ADVERTISEMENT
കോതമംഗലം: ടിടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘം ശേഖരിക്കും. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കളമശേരി മെഡിക്കൽ കോളജിൽ എത്തി വിവരങ്ങൾ തേടും.
പെൺകുട്ടിക്ക് ആൺസുഹൃത്തായ റമീസിൽ നിന്ന് മർദനമേറ്റെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് അടി ഏറ്റതായും ചുണ്ടുകൾക്ക് പരിക്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതുൾപ്പെടെയുള്ള കാര്യങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നതോടെ വ്യക്തമാകും.
സംഭവത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം, വിവാഹ വാഗ്ദാനം നൽകി പീഡനം, ശാരീരിക പീഡനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽ പറമ്പിൽ റമീസിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
റിമാൻഡിലായ റമീസിന്റെ കസ്റ്റഡി അപേക്ഷ അടുത്തദിവസം പോലീസ് കോടതിയിൽ സമർപ്പിക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.
കൂടാതെ, റമീസിന്റെ മാതാപിതാക്കളെ ഇന്ന് ചോദ്യംചെയ്യും. ഇരുവരെയും കേസിൽ പ്രതികളാക്കാൻ സാധ്യതയുണ്ട്. ഇവർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയേക്കും. പെൺകുട്ടിയുടെ കൂടുതൽ ബന്ധുക്കൾ സുഹൃത്തുക്കൾ എന്നിവരിൽ നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തും. അതേസമയം, റമീസിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് ആലോചനയിലില്ലെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണ് കോതമംഗലം സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണു ആത്മഹത്യാപ്രേരണയ്ക്കും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും ശാരീരിക പീഡനത്തിനും കേസെടുത്തത്. റെമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന ആരോപണം ആത്മഹത്യാക്കുറിപ്പിലുണ്ട്.
ആത്മഹത്യാക്കുറിപ്പിനു പുറമെ യുവാവിനും വീട്ടുകാർക്കുമെതിരേ ഗുരുതര ആരോപണമാണു വിദ്യാർഥിനിയുടെ കുടുംബം ഉന്നയിക്കുന്നത്. വിവാഹം ചെയ്യണമെങ്കിൽ മതം മാറണമെന്നു റെമീസും കുടുംബവും നിർബന്ധിച്ചെന്നും ക്രൂരമായി മർദിച്ചെന്നുമാണ് ആരോപണം. സഹികെട്ടു മതംമാറ്റത്തിനു സമ്മതിച്ച യുവതിയോട് പിന്നെയും ക്രൂരത തുടർന്നെന്നും ആരോപണമുണ്ട്.
Tags : Kothamangalam Student Death