ADVERTISEMENT
തൃശൂർ: നഗരമധ്യത്തിലെ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി. മുദ്രാവാക്യം മുഴക്കി റോഡിൽ കുത്തിയിരുന്നും കിടന്നും പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് പിടിച്ചുമാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനു വഴിയൊരുക്കി.
പിന്നാലെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പിന്നാലെ പ്രതിഷേധിച്ച ബിജെപി കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തൃശൂർ എംജി റോഡിൽ ഇന്നുരാവിലെ എട്ടുമണിയോടെയായിരുന്നു ദാരുണമായ അപകടമുണ്ടായത്. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ച യാത്രക്കാരന്റെ മേൽ പിന്നാലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന അമ്മയെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തൃശൂർ ഉദയ്നഗർ സ്വദേശി വിഷ്ണുദത്തൻ (22) ആണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റ അമ്മ പത്മിനിയുടെ (60) നില ഗുരുതരമാണ്.
വടക്കുന്നാഥ ക്ഷേത്രദർശനത്തിനായി അമ്മയോടൊപ്പം സ്കൂട്ടറിൽ വരുന്പോഴായിരുന്നു സംഭവം. എംജി റോഡിൽ കോട്ടപ്പുറം പാലത്തിനും പിഎസ്സി ഓഫീസിനും ഇടയിലാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴി കണ്ട് കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ പിറകിലൂടെയെത്തിയ തൃശൂർ - തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന വഴിനടയ്ക്കൽ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് റോഡിലേക്കു വീഴുകയും അതേ ബസ് തന്നെ യുവാവിന്റെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു.
സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. റോഡിൽ തലയിടിച്ചുവീണ അമ്മയെ ഗുരുതരാവസ്ഥയിൽ ഓടിയെത്തിയ നാട്ടുകാരും വെസ്റ്റ് പോലീസും ചേർന്ന് മെഡിക്കൽകോളജിലേക്ക് മാറ്റുകയായിരുന്നു.
Tags : Thrissur Accident BJP Protest