ADVERTISEMENT
ഇന്ന് (ഇന്ത്യൻ സമയം) അർധരാത്രി കഴിയുമ്പോൾ അലാസ്കയിൽ രണ്ടുപേർ തമ്മിൽ നടക്കുന്ന ചർച്ച ഇന്ത്യക്കു നിർണായകം. ആ ചർച്ചയിൽ ഇന്ത്യ വിഷയമല്ല. പക്ഷേ, ചർച്ചയുടെ ജയപരാജയങ്ങൾ ഇന്ത്യയുടെ സമീപഭാവിയിലെ സാമ്പത്തിക- നയതന്ത്ര ചലനങ്ങളെ നിയന്ത്രിക്കും.
യുക്രെയ്നിൽ മൂന്നര വർഷം പിന്നിട്ട റഷ്യൻ ആക്രമണം അവസാനിപ്പിക്കാനാണു ചർച്ച. പക്ഷേ ചർച്ചയുടെ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും. പരാജയം ട്രംപിന്റെ തീരുവ ആക്രമണം രൂക്ഷമാക്കും. അത് ഇന്ത്യക്കു ചെറുതല്ലാത്ത ദുരിതമുണ്ടാക്കും.
ഇന്നത്തെ ചർച്ചയിൽ രണ്ടുപേർ മാത്രം - അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും. യുക്രെയ്ന്റെ ഭാവിയും അതിർത്തിയും തീരുമാനിക്കാവുന്ന ചർച്ചയിൽ അവിടത്തെ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പങ്കാളിയല്ല.
മൂവരുടെയും പേരിന് (ഡോണൾഡ്, വ്ലാദിമിർ, വൊളോഡിമിർ) ഒരേ അർഥമാണ്. ലോകത്തിന്റെ അധികാരി അഥവാ തലവൻ എന്ന്. ആരാണ് ആ പേരിനു ശരിക്കും അർഹനെന്നു നാളെ അറിയാനായേക്കും. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പുടിന്റെ പ്രത്യേക ദൂതൻ കിരിൽ ദിമിത്രിയേവും ചർച്ചയിലുണ്ടാകും.
അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള യുഎസ് സേനാ താവളമായ എൽമെൻഡോർഫ് - റിച്ചാർഡ്സണിലാണു ചർച്ച. ശീതയുദ്ധകാലത്തും ഇന്നും റഷ്യയുടെ വടക്കുകിഴക്കൻ തീരം നിരീക്ഷിക്കാനുള്ള സന്നാഹം ഇവിടെയാണ്. 72 ലക്ഷം ഡോളർ നൽകി 1867ൽ റഷ്യൻ ചക്രവർത്തി അലക്സാണ്ടർ രണ്ടാമനാണ് അലാസ്ക അമേരിക്കയ്ക്കു കൈമാറിയത്.
ട്രംപിനെന്ത് അധികാരം?
സമാധാന ചർച്ചകളിൽ വിട്ടുവീഴ്ച സാധാരണം. ഇവിടെ യുക്രെയ്നു പ്രാതിനിധ്യമില്ലാതെ അതിർത്തി മാറ്റിവരയ്ക്കാൻ ട്രംപ് സമ്മതിച്ചാൽ അതു സെലൻസ്കിയും യുക്രെയ്ൻ ജനതയും സമ്മതിക്കുമോ എന്നതു വലിയ ചോദ്യമാണ്. പക്ഷേ ട്രംപ് അതു കാര്യമാക്കില്ല. താൻ പറഞ്ഞതു കേട്ടില്ലെങ്കിൽ നിങ്ങൾ സ്വന്തം പണംകൊണ്ടു യുദ്ധം ചെയ്യാൻ ട്രംപ് പറയും; അത്രമാത്രം.
പക്ഷേ അധികാരമേറ്റപ്പോൾ ഉണ്ടായിരുന്ന അമിത ആത്മവിശ്വാസം ഇപ്പോൾ ട്രംപിനില്ല. അതുകൊണ്ടാണ് “രണ്ടു മിനിറ്റു കൊണ്ട് പുടിന്റെ മനസ് താൻ മനസിലാക്കും” എന്നും കാര്യം നടന്നില്ലെങ്കിൽ റഷ്യക്കു കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞത്.
