ADVERTISEMENT
അത്രമേല്‍ മധുരിതമാണ്, നടിയും സ്ക്രീന്‍പ്ലേ റൈറ്ററുമായ ശാന്തി ബാലചന്ദ്രന് ഈ ഓണക്കാലം. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ഫാന്റസി ത്രില്ലര്‍ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയില്‍ ഡ്രാമറ്റര്‍ജി, അഡീഷണല്‍ സ്ക്രീന്‍പ്ലേ റൈറ്റര്‍.
കൃഷാന്ത് സംവിധാനംചെയ്ത സോണി ലിവ് വെബ്സീരീസ് സംഭവവിവരണം, നാലരസംഘത്തില് കാരക്ടര്‍ വേഷം. റോഷന് മാത്യുവിന്റെ സംവിധാനത്തില്‍ ഓണക്കാലത്തു സ്റ്റേജിലെത്തുന്ന ബൈ ബൈ ബൈപാസ് എന്ന നാടകത്തില്‍ വേറിട്ട രണ്ടു വേഷങ്ങള്‍. സിനിമ, നാടകം, എഴുത്ത്...ശാന്തി ബാലചന്ദ്രന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
ഡൊമിനിക്കുമായി വീണ്ടുമൊരു സിനിമ..?
ഞാനും ഡൊമിനിക്കും ഒന്നുചേരുന്ന മൂന്നാമത്തെ പ്രോജക്ടാണു ലോകഃ. തരംഗത്തില്‍ അദ്ദേഹം സംവിധായകന്, ഞാന്‍ അഭിനേത്രി. 2021ല്‍ റിലീസായ ഒബ്ളിവിയന്‍ എന്ന മ്യൂസിക് ആല്‍ബത്തില്‍ ഞാന്‍ റൈറ്റര്‍, ഡൊമിനിക് ഡയറക്ടര്‍. ഒബ്ളിവിയന്‍ പൂര്‍ത്തിയായപ്പോള്‍ ഡൊമിനിക് ലോകഃയുടെ കഥപറഞ്ഞു.
ഡൊമിനിക്കും സിനിമാറ്റോഗ്രഫർ നിമിഷും ഞാനും ഇതിലെ ക്രിയേറ്റീവ് ടീമിന്റെ ഭാഗമായ ജിതിന് പുത്തഞ്ചേരിയും കൂടിയുള്ള ചര്‍ച്ചകളില്‍ പടത്തിന്റെ സ്കെയില്‍ വലുതായി. തുടര്‍ന്നാണ് ദുല്‍ഖറിന്റെ വേഫറിലേക്ക് ഇതെത്തിയതും അവര്‍ നിര്‍മാണത്തിനു സന്നദ്ധമായതും.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര പറയുന്നത്..?
ലോകഃ സീരീസിലെ ആമുഖ ചിത്രമാണു ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ദേ ലിവ് എമങ്ങ് അസ് എന്നതാണു പടത്തിന്റെ ടാഗ് ലൈന്‍. നമ്മളറിയാതെ നമ്മുടെ കൂടെത്തന്നെ ഒരു ഷാഡോ വേള്‍ഡ് നിലനില്‍ക്കുന്നുണ്ട്. അവിടെ സൂപ്പര്‍ നാച്വറല്‍ പവറുള്ള കുറേ ജീവികളും നമുക്കൊപ്പമുണ്ട്. അതാണു കഥാസാരം. കല്യാണി പ്രിയദര്‍ശന്റെ ലീഡ് ടൈറ്റില്‍ കഥാപാത്രം ചന്ദ്രയ്ക്കു സൂപ്പര്‍ നാച്വറല്‍ കഴിവുകളുണ്ട്.
നസ്ലെന്, ചന്തു, അരുണ്‍ കുര്യന് ഇവരുടെ കഥാപാത്രങ്ങളാണ് ഇതിലെ നോര്‍മല്‍ മനുഷ്യര്‍. സാന്‍ഡി മാസ്റ്റര്‍, വിജയരാഘവന്, നിഷാന്ത് സാഗര്‍ തുടങ്ങിയവർ മറ്റു വേഷങ്ങളില്‍. ഇതില്‍ ആക്ഷനും ത്രില്ലിംഗ് ചേരുവകളും നര്‍മവുമുണ്ട്. ബിഗ്സ്ക്രീന്‍ അനുഭവം മുന്‍നിര്‍ത്തിയാണ് ഇതിലെ ദൃശ്യ, ശബ്ദ രൂപകല്പന. ഫാന്റസി ലോകത്തിനു ദൃശ്യഭാഷയൊരുക്കിയതില് പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍, ആര്‍ട്ട് ഡയറക്ടര്‍ ജിത്തു സെബാസ്റ്റ്യന്‍, കാമറാമാന് നിമിഷ് എന്നിവരുടെ വൈഭവം പ്രധാനമായിരുന്നു.
