ADVERTISEMENT
സിനിമയ്ക്ക് മേലുള്ള സെന്‍സര്‍ഷിപ്പിന്റെ അനാവശ്യ ഇടപെടലിനെതിരെ ശക്തമായ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് നിര്‍മ്മാതാക്കള്‍ വഴങ്ങിയ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.
കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണ് എന്ന് മുരളി ഗോപി കുറിച്ചു. സുരേഷ് ഗോപിയുടെ സിനിമയെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയാണ് മുരളി ഗോപിയുടെ പ്രതികരണം. മുരളി ഗോപിയുടെ നിലപാടിനെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരെത്തി.
ഔദ്യോഗിക പേജിലാണ് മുരളി ഗോപിയുടെ പ്രസ്താവന. കറുപ്പിൽ വെളുത്ത അക്ഷരത്തിലാണ് പ്രസ്താവന കുറിച്ചത്. മുരളി ഗോപിയുടെ വാക്കുകൾ ഇങ്ങനെ: "കലയെ സെൻസർ ചെയ്യുന്നത് നീതിയെ ആൾക്കൂട്ട വിചാരണ ചെയ്യുന്നതിന് തുല്യമാണ്".
ബുധനാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞ പേരുമാറ്റാനുള്ള നിര്‍ദേശം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മ്മാതാക്കള്‍ അംഗീകരിച്ചത്. ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി. എന്നാക്കി മാറ്റും.
ഒപ്പം ചിലഭാഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുള്ള നിര്‍ദേശവും അണിയറക്കാര്‍ അംഗീകരിച്ചു. ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുമുള്ള വിചിത്രവാദം പറഞ്ഞാണ് നേരത്തേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. തുടര്‍ന്ന് നിർമാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Tags : Murali Gopy statement film censorship