ADVERTISEMENT
മമ്മൂട്ടിയുടെ തിരിച്ചുവരവ് സിനിമ ലോകം ആഘോഷമാക്കുന്നതിനൊപ്പം താരത്തിനൊപ്പമുള്ള ചിത്രവുമായി മോഹൻലാലും. മമ്മൂട്ടിക്ക് സ്നേഹചുംബനം നൽകുന്നൊരു ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.
ഏവരും കാത്തിരുന്ന ആ വാർത്തയെ നിറമനസോടെ സ്വീകരിക്കുകയാണ് മലയാളചലച്ചിത്രലോകം. മമ്മൂട്ടിയുടെ രോഗം പൂർണമായി ഭേദമായതാണ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. സന്തോഷക്കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചാണ് മലയാള സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷിക്കുന്നത്.
കേൾക്കാനായി കാതോർത്തു പ്രാർഥനയോടെ കാത്തിരുന്ന സന്തോഷവാർത്ത എന്നാണ് സിബി മലയിൽ ഔദ്യോഗിക പേജിൽ കുറിച്ചത്.
എല്ലാം ഓക്കെ ആണ് എന്നായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. വാക്കുകൾക്ക് ഈ സന്തോഷത്തെ അതേപടി പ്രകടിപ്പിക്കാനില്ല. ഒരിക്കൽ കൂടി എല്ലാം ഓക്കെ ആണ്, രമേശ് പിഷാരടി കുറിച്ചു.
‘രാജാവ് തിരിച്ചെത്തിയിരിക്കുന്നു’ എന്ന ആവേശക്കുറിപ്പാണ് മാലാ പാർവതി പങ്കുവച്ചത്. ‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ... രാജാവ് തിരിച്ചെത്തിയിരിക്കുന്നു! സന്തോഷം, നന്ദി... പ്രാർഥനകൾക്ക് ഉത്തരം കിട്ടിയല്ലോ,’ മാലാ പാർവതി കുറിച്ചു.
ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന നിർമാതാവും താരത്തിന്റെ സന്തതസഹചാരിയുമായ ജോർജിന്റെ പോസ്റ്റ് അജു വർഗീസ് പങ്കുവച്ചത്. മിഥുൻ മാനുവൽ തോമസും മമ്മൂട്ടിയുടെ തിരിച്ചു വരവിനെ ഹൃദയത്തിന്റെ ഇമോജിയിലൂടെ അടയാളപ്പെടുത്തി.
Tags : mammootty health update