ഇന്ത്യക്കു ഭീഷണി
ചർച്ചയിൽ ഒരുവിധത്തിലും കക്ഷിയല്ലാത്ത ഇന്ത്യയെ ഈ വിഷയം ഉപയോഗിച്ചു ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ചർച്ച വിജയിച്ചില്ലെങ്കിൽ ഇന്ത്യയും മറ്റും കൂടുതൽ പിഴച്ചുങ്കവും ഉപരോധവും നേരിടേണ്ടിവരും എന്നാണു ട്രംപ് പറയുന്നത്. തന്റെ സമാധാന നിർദേശങ്ങൾ സ്വീകരിക്കാൻ റഷയുടെമേൽ ഇന്ത്യ സമ്മർദം ചെലുത്തണമെന്നാണു ട്രംപ് ഉദ്ദേശിക്കുന്നത്.
ഇന്ത്യക്കു കൂടുതൽ പിഴച്ചുങ്കം ചുമത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും ഭീഷണി മുഴക്കി. 50 ശതമാനമെന്ന ഞെരുക്കുന്ന തീരുവയിൽനിന്നു നൂറു ശതമാനം നിരക്കിലേക്കും മറ്റും എത്തിയാൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ഇല്ലാതാകും. യൂറോപ്യൻ രാജ്യങ്ങളെയും പുതിയ നീക്കത്തിൽ പങ്കാളികളാകാൻ അമേരിക്ക ആഹ്വാനം ചെയ്തു. ഉപരോധങ്ങൾ ഏതു തരം എന്നു ബെസന്റ് പറഞ്ഞിട്ടില്ല. ഇന്ത്യൻ സാമ്പത്തികവളർച്ച തടയാൻ തക്ക നടപടികളായി അതു മാറുമോയെന്നു ഭീതിയുണ്ട്. ട്രംപ് ഭരണകൂടം എതിർപ്പിലായാൽ അമേരിക്കയിൽനിന്നും മറ്റുമുള്ള മൂലധനവരവും തടസപ്പെടാം.
വിജയിക്കണമെന്ന് ഇന്ത്യൻ പ്രാർഥന
ട്രംപ് - പുടിൻ ചർച്ച ധാരണയിലേക്കു നീങ്ങിയാൽ ഇന്ത്യയുടെമേൽനിന്ന് 25 ശതമാനം പിഴച്ചുങ്കം മാറാം. അതുകൊണ്ടാണു ചർച്ച വിജയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നത്.
ട്രംപ് ഇന്ത്യയുമായി സൗഹൃദം തുടരുന്നില്ലെങ്കിൽ മറ്റു ശക്തികളുമായി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തീവ്രശ്രമം നടത്തുന്നുണ്ട്. അടുത്തദിവസം ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലും ഇന്ത്യൻ വിദേശകാര്യമന്ത്രി റഷ്യയിലും എത്തും. ചൈനയിലേക്കു നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നതും ചൈനക്കാർക്കുണ്ടായിരുന്ന വീസവിലക്കു നീക്കിയതും ഇതിന്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടാംവാരത്തിൽ യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്രംപിനെ കാണാനും ഉദ്ദേശിക്കുന്നുണ്ട്. എല്ലാം ഇന്നു രാത്രിയിലെ ചർച്ചയെ ആശ്രയിച്ചിരിക്കുന്നു.
മ്യൂണിക് സന്ധി എന്ന ദുരന്തം
രണ്ടാം ലോകയുദ്ധത്തിനുമുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി നെവിൽ ചേംബർലെയ്ൻ മ്യൂണിക്കിലെത്തി ജർമൻ സർവാധിപതി അഡോൾഫ് ഹിറ്റ്ലറെ കണ്ടു ചർച്ച നടത്തി. ജർമനിക്കു ചെക്കോസ്ലോവാക്യയിലെ സുഡേറ്റൻലാൻഡ് (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കൈവശമാക്കാനുള്ള ഹിറ്റ്ലറുടെ ആവശ്യം അംഗീകരിച്ചാണു ചേംബർലെയ്ൻ മടങ്ങിയത്. ഇനി ബ്രിട്ടനു ഭയം വേണ്ട, യൂറോപ്പ് സമാധാനത്തിലാകുമെന്ന് അദ്ദേഹം ജനങ്ങളോടു പറഞ്ഞു. പക്ഷേ ഹിറ്റ്ലറുടെ വിനാശകരമായ പടയോട്ടം തുടങ്ങാനുള്ള അനുമതിയായി മ്യൂണിക് സന്ധി മാറിയതു ചരിത്രം. അലാസ്കാ ചർച്ചയുടെ പശ്ചാത്തലത്തിൽ മൂണിക് സന്ധിയെപ്പറ്റി പലരും ഭീതിയോടെ ഓർമിക്കുന്നു.
