ADVERTISEMENT
കണ്ണൂർ: ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെ എ ഗ്രൂപ്പ് നേതാക്കൾ പാലക്കാട്ട് യോഗം ചേർന്നതിന്റെ വിവരങ്ങൾ അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടനയെടുത്തത് ഉചിതമായ തീരുമാനമാണെന്നും പാലക്കാട്ട് എംഎൽഎ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ ഭവന സന്ദർശന പരിപാടിക്കിടെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.
ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്റെ വീട്ടിലായിരുന്നു എ ഗ്രൂപ്പ് നേതാക്കൾ യോഗം ചേർന്നത്. രാഹുൽ മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ തിരിച്ചടിയാകുമെന്നാണ് യോഗം വിലയിരുത്തിയത്. ഇതോടെ, അദ്ദേഹത്തെ പാലക്കാട്ട് വീണ്ടും എത്തിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായാണ് സൂചന.
വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം.
Tags : Palakkad Congress Sunny Joseph