.
നൗഷാദ് എന്നയാൾ എന്തുകൊണ്ടാണ് ഇക്കാര്യം സ്വന്തം പേരിൽ വെളിപ്പെടുത്താതെ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ, അതും സ്വന്തം പേര് ഒഴിവാക്കിക്കൊണ്ട് വെളിപ്പെടുത്തി എന്നതിലും സംശയിക്കാനുള്ള വകയുണ്ട്. നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നും അത് ഒരു സാധാരണ രീതിയിലുള്ള മരണം ആണെന്ന് വരുത്തി തീർക്കാൻ ഷാഡോ വ്യക്തികൾ ശ്രമിച്ചു എന്നുമാണ് മനസിലാക്കേണ്ടത്.
മറ്റൊരു കാര്യവും ഇതിൽ പ്രധാനമാണ്. ഒരു ഹോട്ടൽ മുറിയുടെ നിലത്ത് കുഴഞ്ഞുവീണാൽ ഒരു മനുഷ്യന്റെ തലയിൽ മുറിവുണ്ടാകാൻ സാധ്യമല്ല. പടിയിൽ നിന്നു വീഴുകയോ മേശയിലോ മറ്റൊ വീഴുകയോ ചെയ്താൽ മുറിവുണ്ടായേക്കാം. എന്നാൽ നവാസ് വീണുകിടന്നത് മുറിയുടെ വാതിൽക്കലാണെന്നും മുറിയുടെ വാതിൽ പൂട്ടിയിട്ടില്ലായിരുന്നു എന്നുമാണ് റിപ്പോർട്ട്.
നവാസിന്റെ മരണത്തിൽ ദുരൂഹതയുണ്ട് എന്നത് ഊട്ടിയുറപ്പിക്കുന്ന വസ്തുതകളാണ് ഇവയെല്ലാം. പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ് എന്നിവ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ കഴിയും. പോലീസ് സ്റ്റേഷനിൽ നിന്നും ഈ വിവരങ്ങൾ കൈക്കലാക്കി പരിശോധിച്ച് മരണകാരണം ഉറപ്പിക്കാൻ ബന്ധുക്കളും അയാളുടെ അടുത്ത സുഹൃത്തുക്കൾ എന്നവകാശപ്പെടുന്ന വിനോദ് കോവൂർ ഉൾപ്പെടെയുള്ളവരും താല്പര്യപ്പെടേണ്ടതാണ്.’’
Tags : vinod kovoor sanalkumar