ADVERTISEMENT
ഫിലിം ചേംബറിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് സജി നന്ത്യാട്ട്. സംഘടനാ നേതൃത്വത്തിലെ ചിലരുമായി അഭിപ്രായ ഭിന്നതകൾ ഉടലെടുത്തതിനാലാണ് രാജി. ചേംബറിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ മത്സരിക്കുന്നത് തടയാൻ ചിലർ വ്യാജ പരാതി നൽകിയെന്നും സാന്ദ്രാ തോമസിനെ പിന്തുണച്ചത് എതിർപ്പിനു കാരണമായെന്നും സജി നന്ത്യാട്ട് പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദങ്ങളിൽ സജി നന്ത്യാട്ട് സാന്ദ്രാ തോമസിനെ പിന്തുണച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് മത്സരിക്കാൻ സാന്ദ്രാ തോമസ് സമർപ്പിച്ച പത്രിക വരണാധികാരി തള്ളിയിരുന്നു.
ചുരുങ്ങിയത് മൂന്ന് സിനിമകളെങ്കിലും നിർമിച്ചാൽ മാത്രമേ അസോസിയേഷനിലെ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാവൂ എന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. ഇതിൽ സജി പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ചില അംഗങ്ങൾക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു.
എറണാകുളത്ത് തിങ്കളാഴ്ച നടന്ന യോഗത്തിൽ സജി നൽകിയ രാജിക്കത്ത് നിർമാതാവ് ജി. സുരേഷ് കുമാർ അടക്കമുള്ളവർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ, അവർ യോഗത്തിൽനിന്ന് പോയ ശേഷം തനിക്കെതിരേ വീണ്ടും ഗൂഢാലോചന നടന്നുവെന്ന് സജി പറയുന്നു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, ട്രഷറർ സ്ഥാനങ്ങളിലേക്ക് സജി പത്രിക നൽകിയിട്ടുണ്ട്. കോടതിവിധി അനുകൂലമായി സാന്ദ്രാ തോമസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ ട്രഷറർ സ്ഥാനത്തേക്കാകും സജി മത്സരിക്കുക.
Tags : sandra thomas saji nanthiyattu