ADVERTISEMENT
വാഷിംഗ്ടൺ ഡിസി: വിദേശരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ മിക്ക തീരുവകളും നിയമവിരുദ്ധമാണെന്ന അപ്പീല്‍ കോടതി വിധിക്കെതിരേ ഡോണൾഡ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചു.
വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായകശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യയ്ക്കുമേല്‍ തീരുവ ചുമത്തിയതെന്നാണ് അപ്പീലില്‍ പറയുന്നത്.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഇന്ത്യക്കെതിരേ അടുത്തിടെ അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് തീരുവ ചുമത്തിയത്. ഇത് യുദ്ധത്താല്‍ തകര്‍ന്ന യുക്രെയ്നില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അപ്പീലില്‍ പറയുന്നു.
തീരുവകളുള്ളതിനാല്‍ അമേരിക്ക ഒരു സമ്പന്നരാഷ്ട്രമാണ്. അല്ലെങ്കില്‍ ഇത് ഒരു ദരിദ്രരാഷ്ട്രമാകുമെന്നും അപ്പീലിലുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ട്രംപിന്റെ തീരുവകള്‍ നിയമവിരുദ്ധമാണെന്ന് വാഷിംഗ്ടണിലെ ഫെഡറല്‍ സര്‍ക്കീറ്റ് അപ്പീല്‍ കോടതി കണ്ടെത്തിയത്.
അന്താരാഷ്ട്ര അടിയന്തര സാമ്പത്തികാധികാര നിയമം ഉപയോഗിച്ച് ട്രംപ് ചുമത്തിയ തീരുവകള്‍ നിയമവിരുദ്ധമാണെന്നായിരുന്നു കോടതി വിധി. ഏഴു ജഡ്ജിമാര്‍ വിധിയെ അനുകൂലിച്ചപ്പോള്‍ നാലുപേര്‍ എതിര്‍ത്തു.
അതിനിടെ നിലവിലെ തീരുവകള്‍ ഒക്ടോബര്‍ 14 വരെ തുടരാന്‍ കോടതി അനുവാദം നല്‍കിയിരുന്നു. ട്രംപ് സര്‍ക്കാരിന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കുന്നതിനുവേണ്ടിയാണ് ഈ സമയം അനുവദിച്ചത്.
Tags : Trump Russia-Ukraine war