ട്രംപിനു കാരണങ്ങൾ നാല്
►യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഉത്സാഹിക്കുന്നതിനു പിന്നിൽ നാലു കാരണങ്ങളുണ്ട്.
ഒന്ന്: ‘സമാധാനത്തിന്റെ പ്രസിഡന്റ്’ എന്നറിയപ്പെടുക. അതുവഴി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടുക.
►രണ്ട്: യുക്രെയ്നുവേണ്ടി അമേരിക്ക മുടക്കേണ്ട പണം ലാഭിക്കുക. മൂന്നു വർഷം കൊണ്ട് 18,500 കോടി ഡോളർ (16.09 ലക്ഷം കോടി രൂപ) അമേരിക്ക മുടക്കി (35,000 കോടി ഡോളർ ചെലവായി എന്നു ട്രംപ് പറഞ്ഞത് ശരിയല്ലെന്നാണു കണക്കുകൾ).
►മൂന്ന്: ചർച്ച വിജയിച്ചാൽ യൂറോപ്പിന്റെ സുരക്ഷയ്ക്കുള്ള നാറ്റോ സഖ്യ ക്രമീകരണം പൊളിച്ചെഴുതുക. “നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണം ചെയ്യും” എന്നാണു കഴിഞ്ഞദിവസം യൂറോപ്യൻ നേതാക്കളുമായുള്ള ഡിജിറ്റൽ കോൺഫറൻസിൽ ട്രംപ് വാഗ്ദാനം ചെയ്തത്.
►നാല്: യുക്രെയ്നിലുള്ള അപൂർവ ധാതുക്കളുടെ ഖനനാവകാശം അമേരിക്കയ്ക്കു (അമേരിക്കൻ കമ്പനികൾക്ക്) നേടിക്കൊടുക്കുക.
പുടിന്റെ നാലു ലക്ഷ്യങ്ങൾ
പുടിന് അലാസ്കാ ചർച്ചയിലുള്ള പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്.
►ഒന്ന്: അന്താരാഷ്ട്ര അംഗീകാരം തിരിച്ചുകിട്ടുക. യുദ്ധം തുടങ്ങിയതു മുതൽ പുടിനെ പാശ്ചാത്യർ ഒറ്റപ്പെടുത്തിയിരുന്നു. മുന്പ് എല്ലാ പ്രധാന വേദികളിലും ഉണ്ടായിരുന്ന ഇരിപ്പിടം ഇല്ലാതായത് പുടിനു വലിയ നഷ്ടബോധമുണ്ടാക്കി.
►രണ്ട്: യുക്രെയ്നിൽ റഷ്യ ഭാഗികമായി പിടിച്ച നാലു പ്രവിശ്യകൾ (ഡോണെട്സ്ക്, ലുഹാൻസ്ക്, സപ്പോറിഷ്യ, ഖേർസൺ) മുഴുവനായും റഷ്യയിലേക്കു ചേർക്കുക. പിടിച്ചുനിന്ന ഭാഗങ്ങളിൽനിന്നു യുക്രെയ്ൻ സേന പിന്മാറുക. അങ്ങനെ റഷ്യയെ അക്ഷരാർഥത്തിൽ വലുതാക്കി എന്നു ചരിത്രത്തിൽ തന്റെ പേരിനൊപ്പം ചേർക്കുക. 1945നുശേഷം ആദ്യമായി ഒരു യുദ്ധത്തിൽ റഷ്യ ജയിച്ചു എന്നു വരുത്തുക.
►മൂന്ന്: അമേരിക്കയുമായി നല്ല ബന്ധം പുനഃസ്ഥാപിച്ചു റഷ്യയിലേക്ക് മൂലധനം വരുത്തുക. ദുർബലമായ റഷ്യൻ സമ്പദ്ഘടനയെ വളർത്താൻ യുദ്ധത്തിന്റെ അന്ത്യം സഹായിക്കും.
►നാല്: സോവ്യറ്റ് യൂണിയനിൽനിന്നു വിട്ടുപോയ യുക്രെയ്ൻ യൂറോപ്യൻ യൂണിയനിലും നാറ്റോ സൈനിക സഖ്യത്തിലും ചേരാൻ ശ്രമിച്ചതിന്റെ പേരിലാണു റഷ്യ യുദ്ധമാരംഭിച്ചത്. യുക്രെയ്നെ അവയിൽനിന്നു പിന്തിരിപ്പിക്കണം.
Tags : ukrain russia america india trump pudin war russiaukrainwar