x
ad
Sat, 6 September 2025
Facebook X Instagram Youtube
ad

ADVERTISEMENT

കരുതലും കരുത്തുമാണ് വരയന്‍


Published: July 11, 2025 03:27 PM IST | Updated: July 12, 2025 03:07 PM IST

കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും. ശാന്തസുന്ദരമായ അന്തരീക്ഷവും കായല്‍പരപ്പും തഴുകി തലോടുന്ന ഗ്രാമം. എന്നാല്‍ ആ ഗ്രാമഭംഗിയുടെ നിഷ്കളങ്കതയല്ല അവിടുത്തെ ആളുകള്‍ക്കുള്ളത്. ആ ആളുകളുടെ ജീവിതത്തിന്‍റെ കഥയും അവരിലേക്ക് കടന്നു വരുന്ന ഒരു വൈദികന്‍റെ കഥയും പറയുന്ന ഒരു ചിത്രമാണ് ജിജോ ജോസഫ് എന്ന നവാഗത സംവിധായകന്‍റെ വരയന്‍ എന്ന സിനിമ.

വെട്ടും കുത്തും കൈവശമുള്ളവരാണ് കലിപ്പന്‍ ഗ്രാമത്തിലെ ആളുകള്‍. രാത്രിയുടെ മറവില്‍ എന്തുചെയ്യാനും മടിക്കാത്തവര്‍. പോലീസോ കോടതിയോ എന്തുമാകാട്ടെ ഒന്നിനെയും അവര്‍ക്ക് പേടിയില്ല. അത്തരക്കാരുടെ ഇടയിലേക്ക് പള്ളി വികാരിയായി ഫാദര്‍ എബി കപ്പൂച്ചിന്‍ എന്ന എബി അച്ചന്‍ കടന്നു വരുന്നിടത്താണ് ചിത്രത്തിന്‍റെ ഗതി മാറുന്നത്.

https://youtu.be/nBSEPkCd4pY
https://youtu.be/nBSEPkCd4pY

ഫാദര്‍ ഡാനി കപ്പൂച്ചിന്‍ തിരക്കഥ എഴുതിയ വരയന്‍ എന്ന ചിത്രം പ്രേക്ഷകരില്‍ ആകാംക്ഷ നിറക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. അത്രക്ക് മനോഹരമായാണ് ചിത്രത്തിന്‍റെ സഞ്ചാരം. ഒരു വൈദികന് എങ്ങനെയാണ് പ്രണയവും പകയുമൊക്കെ കൃത്യമായി തിരക്കഥ എഴുതി വിശ്വസനീയമാക്കാന്‍ കഴിയുക എന്ന് പ്രേക്ഷകന് സംശയമുണ്ടെങ്കില്‍ അതിനുള്ള വ്യക്തമായ ഉത്തരമാണ് ഫാദര്‍ ഡാനിയുടെ തിരക്കഥ.

ബ്രഷും പെയിന്‍റും കൈയ്യില്‍ പിടിച്ച് ഹൃദയം നിറയെ സ്നേഹത്തോടെ കലിപ്പക്കര പള്ളിയിലേക്ക് വരുന്ന എബിയച്ചന്‍. ഒരു ഇടവകയുടെ ആത്മീയ പിതാവ് ആകണെമന്നും ജനങ്ങളെ നേര്‍വഴിക്ക് നയിക്കണമെന്നും ആഗ്രഹിച്ചാണ് എബിയച്ചന്‍ വരുന്നതെങ്കിലും പിന്നീട് കഥയുടെ ഗതി മാറുകയാണ്.

പൊതുവേ കാണുന്നതുപോലെ ഉപദേശിച്ച് സമയം കളയാന്‍ എബിയച്ചന്‍ തയാറല്ല. മറിച്ച് കള്ളുകുടിയന്‍മാരോട് ചെത്തി ഇറക്കിയ കള്ള് കുടിക്കാനും ചീട്ട് കളിയില്‍ കള്ളക്കളി പാടില്ലെന്നും അച്ചന്‍ പറഞ്ഞുകൊടുക്കുന്നു. പ്രണയിച്ച് പുറകെ നടക്കുന്ന പെണ്‍കുട്ടിയെ തിരസ്കരിക്കാതെ അനുഭാവപൂര്‍വം പെരുമാറിയാണ് എബിയച്ചന്‍ മനസ് കീഴടക്കുന്നത്.