തിരക്കഥയെഴുത്തും പ്ലാനിലുണ്ടായിരുന്നോ..?
കുട്ടിക്കാലംതൊട്ടേ എഴുതുന്നയാളാണു ഞാന്‍. അഞ്ചു വയസുമുതല്‍ ചിത്രരചനാപരിശീലനത്തിനു കൊച്ചി കേരള കലാപീഠില് പോകുമായിരുന്നു. അവിടത്തെ കലാകാരന്മാരിലൂടെ കലയും സംസ്കാരവുമെല്ലാം അനുഭവിച്ചറിയാനുള്ള ഭാഗ്യം അക്കാലത്തേയുണ്ടായി.
ആ ജീവിതപരിസരങ്ങള്‍ എന്നില്‍ രൂപപ്പെടുത്തിയ സര്‍ഗവാസനയുടെ പ്രകാശനങ്ങള്‍ ചിലപ്പോള്‍ അഭിനയത്തിലൂടെയാവും. ചിലപ്പോള്‍ അത് എഴുത്തിലൂടെയും മറ്റു ചിലപ്പോള്‍ സിനിമയുടെ പിന്നണിപ്രവര്ത്തനങ്ങളിലൂടെയുമാവാം. ഇതൊന്നും ഞാന്‍ കാര്യമായി പ്ലാന്‍ ചെയ്തിട്ടില്ല. ലോകഃയില്‍ ഒന്നിച്ചു വര്‍ക്ക് ചെയ്യാന്‍ ഡൊമിനിക് വിളിക്കുകയായിരുന്നു. കേരള സംസ്കൃതിയില്‍ വേരൂന്നിയതാണ് ഇതിന്റെ സ്റ്റോറിലൈന്‍. അതില്‍നിന്ന് ഒരു സൂപ്പര്‍ഹീറോ ലോകം സൃഷ്ടിക്കുക എന്നത് ആവേശജനകമായിരുന്നു.
നാടകം എഴുതാനും അവതരിപ്പിക്കാനുമുള്ള സിദ്ധാന്തങ്ങളും രീതികളും പഠിക്കുന്ന ശാസ്ത്രമാണ് ഡ്രാമറ്റര്‍ജി. നാടകത്തില്‍ മാത്രമല്ല ഡാന്‍സിലും സിനിമയിലുമൊക്കെ അതിനു സാധ്യതകളുണ്ട്. ലോകഃ യിലെ ഫാന്റസി ലോകം രൂപകല്പന, കഥപറച്ചില്‍രീതി രൂപപ്പെടുത്തല്‍, ഇതിന്റെ ആര്‍ട്ട്, കാരക്ടര്‍, കോസ്റ്റ്യൂം, കള്‍ച്ചര്‍ ഡീറ്റയിലിംഗ്...അതിലൊക്കെ ഡ്രാമറ്റര്ജിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി. കേരളത്തിലും ബംഗളൂരിലുമായി ലൈവ് ലൊക്കേഷനിലും സ്റ്റുഡിയോയിലും ചിത്രീകരണം. ലോകഃ സീരിസിന്റെ മൊത്തത്തിലുള്ള മിഥോളജി സംബന്ധിച്ച ഗവേഷണങ്ങളിലും ഡൊമിനിക്കിനൊപ്പം പങ്കാളിയായി.
വീണ്ടും നാടകാഭിനയം..?
എ വെരി നോര്‍മല്‍ ഫാമിലി ആയിരുന്നു റോഷനുമൊത്ത് ഞാന്‍ മുമ്പു ചെയ്ത നാടകം, 2019ല്‍. കഴിഞ്ഞ വര്‍ഷം ബൈ ബൈ ബൈപാസിന്റെ കഥ റോഷന് പങ്കുവച്ചപ്പോള്‍ ഞങ്ങളെല്ലാം വീണ്ടും ആവേശത്തിലായി. ഏറെ നാളുകള്‍ക്കു ശേഷം സ്റ്റേജിലേക്കു തിരിച്ചുചെല്ലുകയാണ്. ദര്‍ശന, റോഷന്, രാജേഷ് മാധവൻ...ഇന്ഡസ്ട്രിയിലെ ആക്ടേഴ്സും 9-5 ജോലിയുള്ളവരുമാണ് ഇതിലെ അഭിനേതാക്കൾ. ഞങ്ങളെല്ലാവരും സുഹൃത്തുക്കളുമാണ്.
