ADVERTISEMENT
തൃശൂർ: പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. വിപിൻ വിൽസൺ ആണ് അറസ്റ്റിലായത്. വിപിനെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നു.
വ്യാജ വോട്ടർ പട്ടിക വിവാദത്തിൽ ചൊവ്വാഴ്ച സുരേഷ് ഗോപിയുടെ ചേറൂറിലെ എംപി ഓഫീസിലേക്കാണ് സിപിഎം പ്രതിഷേധ മാർച്ച് നടത്തിയത്. ചേറൂർ പള്ളിമൂല സെന്ററിൽ നിന്നു പ്രകടനമായാണു പ്രവർത്തകർ എത്തിയത്. തുടർന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസ് ബോർഡിൽ പ്രതിഷേധക്കാർ കരിഓയിൽ ഒഴിച്ചത്. തുടർന്ന് ബോർഡിൽ ചെരുപ്പുമാലയിടുകയും ചെയ്തു.
ചൊവ്വാഴ്ചയുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ അൻപതോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും മൂന്ന് സിപിഎം പ്രവർത്തകര്‍ക്കും പരിക്കേറ്റിരുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ ഓഫീസിനു നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം.
Tags : Suresh Gopi Protest CPIM