https://youtu.be/Lq2lTdB1dn8
https://youtu.be/Lq2lTdB1dn8

ഏതു വേഷവും തന്‍റെ കൈയിൽ ഭദ്രമാണെന്ന് വീണ്ടും തെളിയിക്കുകയാണ് എബി അച്ചന്‍ എന്ന കഥാപാത്രത്തിലൂടെ നടന്‍ സിജു വില്‍സണ്‍. പ്രണയം തുളുമ്പുന്ന കണ്ണുകളാലും മനസില്‍ സ്നേഹവും നിഷ്കളങ്കതയും ആവോളം നിറച്ചും തിരിച്ചു തല്ലണമെങ്കില്‍ തിരിച്ചു തല്ലിയും എബിയച്ചന്‍ ഗ്രാമവാസികളുടെ മനസില്‍ കേറിയെങ്കില്‍ അത് സിജു വിത്സന്‍ എന്ന നടന്‍റെ അഭിനയത്തിന് പരിമിതികള്‍ ഇല്ല എന്നതുമാത്രമാണ്.

കരുത്തുറ്റ കഥാപാത്രത്തിനും നായകസങ്കല്‍പത്തിനും മലയാള സിനിയില്‍ ഇനിയും സ്ഥാനമുണ്ട് എന്ന് തെളിയിക്കുകയാണ് സിജു.

വൈദികനെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ കഥാപാത്രം ലിയോണ ലിഷോയിയും മനോഹരമാക്കി. ജൂഡ് ആന്‍റണി ഏവരെയും ചിരിപ്പിച്ചു ഗംഭീര പ്രകടനം നടത്തി. ത്രേസ്യാ ചേട്ടത്തിയായി ബിന്ദു പണിക്കരും കൈക്കാരന്‍ ഇസ്താക്കായി മണിയന്‍പിള്ള രാജുവും തകര്‍ത്തഭനിയിച്ചു.

ഡാവിഞ്ചി സന്തോഷ്, ജോയ് മാത്യു, വിജയരാഘവന്‍, അരിസ്റ്റോ സുരേഷ്, ജയശങ്കര്‍, ബൈജു എഴുപുന്ന, ഹരിപ്രശാന്ത്, രാജേഷ് അമ്പലപുഴ, അംബിക മോഹന്‍, ശ്രീലക്ഷ്മി തുടങ്ങിയ മറ്റ് താരങ്ങള്‍ അവരവരുടെ വേഷം മികവുറ്റതാക്കി. ഇവരൊടൊപ്പം തന്നെ ബെല്‍ജിയന്‍ മലിനോഴ്സ് ഇനത്തില്‍പെട്ട നാസ് എന്ന നായയും മുഴുനീള കഥാപാത്രമായി ചിത്രത്തിലുണ്ട്. ടൈഗര്‍ എന്നാണ് നായയുടെ കഥാപാത്രത്തിന്‍റെ പേര്.

https://youtu.be/SAOV-r9ysZc
https://youtu.be/SAOV-r9ysZc

വരയന്‍ എന്ന സിനിമയുടെ പശ്ചാത്തല സംഗീതവും എടുത്തുപറയേണ്ട ഒന്നാണ്. പ്രശാന്ത് അലക്സിന്‍റെ ഇമ്പമാര്‍ന്ന സംഗീതം ചിത്രത്തിന് ഭംഗി കൂട്ടി എന്നതില്‍ തെല്ലും സംശയമില്ല. രജീഷ് രാമന്‍റെ കാമറ കുട്ടനാടിന്‍റെ മുഴുവന്‍ ദൃശ്യഭംഗിയും ഒപ്പിയെടുത്ത് ചിത്രത്തെ കൂടുതല്‍ മനോഹരമാക്കി. മനോഹരമായ ഗാനങ്ങളാലും ചിത്രം കൂടുതല്‍ സുന്ദരമായി.

കാലം മുന്നോട്ട് പോകുന്തോറും വൈദികരും സഭയും ആഘോഷങ്ങളും മാറുന്നുണ്ടെന്നൊരു സന്ദേശവും ചിത്രം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫാദര്‍ ഡാനി കപ്പൂച്ചിന് ഒരു കൈ‌‌യ്യടി കൊടുക്കാതെ നിവര്‍ത്തിയില്ല ഇത്തരമൊരു തിരക്കഥ ഒരുക്കിയതിന്.

ജിജോ ജോസഫ് എന്ന സംവിധായകനും തന്‍റെ ആദ്യചിത്രം വളരെ മനോഹരമായി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. എല്ലാ ചേരുവകളും കൃത്യമായി കൂട്ടി യോജിപ്പിച്ച വരയന്‍ പ്രേക്ഷകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവം തന്നെയാകും.

Tags : siju sunny

Recent News

Up