നാലു പിള്ളേരുടെ കഥയാണത്. ഒരു ബൈപാസ് വരുമ്പോള്‍ അവരുടെ വീട് നഷ്ടപ്പെടാന്‍ പോവുകയാണ്. ആ വീടിനോട് അവര്‍ക്കു വലിയ ആത്മബന്ധമുണ്ട്. ഇതില്‍ മൂന്നുപേര്‍ കസിന്സും ഒരാള്‍ അവരുടെ അയല്‍വാസിയുമാണ്. ഒരോ വര്‍ഷവും ഇവര്‍ സമ്മര്‍ വെക്കേഷനു കൂടുമ്പോള്‍ ആ വീട് പോയാലോ എന്ന ആശങ്കയെ എങ്ങനെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്,
വീടു സംരക്ഷിക്കാന്‍ അവര്‍ എന്തു ചെയ്യുന്നു... ഇതൊക്കെയാണു കഥ. ഇതില്‍ ഒരു കുട്ടിയുടെ അമ്മ, ഈ കുട്ടികളുടെ ഗ്രേറ്റ് ഗ്രാന്‍ഡ് മദര്‍ എന്നീ വേഷങ്ങളാണ് എനിക്ക്. ആദ്യത്തേതു ശോഭ.. വളരെ സൗമ്യമായി സ്നേഹത്തോടെ പെരുമാറുന്ന ഒരമ്മ. മറ്റേതു പാറയില്‍ തെയ്യാമ്മ എന്ന റഫ് ആന്‍ഡ് ടഫ് കഥാപാത്രം.
റോഷന് ഞങ്ങളോട് ചില സന്ദർഭങ്ങളാണു പറഞ്ഞത്. ആക്ടേഴ്സ് പല ഗ്രൂപ്പുകളായി തിരിഞ്ഞ് അവയെ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി സംഭാഷണങ്ങളാക്കി. അവയിൽ യോജ്യമായതെടുത്ത് റോഷനും ഫ്രാന്‍സിസും ശ്രുതി രാമചന്ദ്രനും കൂടി നാടകത്തിന്റെ കഥപറച്ചില്‍ രൂപത്തിലേക്ക് എത്തിച്ചു. ഇതിന്റെ ഒമ്പതാമത്തെയും പത്താമത്തെയും ഷോസാണ് കൊച്ചി ജെ. റ്റി. പാക്കിൽ സെപ്റ്റംബര്‍ ആറിനും ഏഴിനും. പിന്നത്തെയാഴ്ച ബംഗളൂരുവിൽ. ഒരോ ഷോയും മുന്നേ ചെയ്തതിന്റെ തനിപ്പകര്‍പ്പല്ല എന്നതാണ് ഇതിലെ മറ്റൊരാവേശം.
സംഭവവിവരണം നാലരസംഘം പറയുന്നത്..?
സംഭവവിവരണം നാലരസംഘം (ദ ക്രോണിക്കിൾസ് ഓഫ് ദ 4.5 ഗ്യാങ്) ഗ്യാങ്സ്റ്റര്‍ കോമഡിയാണ്. അഞ്ചു കഥാപാത്രങ്ങളാണ് ഈ നാലരസംഘത്തില്. ഇവരെയെല്ലാം ചെറുപ്പം മുതല്‍ മധ്യവയസുവരെ ഇതില്‍ കാണാം. അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കുറേ കാര്യങ്ങള്‍ നര്‍മത്തിൽ പറയുന്നു. ജഗദീഷ്, ഇന്ദ്രന്‍സ് തുടങ്ങിയ സീനിയേഴ്സും പുതിയ ആക്ടേഴ്സുമെല്ലാം ചേര്‍ന്ന കാസ്റ്റിംഗ്. ബ്ലാക്ക് ഹ്യൂമറാണ് ഇതിന്റെ ഭാഷ. ഏറെ കളര്‍ഫുള്‍ കാഴ്ചകളാണ്. സംഭവബഹുലമായ ഒരു സീരീസ്. കിങ്ങിണി-അതാണ് എന്റെ കഥാപാത്രം. ആ പേര് എനിക്ക് ഏറെ ഇഷ്ടമായി. ക്രിഷാന്ത് എന്ന ഫിലിംമേക്കറിന്റെ വേള്ഡിലെത്തിയതിൽ സന്തോഷം. ഒരു സീനിലോ കഥാപാത്രസ്വഭാവത്തിലോ നമുക്കു ചേർക്കണമെന്നു തോന്നുന്ന കൃത്യമായ ആശയങ്ങള്‍ക്ക് അവിടെ ഇടമുണ്ടാവും.
നാടകം, എഴുത്ത്, സിനിമ... കൂടുതല്‍ ഇഷ്ടം..?